അങ്കമാലി അർബൻ സഹകരണ സംഘം 
Local

അങ്കമാലി സഹകരണ ബാങ്കില്‍ നടന്നത് സംഘടിത തട്ടിപ്പ്

ഭരണസമിതി അംഗങ്ങളുടെ ഉൾപ്പടെ വായ്പ തിരിച്ചടക്കാനാണ് ബാങ്കുമായി ഒരു ബന്ധമില്ലാത്തവരുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വൻതുക വായ്പയെടുത്തത്

കൊച്ചി: അങ്കമാലി അർബൻ സർവീസ് സഹകരണ ബാങ്കിൽ നടന്നത് ഭരണസമിതിയും ജീവനക്കാരും ചേർന്നുള്ള സംഘടിത തട്ടിപ്പെന്ന് സഹകരണ വകുപ്പിന്‍റെ കണ്ടെത്തൽ. ഭരണസമിതി അംഗങ്ങളുടെ ഉൾപ്പടെ വായ്പ തിരിച്ചടക്കാനാണ് ബാങ്കുമായി ഒരു ബന്ധമില്ലാത്തവരുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് വൻതുക വായ്പയെടുത്തത്.

കുറ്റക്കാർക്കെതിരെ പൊലീസ് നടപടിയുമായി മുന്നോട്ട് പോകുന്ന ജില്ലാ സഹകരണ വകുപ്പ് നാല്പത്തിയഞ്ച് ദിവസത്തിനകം താത്കാലിക പ്രശ്നപരിഹാരമുണ്ടാകുമെന്ന് വ്യക്തമാക്കി. 2002 മുതലാണ് അങ്കമാലി അർബൻ സർവീസ് സഹകരണ ബാങ്ക് പ്രവർത്തനം തുടങ്ങുന്നത്. പ്രാദേശിക കോൺഗ്രസ് നേതാവ് ആയിരുന്ന പി.ടി. പോളിന്‍റെ വിശ്വാസ്യതയില്‍ ബാങ്കിലേക്ക് നിക്ഷേപമെത്തുകയായിരുന്നു. തുടര്‍ന്ന് അർഹതരായവർക്കും വേണ്ടപ്പെട്ടവർക്കുമെല്ലാം വായ്പയും നൽകി.

പി.ടി. പോളിന്‍റെ നേതൃത്വത്തിൽ തെരഞ്ഞെടുപ്പില്ലാതെയാണ് ഭരണസമിതി വർഷങ്ങൾ തുടരുന്നത്. എന്നാൽ പോളിന്‍റെ മരണത്തെ തുടർന്ന് സഹകരണ വകുപ്പ് നടത്തിയ അന്വേഷണത്തിലാണ് കോടികളുടെ തട്ടിപ്പ് വിവരങ്ങൾ പുറത്ത് വരുന്നത്.

വ്യാജരേഖയുണ്ടാക്കി വീണ്ടും വായ്പയെടുത്ത തുക കൊണ്ടാണ് ഭരണസമിതി അംഗങ്ങളും ഇവരുമായി ബന്ധപ്പെട്ടവരും എടുത്ത വായ്പ, തിരിച്ചടച്ചതും പുതുക്കി വെച്ചതുമെന്നും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. പ്രാദേശിക കോൺഗ്രസ് നേതാക്കളായ ഭരണസമിതി അംഗങ്ങളുടെ കൈയ്യിൽ പല ആവശ്യങ്ങൾക്കായി നാട്ടുകാർ നൽകിയ തിരിച്ചറിയൽ രേഖകൾ, വ്യാജ രേഖ ഉണ്ടാക്കുന്നതിനായി ഉപയോഗിച്ചു. ശരിയായ വായ്പയാണോ അതോ വ്യാജരേഖ വഴിയുള്ള വായ്പയാണോ എന്നറിയുന്നതിനാണ് ബാങ്ക് രേഖകളിൽ ഉള്ളവർക്ക് നോട്ടീസ് അയക്കുന്നതെന്നാണ് എറണാകുളം ജില്ല സഹകരണ വകുപ്പ് ജോയിന്‍റ് രജിസ്ട്രാർ വിശദീകരിക്കുന്നത്. ബാങ്ക് രേഖകളുടെ പരിശോധന തുടരുകയാണെന്നും ഇത്തരം നോട്ടീസ് കിട്ടുന്നവർ ആശങ്കപ്പെടേണ്ടതില്ലെന്നും ജില്ല സഹകരണ വകുപ്പും വ്യക്തമാക്കുന്നു.

യഥാർത്ഥ വായ്പ തിരിച്ചടവ് മുടങ്ങിയവരിൽ നിന്ന് പണം തിരിച്ചടപ്പിക്കാൻ നടപടികൾ തുടങ്ങി. ഈ രീതിയിൽ പരമാവധി ഒന്നരമാസത്തിനുള്ളിൽ പ്രശ്നപരിഹാരത്തിനാണ് സഹകരണ വകുപ്പിന്‍റെ ശ്രമം. വ്യാജരേഖ ഉണ്ടാക്കി നടത്തിയ തട്ടിപ്പിൽ ഭരണസമിതി അംഗങ്ങൾക്കും ബാങ്ക് ജീവനക്കാർക്കും പങ്കുണ്ടെന്ന് തെളിഞ്ഞതോടെയാണ് ജില്ല സഹകരണ വകുപ്പ് ഇവർക്കെതിരെ ആലുവ റൂറൽ പൊലീസിന് പരാതി നൽകിയത്. തന്‍റെ പേരിൽ വ്യാജരേഖയുണ്ടാക്കി പണം തട്ടിയെന്ന് അങ്കമാലി സ്വദേശിയും പരാതി നൽകിയതോടെ ജാമ്യമില്ല വകുപ്പ് പ്രകാരം പൊലീസ് കേസെടുത്തു. വരും ദിവസങ്ങളിൽ ജീവനക്കാരെയും ഭരണസമിതി അംഗങ്ങളെയും ചോദ്യം ചെയ്യുമെന്ന് ആലുവ റൂറൽ എസ് പി പ്രതികരിച്ചു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?