എറണാകുളം കടവന്ത്രയിലെ ഓടകളിൽ കണ്ടെത്തിയ ഹോട്ടൽ മാലിന്യം. 
Local

ഓടകളിൽ മാലിന്യം: കൊച്ചിയിൽ നടപ്പാത നവീകരണം സ്തംഭിച്ചു

ഹോട്ടലുകളിൽ നിന്നും കടകളിൽ നിന്നും ഓടകളിലേക്ക് തള്ളിയ മാലിന്യമാണ് കുഴഞ്ഞ് ചെളി പോലെയായത്. ഇത് നീക്കാൻ ആഴ്ചകൾ വേണ്ടിവന്നേക്കും.

കൊച്ചി: കടവന്ത്രയിലെ നടപ്പാത നവീകരണം മന്ദഗതിയിലാക്കി ഓടകളിലെ മാലിന്യ കൂമ്പാരം. നടപ്പാത നിർമാണത്തിന്‍റെ ഭാഗമായി ഓടകൾ തുറന്നപ്പോഴാണ് മാലിന്യ കൂമ്പാരവും ചെളിയും കണ്ടെത്തിയത്. ഹോട്ടലുകളിൽ നിന്നും കടകളിൽ നിന്നും ഓടകളിലേക്ക് തള്ളിയ മാലിന്യമാണ് കുഴഞ്ഞ് ചെളി പോലെയായത്. ഇത് നീക്കാൻ ആഴ്ചകൾ വേണ്ടിവന്നേക്കും. പലയിടങ്ങളിലും മാലിന്യം കട്ടയായി കിടക്കുകയാണ്. ചില ഭാഗങ്ങളിൽ ഓടകളുടെ ഒഴുക്കും നിലച്ചു.

കടവന്ത്ര സഹോദരൻ അയ്യപ്പൻ റോഡിൽ കെഎംആറെല്ലിന്‍റെ നടപ്പാത നവീകരണത്തിന്‍റെ ഭാഗമായാണ് ഓടുകളിൽ ശുചീകരണം തുടങ്ങിയത്. സ്ലാബുകൾ മാറ്റി തുറന്നു പരിശോധിച്ചപ്പോഴാണ് ഓടകളിലെ മാലിന്യത്തിന്‍റെ അളവ് മനസ്സിലായത്. സ്ലാബുകൾ മാറ്റിയതോടെ അഴുക്കുവെള്ളം പുറത്തേക്ക് ഒഴുകി. മണ്ണും ചെളിയും പ്ലാസ്റ്റിക്കും അടക്കം മാലിന്യം കെട്ടിക്കിടന്ന് ചില ഭാഗങ്ങളിൽ ഒഴുക്ക് നിലച്ച അവസ്ഥയിലാണ്. കമ്പി കൊണ്ട് കുത്തിയാണ് പലയിടങ്ങളിൽ നിന്നും കട്ടപിടിച്ചു കിടന്ന മാലിന്യം നീക്കം ചെയ്തത്.

ഓടകൾ തുറന്നിട്ടതിനാൽ ദുർഗന്ധവും രൂക്ഷമാണ്. സമീപമുള്ള കടകളിലേക്ക് ആളുകൾക്ക് കയറാൻ കഴിയാത്ത അവസ്ഥയായതോടെ പുതുവർഷാരംഭത്തിൽ തന്നെ കച്ചവടം കുറയുമോയെന്ന ആശങ്കയിലാണ് വ്യാപാരികൾ. ഹോട്ടലുകളിൽ നിന്ന് ഓടകളിലേക്ക് അഴുക്കുവെള്ളവും ശുചിമുറി മാലിന്യവും കുഴലുകളിലൂടെ തള്ളിയതായി അധികൃതർ കണ്ടെത്തി. കെഎംആർഎല്ലിന്‍റെ പരാതിയിൽ ഹോട്ടലുകൾക്ക് നഗരസഭാ വിജിലൻസ് വിഭാഗം നോട്ടീസ് നൽകിയിട്ടുണ്ട്. മാലിന്യം നീക്കം ചെയ്യാൻ അധികം സമയം വേണ്ടതിനാൽ നടപ്പാത നവീകരണത്തിന് കാലതാമസം നേരിടേണ്ടി വരും. നേരത്തെ എം ജി റോഡിലെ കാനകൾ തുറന്നപ്പോഴും ഹോട്ടൽ മാലിന്യങ്ങൾ കട്ട പിടിച്ചു കിടന്ന അവസ്ഥയിൽ കണ്ടെത്തിയിരുന്നു. പല ഹോട്ടലുകളും മാലിന്യം നേരിട്ട് ഓടകളിലേക്ക് ഒഴുക്കി വിട്ടത് കണ്ടെത്തുകയും കർശന നടപടികൾ സ്വീകരിക്കുകയും ചെയ്തിരുന്നു.

മാർഗനിർദേശം പാലിച്ച് തൃശൂർ പൂരം നടത്താനാവില്ലെന്ന് ദേവസ്വം

അർജന്‍റീനയ്ക്ക് തോൽവി, ബ്രസീലിനു സമനില

വായു മലിനീകരണം രൂക്ഷമായ ലോക നഗരങ്ങളിൽ ഡൽഹി രണ്ടാമത്; സ്കൂൾ ക്ലാസുകൾ ഓൺലൈനാക്കി | Video

ബിജെപി - എൻസിപി ചർച്ചയ്ക്ക് ആതിഥ്യം വഹിച്ചത് അദാനി തന്നെ: പവാർ

സീ പ്ലെയിന് വനം വകുപ്പിന്‍റെ റെഡ് സിഗ്നൽ; കലക്റ്റർക്ക് കത്ത്