പശ്ചിമഘട്ടവും കാലാവസ്ഥാ വ്യതിയാനവും ചർച്ച ചെയ്ത് ശിൽപ്പശാല 
Kerala

'ഭൂമി നമ്മുടേതല്ല, വരും തലമുറകളിൽനിന്ന് കടംകൊണ്ടത്', പശ്ചിമഘട്ടവും കാലാവസ്ഥാ വ്യതിയാനവും ചർച്ച ചെയ്ത് ശിൽപ്പശാല

കേരളത്തിലെ വിവിധ മാധ്യമങ്ങളില്‍ ജോലി ചെയ്യുന്നവരും മാധ്യമ വിദ്യാർഥികളും അടക്കം അമ്പതോളം പേര്‍ വര്‍ക് ഷോപ്പില്‍ പങ്കെടുത്തു.

മുത്തങ്ങ (വയനാട്): ''ഈ ഭൂമി നമ്മുടേതല്ല, വരും തലമുറകളിൽ നിന്നു കടംകൊണ്ടതാണ്'' എന്നോർമിപ്പിച്ചുകൊണ്ട് വയനാട്ടിലെ മുത്തങ്ങയിൽ പരിസ്ഥിതി പ്രവർത്തകരും ഗവേഷകരും മാധ്യമ പ്രവർത്തകരും വിദ്യാർഥികളും ഒത്തുചേർന്നു.

പശ്ചിമഘട്ടത്തിന്‍റെ നശീകരണവും കാലാവസ്ഥാ വ്യതിയാനവും വയനാട് നേരിടുന്ന പാരിസ്ഥിതിക ഭീഷണികളുമെല്ലാം ചർച്ചയാക്കിയ ക്ലൈമറ്റ് ജേര്‍ണലിസം ശിൽപ്പശാലയിൽ നിരവധി പ്രമുഖരാണ് വിശദമായ പഠന റിപ്പോർട്ടുകൾ അവതരിപ്പിച്ചത്.

ട്രാന്‍സിഷന്‍ സറ്റഡീസ്, വയനാട് സോഷ്യല്‍ ഫോറസ്ട്രി ഡിവിഷന്‍, വയനാട് വൈല്‍ഡ് ലൈഫ് ഡിവിഷന്‍ എന്നിവയുടെ സഹകരണത്തോടെ മുത്തങ്ങ വന്യജീവി സങ്കേതത്തിലാണ് ത്രിദിന ക്ലൈമറ്റ് ജേര്‍ണലിസം വർക്‌ഷോപ്പ് സംഘടിപ്പിച്ചത്. ആർ. കീര്‍ത്തി ഐഎഫ്എസ് ഉദ്ഘാടനം ചെയ്ത ശിൽപ്പശാലയിൽ പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ആര്‍. രാജഗോപാല്‍, കാലാവസ്ഥാ റിപ്പോര്‍ട്ടിങ്ങും മാധ്യമങ്ങളും എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി. കാലാവസ്ഥാ സംബന്ധിയായ വിഷയങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുമ്പോള്‍ മാധ്യമ പ്രവര്‍ത്തകര്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍, ശാസ്ത്രീയ വിവരങ്ങളെയും ഡാറ്റകളും മനസ്സിലാക്കേണ്ടതിന്‍റെ ആവശ്യകത തുടങ്ങിയ കാര്യങ്ങള്‍ രാജഗോപാല്‍ വിശദീകരിച്ചു.

മുണ്ടക്കൈ ഉരുൾപൊട്ടൽ 16 മണിക്കൂർ മുൻകൂട്ടി പ്രവചിച്ചിരുന്ന ഹ്യൂം സെന്‍റർ ഫൊർ ഇക്കോളജി ആൻഡ് വൈൽഡ്‌ലൈഫ് ബയോളജിയിൽനിന്നുള്ള ഡോ. സി.കെ. വിഷ്ണുദാസ്, ഉരുള്‍പൊട്ടല്‍ മാറ്റി വരയ്ക്കുന്ന ഭൂപടം എന്ന വിഷയത്തില്‍, മാറി വരുന്ന കാലാവസ്ഥയില്‍ പശ്ചിമഘട്ട മേഖല ഉരുള്‍പൊട്ടല്‍ സാധ്യതാ പ്രദേശങ്ങളാവുന്നതിനെ സംബന്ധിച്ച് കഴിഞ്ഞ ഒരു ദശകമായി നടത്തിവരുന്ന പഠനങ്ങൾ വിശദീകരിച്ചു.

ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ പി. ധനേഷ് കുമാര്‍ ഐഎഫ്എസ് കേരളത്തിലെ വനമേഖലയുടെ സവിശേഷതകളെക്കുറിച്ചും അവയുടെ ചരിത്രപരമായ വികാസത്തെക്കുറിച്ചും വിശദീകരിച്ചു.

