Cholamandalam 
Local

മെഡിക്കല്‍ ഇന്‍ഷുറന്‍സ് നിഷേധിക്കപ്പെട്ട പോളിസി ഉടമയ്ക്ക് നഷ്ടപരിഹാരം

ക്യാഷ് ലെസ് സൗകര്യം ഉണ്ടെന്ന് ഇന്‍ഷുറന്‍സ് കമ്പനി വാഗ്ദാനം ചെയ്തുവെങ്കിലും ബില്‍ തുക മുഴുവന്‍ പരാതിക്കാരന്‍ തന്നെ നല്‍കേണ്ടി വന്നു

കൊച്ചി: ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പോളിസിയില്‍ പോളിസി ഉടമയ്ക്ക് ക്ലെയിം നിഷേധിച്ചതിന് ഇന്‍ഷുറന്‍സ് കമ്പനിയും ഇന്‍ഷുറന്‍സ് വിപണനത്തിന് ഇടനിലക്കാരായ ബാങ്കും നഷ്ടപരിഹാരം നല്‍കണമെന്ന് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി വിധി. എറണാകുളം സ്വദേശിയും അഭിഭാഷകനുമായ പി ആര്‍ മില്‍ട്ടണ്‍, ഭാര്യ ഇവ മില്‍ട്ടന്‍ എന്നിവര്‍ സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.

ചോളമണ്ഡലം ഇന്‍ഷുറന്‍സ് കമ്പനിയും ഇടനിലക്കാരായ യൂണിയന്‍ ബാങ്കും 2,23,497 രൂപ പരാതിക്കാരന് നല്‍കണമെന്ന് കമ്മീഷന്‍ പ്രസിഡന്‍റ് ഡി ബി ബിനു, മെമ്പര്‍മാരായ വൈക്കം രാമചന്ദ്രന്‍, ടി എന്‍ ശ്രീവിദ്യ എന്നിവരുടെ ബെഞ്ച് ഉത്തരവിട്ടു. ചികിത്സയ്ക്ക് ചെലവായ 1,53,000 രൂപയും കോടതിച്ചെലവും നഷ്ടപരിഹാരവുമായി 70,000 രൂപയും ഒരു മാസത്തിനകം എതിര്‍കക്ഷികള്‍ പരാതിക്കാരന് നല്‍കണം.

2020 ഓഗസ്റ്റ് 22ന് നെഞ്ചുവേദന ഉണ്ടായതിനെത്തുടര്‍ന്ന് പരാതിക്കാരനെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ക്യാഷ് ലെസ് സൗകര്യം ഉണ്ടെന്ന് ഇന്‍ഷുറന്‍സ് കമ്പനി വാഗ്ദാനം ചെയ്തുവെങ്കിലും ബില്‍ തുക മുഴുവന്‍ പരാതിക്കാരന്‍ തന്നെ നല്‍കേണ്ടി വന്നു. പോളിസിയെടുത്ത് അഞ്ച് മാസം മാത്രമേ ആയുള്ളൂവെന്നും രണ്ടു വര്‍ഷം കഴിഞ്ഞാല്‍ മാത്രമേ ഇത്തരം രോഗങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് തുക അനുവദിക്കാന്‍ കഴിയൂ എന്നും ഇന്‍ഷുറന്‍സ് കമ്പനി കോടതിയെ ബോധിപ്പിച്ചു.

പോളിസി എടുത്തപ്പോള്‍ നടത്തിയ രോഗാവസ്ഥയുടെ സ്വയം വെളിപ്പെടുത്തലും സുതാര്യമായ പരിശോധനകളും പരിഗണിക്കാതെ തികച്ചും സാങ്കേതികമായ കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഹെല്‍ത്ത് ഇന്‍ഷുറന്‍സ് തുക നിരസിക്കുന്ന കമ്പനികളുടെ നടപടി അധാര്‍മികവും സേവനത്തിലെ ന്യൂനതയും ആണെന്ന് കോടതി കണ്ടെത്തി.

തങ്ങള്‍ ഇന്‍ഷുറന്‍സ് വില്പനയിലെ ഇടനിലക്കാര്‍ മാത്രമാണെന്നും ഇന്‍ഷുറന്‍സ് കമ്പനിയുടെ നിബന്ധനകളുമായി തങ്ങള്‍ക്ക് ബന്ധമില്ലെന്ന യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യയുടെ വാദങ്ങളും കോടതി തള്ളി.

'ദന' ചുഴലിക്കാറ്റ്; കേരളത്തിൽ 2 ദിവസത്തേക്ക് അതിതീവ്ര മഴ

സിപിഎം സംസ്ഥാന സമ്മേളനം മാർച്ച് 6 മുതൽ 9 വരെ കൊല്ലത്ത്

ദിവ‍്യയെ അറസ്റ്റ് ചെയ്യുന്നത് വരെ സമരം തുടരും; കെ. സുരേന്ദ്രൻ

ഇന്ത്യ നാലാമത്തെ ആണവ അന്തർവാഹിനി പരീക്ഷിച്ചു

ഞങ്ങൾ നിങ്ങളിൽ ഭഗത് സിങ്ങിനെ കാണുന്നു: മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ലോറൻസ് ബിഷ്ണോയിക്ക് സീറ്റ് വാഗ്ദാനം