എറണാകുളം: എഐ ക്യാമറ ഉപയോഗിച്ച് സംസ്ഥാനത്തെ റോഡുകളിലെ കുഴികൾ പരിശോധിച്ചു കൂടേയെന്ന് സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി ആരാഞ്ഞു. ഇക്കാര്യത്തിൽ സർക്കാർ നിലപാടറിയിക്കണമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് ദേവൻ രാമചന്ദ്രന്‍റേതാണ് നിർദേശം.
വിവിധ റോഡുകളിലായി സംസ്ഥാനത്ത് ആകെ 732 ക്യാമറകളാണ് സ്ഥാപിച്ചിട്ടുള്ളതെന്ന് സർക്കാർ അറിയിച്ചു. റോഡുകളിലെ കുഴിയുമായി ബന്ധപ്പെട്ട ഹർജിയിൽ ആണ് നിർദേശം. ഹർജിയിൽ ഈ മാസം 26 ന് നിലപാടറിയിക്കണം എന്നും കോടതി അറിയിച്ചു.
റോഡ് നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിനായി എഐ ക്യാമറകൾ സ്ഥാപിക്കുന്നത് നിരുത്സാഹപ്പെടുത്താനാവില്ലെന്ന് കോടതി നേരത്തെ നിരീക്ഷിച്ചിരുന്നു. ക്യാമറയുടെ ഗുണങ്ങളെയും അഴിമതിയെയും കൂട്ടിയിണക്കേണ്ട ആവശ്യമില്ലെന്നും രണ്ടായി കണ്ടാൽ മതിയെന്നും ഹൈക്കോടതി ബെഞ്ച് വ്യക്തമാക്കിയിരുന്നു.
അപകടങ്ങളും കുറ്റകൃത്യങ്ങളും കുറയ്ക്കാനുള്ള സർക്കാരിന്‍റേയും മോട്ടോർ വാഹന വകുപ്പിന്‍റെയും ശ്രമങ്ങളെ അഭിനന്ദിക്കേണ്ടതാണെന്നും, ക്യാമറ കൊണ്ട് ഉദ്ദേശിക്കുന്ന ഫലപ്രാപ്തിയിൽ പ്രതിപക്ഷത്തിന് പോലും സംശയമില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.