ഏബിൾ. സി. അലക്സ്
കോതമംഗലം : ദേ മാൻകൂട്ടം...സഞ്ചാരികൾക്ക് കൗതുകമുണർത്തി മാൻ കച്ചവടം തകൃതി .കൊച്ചി- ധനുഷ്‌കോടി ദേശീയപാത വഴി മൂന്നാറിലേക്ക് സഞ്ചരിക്കുന്നവർക്കാണ് കൗതുകക്കാഴ്ചയായി 'മാൻ' വിൽപന മാറിയത് . റോഡ് സൈഡിൽ മാൻകൂട്ടത്തെ കണ്ട് ക്യാമറയുമായി ചാടിയിറങ്ങുന്ന വിനോദ സഞ്ചാരികൾക്ക് പിന്നീടാണ് അമളി മനസിലാകുന്നത്. സഞ്ചാരികളിൽ പലരും യഥാർഥ മാൻ കൂട്ടമാണെന്ന് കരുതിയാണ് വാഹനം നിർത്തുന്നത്. എന്നാൽ 'എന്നെ ഉപദ്രവിക്കരുത്' എന്ന ബോർഡും പൂമാലയും കഴുത്തിൽ തൂങ്ങിക്കിടക്കുന്നത് കാണുമ്പോഴാണ് പലരും ഇത് വിൽപനയ്ക്കുള്ള മാനാണെന്ന് തിരിച്ചറിയുന്നത്. ഇതോടെ കൊച്ചുകുട്ടികൾ അടക്കം മാനിനെ തൊട്ടും തലോടിയും താലോലിച്ചും ചിലർ ഇത് വാങ്ങിയുമാണ് മടക്കം.
കഴിഞ്ഞ രണ്ടാഴ്ചയായി വണ്ണപ്പുറം സ്വദേശി ആലുങ്കൽ വീട്ടിൽ റഷീദാണ് വിവിധ വലിപ്പത്തിലുള്ള കൊമ്പുള്ള മാനുമായി കൊച്ചി -ധനുഷ്കോടി ദേശീയപാതയോരത്തുള്ളത്. ജമ്മുകശ്മീരിൽ നിന്നാണ് ഇതിനെ എത്തിക്കുന്നതെന്ന് റഷീദ് പറയുന്നു. ആയിരം മുതൽ 3500 വരെയാണ് ഇതിന്റെ വില. വന്യജീവികളെ ഉപദ്രവിക്കാതിരിക്കാനുള്ള സന്ദേശം കൂടി നൽകാനാണ് മാനിന്റെ കഴുത്തിൽ 'എന്നെ ഉപദ്രവിക്കരുത്' എന്ന ബോർഡ് വെച്ചതെന്ന് റഷീദ് പറഞ്ഞു.