റിസ്‌ക് അനലിസ്റ്റും യുഎൻഇപി മുന്‍ കണ്‍സള്‍ട്ടനുമായ സാഗര്‍ ധാര കാലാവസ്ഥാ മാറ്റത്തിന്‍റെ ആഗോള-പ്രാദേശിക- സാഹചര്യങ്ങളെയും അവ തമ്മിലുള്ള ബന്ധങ്ങളും വിശദീകരിച്ചു. പശ്ചിമഘട്ടവും നദികളും എന്ന വിഷയം നദീ ഗവേഷകയും Paani.Earthന്‍റെ സഹ സ്ഥാപകയുമായ നിര്‍മല ഗൗഡ അവതരിപ്പിച്ചു.

കുസാറ്റിലെ അറ്റ്മോസ്ഫറിക് സയൻസസ് വിഭാഗ‌ത്തിൽ അസോസിയേറ്റ് പ്രൊഫസറായ ഡോ. എസ്. അഭിലാഷ്, കേരളം കാലാവസ്ഥാ ദുര്‍ബല പ്രദേശമായി മാറിക്കൊണ്ടിരിക്കുന്നതിന്‍റെ കാരണങ്ങളെ സംബന്ധിച്ചും അവയുടെ ആഘാത ലഘൂകരണത്തിനായി സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചും പ്രദേശിക തലം മുതൽ സംസ്ഥാന തലം വരെ ജനങ്ങളും ഔദ്യോഗിക സംവിധാനങ്ങളും ഒരുപോലെ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ടതിന്‍റെ ആവശ്യകതയെ സംബന്ധിച്ചും വിശദീകരിച്ചു.

മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും കേരള മീഡിയ അക്കാഡമി ഡയറക്ടറുമായ കെ. രാജഗോപാല്‍ സംസാരിച്ചു. കഴിഞ്ഞ നാല് ദശാബ്ദക്കാലയളവില്‍ കേരളത്തില്‍ ഉയര്‍ന്നുവന്ന പാരിസ്ഥിതിക വെല്ലുവിളികള്‍ അവയോട് മാധ്യമങ്ങള്‍ സ്വീകരിച്ച സമീപനങ്ങള്‍, മാറിവരുന്ന സാഹചര്യത്തില്‍ സ്വീകരിക്കേണ്ട നടപടികള്‍ എന്നിവയിൽ വിശദമായി സംസാരിച്ചു. വര്‍ക്ക് ഷോപ്പില്‍ അതിഥിയായെത്തിയ ശ്രീധര്‍ രാധാകൃഷ്ണന്‍ പ്രതിനിധികളുമായി സംവദിച്ചു.

കൂടാതെ വനം വകുപ്പിലെ കൺസർവേഷൻ ബയോളജിസ്റ്റ് ഒ. വിഷ്ണു ഇക്കോ സെന്‍സിസിറ്റീവ് ഏരിയയും ഇക്കോ സെൻസിറ്റീവ് സോണും തമ്മിലുള്ള വ്യത്യാസങ്ങൾ വിശദീകരിച്ചു.

എം.കെ. രാംദാസ്, കെ. സഹദേവന്‍, ഡോ. സ്മിത പി. കുമാര്‍, അശോകന്‍ നമ്പഴിക്കാട്, ഡോ. കെ.ആര്‍. അജിതന്‍, നീതു ദാസ്, കെ. സജിമോന്‍ എന്നിവര്‍ വിവിധ സെഷനുകള്‍ കോഓര്‍ഡിനേറ്റ് ചെയ്തു. വനം വകുപ്പ് ഉദ്യോഗസ്ഥരായ ഹരിലാല്‍, അജിത് രാമന്‍, സജ്‌ന, ഇംതിയാസ്, ജോസ് മാത്യു, രഞ്ജിത്ത് എന്നിവര്‍ എന്നിവര്‍ സംസാരിച്ചു. കേരളത്തിലെ വിവിധ മാധ്യമങ്ങളില്‍ ജോലി ചെയ്യുന്നവരും മാധ്യമ വിദ്യാർഥികളും അടക്കം അമ്പതോളം പേര്‍ ശിൽപ്പശാലയിൽ പങ്കെടുത്തു.

കഴുത്തിൽ കയർ കുരുങ്ങി ബൈക്ക് യാത്രക്കാരന്‍ മരിച്ച സംഭവം: കരാറുകാരൻ അറസ്റ്റിൽ

അങ്കണവാടിയില്‍ കുഞ്ഞ് വീണ് പരുക്കേറ്റ സംഭവം: അധ്യാപികയ്ക്കും ഹെല്‍പ്പര്‍ക്കും സസ്‌പെന്‍ഷന്‍

സംസ്ഥാനത്തെ കാറ്ററിങ് യൂണിറ്റുകളില്‍ വ്യാപക പരിശോധന: 10 സ്ഥാപനങ്ങൾ പൂട്ടിച്ചു

ഹെയര്‍ ഡ്രയര്‍ പൊട്ടിത്തെറിച്ച സംഭവത്തിൽ വന്‍ ട്വിസ്റ്റ്; സ്ഫോടനത്തിനു കാരണം ചെറുബോംബ് !!

സ്വര്‍ണവിലയില്‍ കനത്ത ഇടിവ്; ഒറ്റയടിക്ക് 800 രൂപ കുറഞ്ഞു