ആലുവ: ഊബർ ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദിച്ച സംഭവം വിവാദമായതിനെത്തുടർന്ന് ആലുവ മെട്രൊ സ്റ്റേഷനു മുമ്പിലെ അനധികൃത ഓട്ടോ റിക്ഷ സ്റ്റാൻഡ് പൊലീസ് ഇടപെട്ട് ഒഴിപ്പിച്ചെങ്കിലും ഇതേസ്ഥലം പൂർണമായി ഇരുചക്ര വാഹനങ്ങൾ കൈയടക്കി.
കുന്നത്തേരി സ്വദേശിയായ ഊബർ ഓട്ടോ ഡ്രൈവറെ മെട്രൊ സ്റ്റേഷനു മുന്നിലെ മൂന്ന് ഓട്ടോ റിക്ഷ ഡ്രൈവർമാർ ക്രൂരമായി മർദിക്കുന്ന വീഡിയോ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിൽ പ്രചരിച്ചിരുന്നു. ഇതേതുടർന്നാണ് സ്റ്റേഷനു മുന്നിലെ അനധികൃത സ്റ്റാൻഡ് നിരോധിക്കുകയും ഡ്യൂട്ടിക്ക് പൊലീസിനെ നിയോഗിക്കുകയും ചെയ്തത്. എന്നിട്ടും നോ പാർക്കിംഗ് ബോർഡിന് കീഴിൽ ഇരുചക്രവാഹനങ്ങൾ നിരയായി പാർക്ക് ചെയ്യുകയാണ്. മെട്രൊ സ്റ്റേഷനിലേക്ക് വരുന്ന യാത്രക്കാരെ ഇറക്കുന്നതിനോ കയറ്റുന്നതിനോ മറ്റ് വാഹനങ്ങൾക്ക് നിർത്താൻ കഴിയാത്ത അവസ്ഥയിലും പൊലീസ് മൗനം പാലിക്കുകയാണ്.
അനധികൃതമായി പാർക്ക് ചെയ്യുന്ന വാഹനങ്ങൾക്കെതിരെ പെറ്റി ചുമത്തുന്നുണ്ടെന്നാണ് പൊലീസ് പറയുന്നത്. പാർക്കിങ് തടയാതെ പെറ്റി ചുമത്തി പണം സമ്പാദിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്.
കൊച്ചി മെട്രൊ ആരംഭിച്ചപ്പോൾ ഇവിടെ അനധികൃത പാർക്കിങ്ങും ഓട്ടോ റിക്ഷ സ്റ്റാൻഡുകളും അനുവദിക്കില്ലെന്ന് പ്രഖ്യാപിച്ചിരുന്നു. മെട്രൊയിൽ എറണാകുളത്തേക്ക് സ്ഥിരമായി ജോലിക്ക് പോകുന്നവരാണ് ഇരുചക്ര വാഹനങ്ങൾ പാർക്ക് ചെയ്യുന്നവരിൽ ഏറെയും. ഓട്ടോ റിക്ഷകളാണെങ്കിൽ, മേൽപ്പാലത്തിന് അടിയിൽ ആവശ്യത്തിലേറെ സ്ഥലം പാർക്കിങ്ങിനെന്ന പേരിൽ കെട്ടിത്തിരിച്ചെടുത്ത ശേഷമാണ് ഇവിടെയും പാർക്ക് ചെയ്യുന്നത്.
അതിനിടെ, പൊലീസ് തടഞ്ഞതോടെ ഓട്ടോ റിക്ഷ സ്റ്റാൻഡ് പുനരാരംഭിക്കാൻ സമ്മർദവുമായി രാഷ്‌ട്രീയക്കാരും രംഗത്തെത്തിയിട്ടുണ്ട്. ഡിവൈ.എസ്‌പി മുതലുള്ള ഉദ്യോഗസ്ഥരെ ഇവർ നേരിട്ട് സന്ദർശിച്ച് സമ്മർദം ചെലുത്തിയെങ്കിലും പൊലീസ് വഴങ്ങിയിട്ടില്ല.