കൊച്ചി: കൊച്ചി ദേവസ്വം ബോർഡ് വക എറണാകുളത്തപ്പൻ ഗ്രൗണ്ട് എക്‌സിബിഷനും വിശേഷാവസരങ്ങളിൽ കച്ചവടത്തിനും വാടകയ്ക്ക് നൽകുന്നതിൽ വമ്പൻ അഴിമതിയെന്ന് ആരോപണം. എല്ലാ ഓണക്കാലത്തും ഗ്രൗണ്ട് രണ്ട് മാസത്തോളം കച്ചവടത്തിനായി വാടകയ്ക്ക് നൽകാറുണ്ട്. എറണാകുളത്ത് ഓണം മേളകൾ തുടങ്ങുന്നത് തന്നെ എറണാളത്തപ്പൻ ഗ്രൗണ്ടിലെ ഓണം വിപണന മേളയിലൂടെയാണ്. എന്നാൽ, കഴിഞ്ഞ തവണ മുതൽ ഗ്രൗണ്ട് വാടകയ്ക്ക് കൊടുക്കുന്നത് സുതാര്യതയില്ലാതെയാണെന്ന് പരാതി ഉയരുന്നു.
കഴിഞ്ഞ ഓണക്കാലത്ത് ഉദ്യോഗസ്ഥരുടെ താത്പര്യപ്രകാരം ഒരു വ്യക്തിക്ക് വാടകയ്ക്ക് നൽകുകയായിരുന്നു. പതിവ് പോലെ നിരവധിപേർ അപേക്ഷ സമർപ്പിച്ചിരുന്നെങ്കിലും ടെൻഡർ പോലും നടത്താതെയാണ് ചില ഉദ്യോഗസ്ഥരുടെ ഒത്താശയോടെ ഗ്രൗണ്ട് സ്വകാര്യ വ്യക്തിക്ക് നൽകിയതെന്നാണ് സൂചന. ഇതോടെ എല്ലാ വർഷവും ഓണക്കാലത്ത് പൊതുജനങ്ങൾക്ക് സൗജന്യമായി ഷോപ്പിങ് നടത്താൻ കഴിയുമായിരുന്ന എറണാകുളത്തപ്പൻ ഗ്രൗണ്ടിൽ നടന്നു വന്ന വിപണന മേളയിൽ കഴിഞ്ഞ തവണ നൂറു രൂപയോളം ടിക്കറ്റ് എടുത്ത് പ്രവേശിക്കേണ്ടി വന്നു. ഇത് വ്യാപകമായ പ്രതിഷേധത്തിനും ഇടയാക്കിയിരുന്നു.
സാധാരണക്കാരുടെ ഓണക്കാല വിപണിയാണ് ചില ഉദ്യോഗസ്ഥരുടെ സ്വാർഥ താത്പര്യം മൂലം മുടങ്ങിയത്. സാധാരണക്കാരായ കച്ചവടക്കാരും കുടുംബശ്രീ യൂണിറ്റുകളും സർക്കാർ സഹകരണ മേഖലയിൽ നിന്നുള്ളവരുമൊക്കെയാണ് സാധാരണയായി ഇവിടെ വിപണനമേള നടത്തിവന്നത്.
അടുത്ത ഓണക്കാലത്തും ഇത്തരത്തിൽ ഇഷ്ടക്കാർക്ക് ഗ്രൗണ്ട് രഹസ്യമായി വാടകയ്ക്ക് നല്കാൻ ഉദ്യോഗസ്ഥർ നീക്കം ആരംഭിച്ചതായി അറിയുന്നു. സാമ്പത്തിക താത്പര്യമാണ് ഉദ്യോഗസ്ഥരുടെ രഹസ്യ നീക്കങ്ങൾക്ക് പിന്നിലെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. പതിറ്റാണ്ടുകളായി സുതാര്യമായ രീതിയിൽ നടന്നുവന്ന രീതി അവഗണിച്ചാണ് അഴിമതിക്കാരായ ഏതാനും ഉദ്യോഗസ്ഥരുടെ ഒത്താശയോടെ രഹസ്യ നീക്കം നടക്കുന്നത്.
അടുത്ത ഓണക്കാലത്തേക്ക് ഗ്രൗണ്ട് വാടകയ്ക്ക് നല്കാൻ ഓപ്പൺ ടെൻഡർ വിളിക്കണമെന്ന ആവശ്യം ഉയർന്നു കഴിഞ്ഞു. കൊച്ചി ദേവസ്വം ബോർഡിന് ഇതൊരു വരുമാനമാർഗം ആവുകയും ചെയ്യും.
മലബാർ ദേവസ്വം ബോർഡിന്‍റെ മാനന്തവാടി വള്ളിയൂർക്കാവ് ഉത്സവം, തൃശൂർ പൂരം ഗ്രൗണ്ട് തുടങ്ങി വിവിധ ദേവസ്വം ബോർഡ് വക സ്ഥലങ്ങൾ ഇത്തരത്തിൽ ടെൻഡർ / ലേല നടപടികളിലൂടെയാണ് പ്രദർശനങ്ങൾക്കും വിപണന മേളകൾക്കുമായി അനുവദിക്കുന്നത്.
ടെൻഡർ / ഇ ടെൻഡർ ക്ഷണിച്ചാൽ സുതാര്യത ഉറപ്പാക്കാനും ഉദ്യോഗസ്ഥരുടെ അഴിമതി അവസാനിപ്പിക്കാനും കഴിയും. എറണാകുളത്തപ്പൻ ഗ്രൗണ്ട് സുതാര്യമായ രീതിയിൽ ടെൻഡർ ചെയ്ത് വാടകയ്ക്ക് നൽകണമെന്ന് ആവശ്യപ്പെട്ട് ആലുവ സ്വദേശി ദേവസ്വം ബോർഡ് ഓംബുഡ്സ്മാന് പരാതി നൽകി. ദേവസ്വം കമ്മീഷണർക്കും ഇദ്ദേഹം പരാതി നൽകിയിട്ടുണ്ട്. ഇതേ ആവശ്യമുന്നയിച്ച് ഹൈക്കോടതിയെ സമീപിക്കുമെന്നും പരാതിക്കാരൻ അറിയിച്ചു.