കോതമംഗലം : പിണ്ടിമന പഞ്ചായത്തിലെ വേട്ടാമ്പാറയിൽ കഴിഞ്ഞരാത്രി കാട്ടാനയിറങ്ങി വ്യാപകമായി കൃഷികൾ നശിപ്പിച്ചു. പടിപ്പാറ ഭാഗത്ത് ജനവാസമേഖലയിൽ കറുകപ്പിള്ളിൽ ജോസ് എന്ന കർഷകൻ്റെ വീടിനോട് ചേർന്ന് കിടക്കുന്ന സ്ഥലത്ത് കൃഷി ചെയ്തിരുന്ന മുന്നൂറോളം വിളവെടുക്കാറായ കപ്പയാണ് നശിപ്പിച്ചത്. കപ്പ കൂടാതെ വാഴയും ഇഞ്ചിയും കയ്യാലയുമെല്ലാം നശിപ്പിച്ചിട്ടുണ്ട്.
രാത്രി ശബ്ദംകേട്ട് പുറത്തിറങ്ങിയ ജോസും കുടുംബവും കണ്ടത് തങ്ങളുടെ ഉപജീവനമാർഗം നശിപ്പിക്കുന്ന കാട്ടാനയെയാണ്. ടോർച്ചടിച്ചും ഒച്ചവച്ചും ആനയെ ഓടിക്കാൻ ശ്രമിച്ചപ്പോൾ ആന തിരിച്ചോടിച്ചെന്നും തങ്ങൾ വീട്ടിൽ അഭയം തേടിയെന്നും ജോസ് പറയുന്നു. തുടർന്ന് ഫോസ്റ്റ് ഓഫീസിലേക്ക് വിവരം അറിയിച്ചശേഷം നാട്ടുകാരെ വിളിച്ചു കൂട്ടിയാണ് ആനയെ തുരത്തിയത് . അപ്പോഴെക്കും ആന കൃഷിയെല്ലാം നശിപ്പിച്ചിരുന്നു.
അതേസമയം തന്നെ മറ്റ് ആനക്കൂട്ടങ്ങൾ വേട്ടാമ്പാറയിലെ പല പ്രദേശങ്ങളിലും ഇറങ്ങി കൃഷിനാശം വരുത്തിയതയി പ്രദേശവാസികൾ പറഞ്ഞു. മുണ്ടയ്ക്കൽ ജോസ് തോമസിൻറെയും മറിയേലി തങ്കപ്പൻ്റെയും ധാരാളം ഫലവൃക്ഷങ്ങളും കൃഷിയും ആനകൾ നശിപ്പിക്കുകയുണ്ടായി. പള്ളൂപ്പട്ട സിജോ എന്ന കർഷകൻ്റെ രണ്ടര ഏക്കർ പാട്ടത്തിനെടുത്ത സ്ഥലത്തെ പൈനാപ്പിൾ കൃഷിയിലും ആന കയറി 50000- ളം രൂപയുടെ നാശനഷ്ടം വരുത്തിയിട്ടുണ്ട്. ഏറെ നാളുകളായി ഈ പ്രദേശത്ത് വന്യമൃഗശല്യം രൂക്ഷമാണ്. ഇതുമൂലം കർഷകർക്ക് ജീവിക്കാൻ പറ്റാത്ത സ്ഥിതിയായിരിക്കുകയാണ്.
വന്യമൃഗഗല്യത്തിന് ശാശ്വത പരിഹാരം കാണണമെന്നും കൃഷി നാശത്തിന് അർഹമായ നഷ്ടപരിഹരം നൽകണമെന്നും ജോസ് കറുകപ്പിള്ളി ആവശ്യപ്പെട്ടു. മനുഷ്യൻ്റെ ജീവിക്കാനുള്ള അവകാശം വന്യമൃഗശല്യം മൂലം നിക്ഷേധിക്കപ്പെടുന്നത് തുടർന്നാൽ കർഷകരെ സംഘടിപ്പിച്ച് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് സ്ഥലം സന്ദർശിച്ച വേട്ടാമ്പാറ പള്ളി വികാരി ഫാ. ജോഷി നിരപ്പേൽ പറഞ്ഞു.