തിരുവനന്തപുരം: സംസ്ഥാനത്ത് ഹിന്ദു ഐഐഎസ് ഉദ്യോഗസ്ഥരുടെ വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയതിനെ ചൊല്ലി വിവാദം. വ്യവസായ വകുപ്പ് ഡയറക്ടർ കെ. ഗോപാലകൃഷ്ണൻ ഐഎഎസ് അഡ്മിനായുള്ള ഗ്രൂപ്പ് മണിക്കൂറുകൾക്കുള്ളിൽ ഡിലീറ്റ് ചെയ്തു. തന്‍റെ ഫോൺ ഹാക്ക് ചെയ്തതാണെന്നും സൈബർ പൊലീസിൽ പരാതി നൽകിയെന്നും ഗോപാലകൃഷ്ണൻ വ്യക്തമാക്കി.
കഴിഞ്ഞ ദിവസമാണ് ഐഎഎസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി വാട്സ് ആപ് ഗ്രൂപ്പുണ്ടാക്കിയത്. ഗോപാലകൃഷ്ണൻ ഐഎഎസ് അഡ്മിൻ. ഗ്രൂപ്പിന്‍റെ പേര് മല്ലു ഹിന്ദു ഓഫീസേഴ്സ്.
സർവ്വീസിലെ മുതിർന്ന ഉദ്യോഗസ്ഥർ അടക്കം അംഗങ്ങൾ. ഗ്രൂപ്പിൽ ചേർക്കപ്പെട്ട ഉദ്യോഗസ്ഥരിൽ ചിലർ ഇത്തരമൊരു ഗ്രൂപ്പ് ഉണ്ടാക്കുന്നതിന്‍റെ ആശങ്ക ഗോപാലകൃഷ്ണൻ ഐഎഎസിനെ അറിയിച്ചെന്നാണ് വിവരം. അതിവേഗം ഗ്രൂപ്പ് ഡിലീറ്റായി. അതിന് ശേഷം ഗ്രൂപ്പിൽ അംഗങ്ങളാക്കപ്പെട്ടവർക്ക് ഗോപാലകൃഷ്ണന്‍റെ സന്ദേശമെത്തി.
തന്‍റെ ഫോൺ ആരോ ഹാക്ക് ചെയ്തു. ഫോൺ കോൺടാക്ടിലുള്ളവരെ ചേർത്ത് 11 ഗ്രൂപ്പുകൾ ഉണ്ടാക്കിയെന്നായിരുന്നു സന്ദേശം. മാന്വലി ഗ്രൂപ്പുകളെല്ലാം ഡിലീറ്റ് ചെയ്തെന്നും ഉടൻ ഫോൺ മാറ്റുമെന്നും സഹപ്രവർത്തകർക്ക് അറിയിപ്പ്. തുടർന്ന് ഗോപാലകൃഷ്ണൻ സിറ്റി പൊലീസ് കമ്മീഷണർക്ക് പരാതി നൽകുകയും ചെയ്തിട്ടുണ്ട്.