Ernakulam Medical College 
Local

എറണാകുളം മെഡിക്കൽ കോളേജ് പുതിയ ബ്ലോക്കിന് ഉപകരണങ്ങൾ വാങ്ങാൻ 80 കോടിയുടെ അനുമതി

ഒക്ടോബർ - നവംബറിൽ പുതിയ ബ്ലോക്കും കാൻസർ സെന്ററും പൂർത്തിയാക്കുമെന്ന് മന്ത്രി പി.രാജീവ്

കളമശേരി: എറണാകുളം മെഡിക്കൽ കോളേജ് പുതിയ സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്കിനാവശ്യമായ മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിന് കിഫ്ബി 80 കോടി രൂപ അനുവദിച്ചു. ഒക്‌ടോബറിൽ നിർമ്മാണം പൂര്‍ത്തിയാക്കുന്ന പുതിയ ബ്ലോക്കിലേക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ വാങ്ങുന്നതിനുള്ള നടപടികൾ ഇനി വേഗത്തിലാക്കുമെന്ന് വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. കൊച്ചി കാൻസർ സെന്ററിന് ഉപകരണങ്ങൾ വാങ്ങുന്നതിന് 204 കോടി കഴിഞ്ഞ ദിവസം അനുവദിച്ചിരുന്നു. നേരത്തെ നിശ്ചയിച്ചതു പ്രകാരം ഒക്ടോബർ - നവംബർ മാസങ്ങളിൽ മെഡിക്കൽ കോളേജ് സൂപ്പർ സ്‌പെഷ്യാലിറ്റി ബ്ലോക്ക്, കൊച്ചി കാൻസർ സെന്റർ എന്നിവയുടെ പ്രവർത്തനമാരംഭിക്കാൻ കഴിയുമെന്നും മന്ത്രി പി.രാജീവ് അറിയിച്ചു.

കളമശേരിയിലെ മെഡിക്കല്‍ കോളജിന്റെ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കിലേക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും ഫർണീച്ചറുകളുമുൾപ്പെടെ 223 പശ്ചാത്തല ഉപകരണങ്ങളുടെ പട്ടിക നേരത്തെ തയ്യാറാക്കിയിരുന്നു. നിലവിൽ റണ്ണിംഗ് കരാറുള്ള ഉപകരണങ്ങളും ഇതിൽ ഉൾപ്പെടുന്നു. മെഡിക്കൽ സർവീസസ് കോർപ്പറേഷൻ തയ്യാറാക്കിയ ഡി.പി.ആർ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പും സാങ്കേതിക സമിതിയും പരിശോധിച്ചാണ് അന്തിമമാക്കിയത്. എല്ലാ ഉപകരണങ്ങളും പ്രവർത്തനോദ്ഘാടനത്തിന് മുമ്പായി സ്ഥാപിക്കും.

368.74 കോടി രൂപ ചെലവഴിച്ചാണ് സൂപ്പര്‍ സ്‌പെഷ്യാലിറ്റി ബ്ലോക്ക് നിർമ്മിക്കുന്നത്. 8 നിലകളിലായി 8.27 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് ബ്ലോക്ക് സജ്ജമാകുന്നത്. എറണാകുളം മെഡിക്കൽ കോളേജ്, കൊച്ചി കാൻസർ സെന്റർ നിർമ്മാണവുമായി ബന്ധപ്പെട്ട് സർക്കാർ തലത്തിൽ സ്വീകരിക്കേണ്ട നടപടികൾ പൂർത്തിയാക്കുന്നതിന് സമയക്രമം നിശ്ചയിച്ചിരുന്നു. തിരുവനന്തപുരത്ത് വ്യവസായ മന്ത്രി പി.രാജീവ് ആരോഗ്യ മന്ത്രി വീണ ജോർജ്ജ് എന്നിവരുടെ സാന്നിധ്യത്തിൽ കഴിഞ്ഞ ഏപ്രിലിൽ ചേർന്ന ഉന്നതതല യോഗത്തിലാണ് സമയക്രമം തയ്യാറാക്കിയത്.

നുവാൽസ് മുതൽ കിൻഫ്ര വരെയുള്ള പാത നാലു വരിയാക്കി ഗതാഗത സൗകര്യവും വികസിപ്പിക്കുന്നുണ്ട്. ആശുപത്രിയിലേക്ക് വെള്ളമെത്തിക്കുന്നതിനുള്ള പൈപ്പ് ലൈൻ സ്ഥാപിക്കുന്ന ജോലികൾ വാട്ടർ അതോറിറ്റി സമയബന്ധിതമായി പൂർത്തിയാക്കും. വൈദ്യുതിയെത്തിക്കുന്നതിനായി പ്രത്യേക സബ്സ്റ്റേഷൻ സ്ഥാപിക്കും. സ്ഥല ഉടമസ്ഥത കൈമാറാതെയുള്ള ഉപയോഗാവകാശമാകും കെ.എസ്.ഇ.ബിക്ക് നൽകുക. പുതിയ ബ്ലോക്കിന്റെ സിവില്‍ ജോലികളിൽ ശേഷിക്കുന്നവ അതിവേഗം ശതമാനം പൂര്‍ത്തിയാക്കും. പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുവാന്‍ ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ ഒന്നിടവിട്ട ശനിയാഴ്ച്ചകളില്‍ ബന്ധപ്പെട്ട വകുപ്പുകള്‍, കോണ്‍ട്രാക്ടര്‍മാര്‍, ഇന്‍കല്‍ പ്രതിനിധികള്‍ തുടങ്ങിയവരെ ഉള്‍പ്പെടുത്തി യോഗം ചേർന്നാണ് നിർമ്മാണ പ്രവർത്തനങ്ങൾ വിലയിരുത്തുന്നത്.

ഓരോ ഘട്ടത്തിനും പ്രത്യേകം മേൽനോട്ടം വഹിച്ച് യഥാസമയം ഇടപെട്ടതിനാലാണ് മെഡിക്കൽ കോളേജ് സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കും കാൻസർ സെന്ററും പൂർണ്ണ തോതിൽ പ്രവർത്തന സജ്ജമാക്കാൻ വഴിയൊരുങ്ങിയതെന്ന് മന്ത്രി പി.രാജീവ് പറഞ്ഞു.

നീലേശ്വരം വെടിക്കെട്ട് അപകടം: വധശ്രമത്തിന് കേസെടുത്ത് പൊലീസ്

പാരമ്പര്യമല്ല, ജീവനാണ് പ്രധാനം; ദീപാവലിക്ക് പടക്കം പൊട്ടിക്കരുതെന്ന് ആവർത്തിച്ച് കെജ്‌രിവാൾ

മലപ്പുറത്ത് ഫ്രിഡ്ജ് റിപ്പയറിങ് കടയിൽ പൊട്ടിത്തെറി; ഒരു മരണം

രേണുകസ്വാമി വധക്കേസ്; നടൻ ദർശന് ജാമ‍്യം

സരിൻ ഒരിക്കലും അൻവറിനെ പോലെ ആകില്ല: എം.വി. ഗോവിന്ദൻ