24 മാസമായി വാടകയില്ല; ഹൈക്കോടതി അഭിഭാഷകനെതിരേ വീട്ടുടമയുടെ സമരം Symbolic image
Local

24 മാസമായി വാടകയില്ല; അഭിഭാഷകനെതിരേ വീട്ടുടമയുടെ സമരം

വാടക നൽകുന്നുണ്ട്, ഇല്ലെങ്കിൽ പൊലീസിനെയോ കോടതിയെയോ സമീപിക്കാമെന്ന് അഭിഭാഷകൻ

കൊച്ചി: വാടകക്ക് നൽകിയ, വീടിന്‍റെ മുകളിലത്തെ മുറി ഒഴിഞ്ഞു കൊടുക്കാത്തതിനെതിരെ കൊച്ചിയിൽ വീട്ടുടമയുടെ സമരം. അയ്യപ്പൻകാവിൽ അശോകൻ എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുള്ള കെട്ടിടത്തിന് മുന്നിലാണ് ഉടമയും ഭാര്യയും ആക്ഷൻ കൗൺസിൽ രൂപീകരിച്ച് സമരം തുടങ്ങിയത്. മുറി വാടകക്കെടുത്ത ഹൈക്കോടതി അഭിഭാഷകൻ തിരുവനന്തപുരം സ്വദേശി ബാബു ഗിരീഷിനെതിരെയാണ് സമരം. നാട്ടുകാരും കെട്ടിട ഉടമയ്ക്ക് പിന്തുണയുമായി രംഗത്തുണ്ട്. വിവരമറിഞ്ഞ് പൊലീസും സ്ഥലത്തെത്തി. മുറി വാടകക്കെടുത്ത അഭിഭാഷകൻ 24 മാസമായി വാടക നൽകുന്നില്ലെന്നും വാടക ശീട്ട് പുതുക്കുന്നില്ലെന്നും ഉടമ അശോകൻ ആരോപിക്കുന്നു.

വാടക കുടിശിക ചോദിച്ചപ്പോൾ തന്നെ അഭിഭാഷകൻ മര്‍ദ്ദിച്ചെന്നും ചവിട്ടി താഴെയിട്ടെന്നും അശോകൻ പറഞ്ഞു. നാല് വര്‍ഷമായി തന്നെയും ഭാര്യയെയും വാടകക്കാരൻ തളര്‍ത്തിക്കൊണ്ടിരിക്കുകയാണ്. പലപ്പോഴായി മുറി ഒഴിയാൻ ആവശ്യപ്പെട്ടിട്ടും ഒഴിയുന്നില്ല. വാടക മാത്രമാണ് തന്‍റെ വരുമാനം. വീട്ടിൽ താനും ഭാര്യയും മാത്രമാണുള്ളത്. ഭാര്യ അൽഷിമേഴ്സ് ബാധിച്ച് അവശതയിലാണെന്നും അദ്ദേഹം പറഞ്ഞു.

എന്നാൽ താൻ കൃത്യമായി വാടക കൊടുക്കുന്നയാളാണെന്ന് അഭിഭാഷകൻ ബാബു ഗിരീഷ് പറഞ്ഞു. താനില്ലാത്ത സമയത്ത് മുറിയിൽ കയറി അശോകൻ വീട്ടുസാധനങ്ങൾ നശിപ്പിച്ചെന്നും ഫ്രിഡ്‌ജ്‌ ഓഫ് ചെയ്തിട്ട് സാധനങ്ങൾ കേടാക്കിയെന്നും അദ്ദേഹം ആരോപിച്ചു.

തന്നെ അറിയാത്ത നാട്ടുകാരെ വിളിച്ചുകൊണ്ടുവന്നാണ് ഈ സമരം നടത്തുന്നത്. ഇന്നലെ തന്നെ താൻ വാടക നൽകിയതാണ്. മദ്യപിച്ച് ബഹളം ഉണ്ടാക്കിയെന്ന് ആരോപിച്ച് മറ്റൊരാൾക്കെതിരെ പൊലീസിൽ പരാതി നൽകിയ ആളാണ് അശോകൻ. താൻ വാടക നൽകുന്നില്ലെങ്കിൽ അതിനെതിരെ കോടതിയെയോ പൊലീസിനെയോ അദ്ദേഹത്തിന് സമീപിക്കാമല്ലോ. പ്രായമായ മനുഷ്യനായതിനാലും അദ്ദേഹത്തിന് ബുദ്ധിമുട്ട് വരാതിരിക്കാനും വേണ്ടി താൻ എപ്പോഴും ശ്രദ്ധിക്കാറുണ്ടെന്നും ബാബു ഗിരീഷ് പറഞ്ഞു.

എന്നാൽ, ഉടമ ഒഴിയാൻ ആവശ്യപ്പെട്ടാൽ മുറി ഒഴിയാതെ മറ്റു വാദങ്ങൾ നിരത്തുന്നത് എന്തടിസ്ഥാനത്തിലാണെന്നാണ് നാട്ടുകാർ ചോദിക്കുന്നത്. അഭിഭാഷകനെന്ന ധിക്കാരമാണ് വൃദ്ധനും രോഗിയായ ഭാര്യക്കുമെതിരെ അഭിഭാഷകൻ കാണിക്കുന്നതെന്നും നാട്ടുകാർ കുറ്റപ്പെടുത്തുന്നു.

മുന്നണികൾക്ക് തൽസ്ഥിതി നേട്ടം

ഭർത്താവ് തോറ്റു; ഇവിഎമ്മിന്‍റെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് സ്വര ഭാസ്കർ

'എൽഡിഎഫ് സർക്കാർ മൂന്നാം ടേമിലേക്ക്'; ഉപതെരഞ്ഞെടുപ്പ് ഫലം സൂചനയെന്ന് എം.വി. ഗോവിന്ദൻ

'ഞാൻ കടലാണ്, തിരിച്ചുവരും'; പറഞ്ഞത് യാഥാർഥ്യമാക്കി ഫഡ്നാവിസ്

'മഹാ പരാജയം'; മഹാ വികാസ് അഘാടിയെ തോൽവിയിലേക്ക് നയിച്ചത് കോൺഗ്രസോ?