Local

മത്സ്യലഭ്യത കുറഞ്ഞു; വിൽപ്പനശാലകൾ അടച്ചു

കൊച്ചി: സംസ്ഥാനത്തെ കടൽത്തീരങ്ങളിൽ ഇത് വറുതിയുടെ നാളുകൾ. മത്സ്യലഭ്യത മുൻപെങ്ങുമില്ലാത്തവിധം കുറഞ്ഞത് മത്സ്യത്തൊഴിലാളികളെ കടുത്ത പ്രതിസന്ധിയിലാക്കി. ഈ വർഷമാദ്യം മുതൽ തന്നെ മത്സ്യ ലഭ്യത കുറഞ്ഞിരുന്നെങ്കിലും ഇപ്പോഴത് കൂടുതൽ രൂക്ഷമായി. മത്സ്യം കിട്ടാനില്ലാത്തതിനാൽ എറണാകുളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ മത്സ്യ ചില്ലറ വില്പന ശാലകൾ അടഞ്ഞു കിടക്കുകയാണ്. കടലിൽ ചൂട് കൂടിയതും അനാരോഗ്യകരമായ മത്സ്യബന്ധന രീതിയുമാണ് മത്സ്യലഭ്യത കുറയാൻ കാരണമെന്ന് പരമ്പരാഗത മത്സ്യത്തൊഴിലാളികൾ ചൂണ്ടിക്കാട്ടുന്നു.

കാലാവസ്ഥാ വ്യതിയാനം മത്സ്യമേഖലയെ ഏറെ ബാധിച്ചതായും ഇവർ പറയുന്നു. ചൂട് കൂടിയത് മത്സ്യ ലഭ്യതയെ സാരമായി ബാധിച്ചിട്ടുണ്ട്. കടൽ വെള്ളം തിളച്ച് മറിഞ്ഞ് കിടക്കുന്നതിനാൽ മീനുകളെ ലഭിക്കില്ല. പൊടിമീനുകളെ വളത്തിനും മറ്റുമായി പിടിക്കുന്നത് ലഭ്യത കുറയാൻ കാരണമാണ്. പൊടിമീനുകളെ പിടിക്കുന്നത് നിരോധിച്ചിട്ടുണ്ടെങ്കിലും പല ഹാർബറുകളിലും തീരെ ചെറിയ മീനുകളെ എത്തിക്കുന്നുണ്ട്. വളത്തിനായാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്.

മത്സ്യ ലഭ്യത കുറഞ്ഞത് മൂലം ഇത്രയധികം വില്പനശാലകൾ ഒന്നിച്ച് അടച്ചിടേണ്ടി വരുന്നത് ആദ്യമായാണ്. ട്രോളിങ് നിരോധന കാലത്ത് മാത്രമാണ് മുൻപ് ഇത്രയും വില്പനശാലകൾ അടച്ചിടേണ്ടി വരാറുണ്ടായിരുന്നത്. കൊച്ചിയുടെ തീരങ്ങളിൽ നിന്ന് മത്സ്യബന്ധനത്തിന് പോയിരുന്ന എൺപത് ശതമാനം ബോട്ടുകളും ഇപ്പോൾ കരയിലാണ്. കഴിഞ്ഞ ഒന്നര മാസത്തിലേറെയായി പല ബോട്ടുകളും കടലിൽ പോകാറില്ല. കടലയിൽ പോകുന്നവർക്ക് കാര്യമായി ഒന്നും ലഭിക്കുന്നുമില്ല. കഴിഞ്ഞ ഒരാഴ്ചയായി ഫിഷ് സ്റ്റാളുകൾ തുറക്കുന്നില്ലെന്ന് വൈപ്പിനിലെ മത്സ്യ ചില്ലറ വില്പനശാലയുടമ പറയുന്നു. ഏറെ ഡിമാന്‍റുള്ള ചെറിയ മത്സ്യങ്ങൾ വളരെ കുറവാണു ലഭിക്കുന്നത്. വലിയ മീനുകൾ ലഭിക്കാറേയില്ല. നെയ് ചാളയുടെ വില കിലോയ്ക്ക് 240 രൂപ വരെയെത്തി. അയലയ്ക്ക് 240 മുതൽ 260 രൂപ വരെയുണ്ട്.

ഈസ്റ്ററിനു ശേഷം നെയ്മീനും ആവോലിയും കണ്ടിട്ടേയില്ലെന്ന് മത്സ്യത്തൊഴിലാളികൾ പറയുന്നു. കൊഞ്ചിന്‍റെ വില സൈസ് അനുസരിച്ച് 360 രൂപ മുതൽ 600 രൂപ വരെയാണ്. ചൂടയുടെ ലഭ്യതയും കുറഞ്ഞു. 280 രൂപ വരെയായി ഇതിനും വില വർധിച്ചു. മത്സ്യത്തൊഴിലാളി കുടുംബങ്ങളും കടുത്ത പ്രതിസന്ധിയിലാണ്.

വരുമാനം നിലച്ചതോടെ പല കുടുംബങ്ങളും ദുരിതത്തിലാണ്. മറ്റു സംസ്ഥാനങ്ങളിൽ നിന്ന് മത്സ്യം എത്തുന്നതിനാലാണ് മത്സ്യ ലഭ്യതയുടെ കുറവ് അനുഭവപ്പെടാത്തതെന്ന് ചില്ലറ വിൽപനക്കാർ പറയുന്നു. സംസ്ഥാനത്തിന്‌ ആവശ്യമായ ഒൻപത് ലക്ഷം ടൺ മത്സ്യത്തിൽ അഞ്ചര മുതൽ ആറ് ലക്ഷം ടൺ വരെ കേരളത്തിന് പുറത്തു നിന്നാണ് ഇപ്പോൾ വരുന്നത്. സർക്കാർ അടിയന്തിരമായി ഇടപെടണമെന്നാണ് മത്സ്യമേഖലയുടെ ആവശ്യം.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