സ്വന്തംലേഖകൻ
കൊച്ചി: കരിങ്കൊടിയോടും കറുപ്പിനോടുമുള്ള മുഖ്യമന്ത്രിയുടെ ഭയപ്പാടു മാറുന്നതു വരെ അദ്ദേഹത്തിനെതിരായ യുവമോർച്ചയുടെ സമരം തുടരുമെന്നു സംസ്ഥാന അധ്യക്ഷൻ പ്രഫുൽ കൃഷ്ണ. കറുപ്പുമായി ബന്ധപ്പെട്ട എന്തിനെയും ഭയക്കുന്ന മെലാനോഫോബിയ എന്ന രോഗമാണ് മുഖ്യമന്ത്രിയെ ബാധിച്ചിരിക്കുന്നത്. ക്ലിഫ്ഹൗസിൽ സ്വപ്ന സുരേഷ് കയറിയിറങ്ങുന്ന കാലത്ത് കറുത്ത വസ്ത്രങ്ങളാണ് ധരിച്ചിരുന്നത്. ആ ഓർമയിലാണു മുഖ്യമന്ത്രിയിപ്പോൾ കറുപ്പു നിറത്തെ പേടിക്കുന്നത്.
യുവമോർച്ച ജില്ലാ കമ്മിറ്റിയംഗം വൈഷ്ണവേശിനെ ക്രൂരമായി മർദിച്ച കോഴിക്കോട് നടക്കാവ് സിഐയ്ക്കെതിരേ അച്ചടക്ക നടപടിയെടുത്തു ജോലിയിൽ നിന്നു മാറ്റിനിർത്തി സംഭവത്തെ കുറിച്ചന്വേഷിക്കണം. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു മർദ്ദനം. കർണപുടത്തിന് ഗുരുതരമായി പരിക്കേറ്റ വൈഷ്ണവേശ് മെഡിക്കൽ കോളെജ് ആശുപത്രിയിൽ ചികിത്സയിലാണ്. പൊലീസ് മർദ്ദനത്തെ കുറിച്ച് ദേശീയ മനുഷ്യാവകാശ കമ്മിഷനും പൊലീസ് കംപ്ലെയ്ന്റ് അഥോറിറ്റിക്കും ഡിജിപിയ്ക്കും പരാതി നൽകും. ഗുണ്ടകളെ പോലെ പെരുമാറുന്ന പൊലീസ് ഉദ്യോഗസ്ഥരെ നിലക്ക് നിർത്താൻ സർക്കാർ തയ്യാറായില്ലെങ്കിൽ എങ്ങനെ പ്രതികരിക്കണമെന്ന് യുവമോർച്ചയ്ക്കറിയാം.
സ്വർണക്കടത്ത് കേസിലെ പ്രതി ആകാശ് തില്ലങ്കേരിയുമായി ഡിവൈഎഫ്ഐ കേന്ദ്ര കമ്മിറ്റിയംഗം ഷാജറിന് അഭേദ്യബന്ധമുണ്ടെന്ന ആരോപണം പാർട്ടിക്കകത്തു നിന്നു തന്നെ ഉയർന്നിരിക്കുകയാണ്. പാർട്ടി രഹസ്യങ്ങൾ വരെ ചോർത്തിക്കൊടുക്കുന്ന തരത്തിലുള്ള ബന്ധമാണ് ഇരുവരും തമ്മിലുള്ളത്. ഇത്രയും ഗുരുതര ആരോപണം ഉയർന്നിട്ടും കാര്യക്ഷമമായ അന്വേഷണം നടക്കുന്നില്ല. കേരളത്തിൽ നടക്കുന്ന എല്ലാ അനാശാസ്യപ്രവർത്തനങ്ങളുടെയും ഒരു തലപ്പത്തു ഡിവൈഎഫ്ഐ നേതാക്കളുണ്ട്. ഡിവൈഎഫ്ഐ രാഷ്ട്രീയ സംഘടനയല്ലെന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന ഇതേത്തുടർന്നാണെന്നും പ്രഫുൽ കൃഷ്ണ പറഞ്ഞു.