Metro rail Representative image
Local

രാജനഗരിയുടെ പ്രൗഢിയുമായി തൃപ്പൂണിത്തുറ മെട്രൊ സ്റ്റേഷൻ

പ്രധാനമന്ത്രി ബുധനാഴ്ച നാടിന് സമര്‍പ്പിക്കും, കൊൽക്കത്തിയിൽ നിന്ന് ഫ്ലാഗ് ഓഫ് ചെയ്യും, ആദ്യ ട്രെയിന്‍ ഭിന്നശേഷിയുള്ള കുട്ടികളുമായി ആലുവ സ്റ്റേഷനിലേക്ക്

കൊച്ചി: രാജനഗരിയുടെ പ്രൗഢിയും പെരുമയും വിളിച്ചോതുന്ന രൂപകൽപ്പനയിൽ കൊച്ചി മെട്രൊയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റോപ്പായ തൃപ്പൂണിത്തുറ സ്റ്റേഷൻ ഉദ്ഘാടനത്തിനൊരുങ്ങി. മെട്രൊ സ്റ്റേഷനും തൂണുകളും മ്യൂറല്‍ ചിത്രങ്ങളാല്‍ സമ്പന്നമാണ്. സ്റ്റേഷന് മുന്‍വശത്തെ തൂണുകളില്‍ തൃപ്പൂണിത്തുറയുടെ ചരിത്രത്തിന്‍റെ ഭാഗമായ അത്തച്ചമയത്തിലെ വിവിധ കാഴ്ച്ചകളാണ് മ്യൂറല്‍ ചിത്രങ്ങളായി ഒരുക്കിയിരിക്കുന്നത്.

കേരളത്തിലെ വിവിധ നൃത്തരൂപങ്ങളുടെ ശിൽപ്പങ്ങളുമായി ഒരുക്കിയിരിക്കുന്ന ഡാന്‍സ് മ്യൂസിയം ഈ സ്റ്റേഷന്‍റെ മറ്റൊരു പ്രത്യേകതയാണ്. ഈ മ്യൂസിയവും ഉടന്‍ തന്നെ പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കും. സ്റ്റേഷനില്‍ യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്ന ഇരിപ്പിടങ്ങളിലും ലൈറ്റുകളിലും മറ്റ് ഇന്‍റീരിയര്‍ ഡിസൈനിലുമെല്ലാം രാജനഗരിയുടെ പൈതൃകം കൊണ്ടുവരുന്നതിനായി ശ്രമിച്ചിട്ടുണ്ട്.

പ്രധാനമന്ത്രി ഫ്ളാഗ് ഓഫ് ചെയ്യും

കൊച്ചി മെട്രൊയുടെ ഫേസ് 1-ബി എന്നു വിശേഷിപ്പിക്കപ്പെടുന്ന തൃപ്പൂണിത്തുറ ടെര്‍മിനല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ബുധനാഴ്ച നാടിനു സമര്‍പ്പിക്കും. രാവിലെ പത്തിന് കോല്‍ക്കത്തയില്‍ നിന്ന് ഓണ്‍ലൈനായാണ് ഫ്ലാഗ് ഓഫ് ചെയ്യുക. അതേസമയം തൃപ്പൂണിത്തുറ സ്റ്റേഷനില്‍ നിന്ന് ഭിന്നശേഷിയുള്ള കുട്ടികളുമായി ആദ്യ ട്രെയിന്‍ ആലുവ സ്റ്റേഷനിലേക്ക് പുറപ്പെടും. ആദ്യ ട്രെയിന്‍ പുറപ്പെട്ട ശേഷം അന്നേദിവസം തന്നെ പൊതുജനങ്ങള്‍ക്കായി തൃപ്പൂണിത്തുറയില്‍ നിന്ന് ട്രെയിന്‍ സർവീസ് ആരംഭിക്കും.

ടിക്കറ്റ് നിരക്കിൽ ഇളവ്

ആലുവ മുതല്‍ തൃപ്പൂണിത്തുറ ടെര്‍മിനല്‍ വരെ 75 രൂപയാണ് അംഗീകൃത ടിക്കറ്റ് നിരക്ക്. എന്നാല്‍, ഉദ്ഘാടനത്തോടനുബന്ധിച്ച് നിലവില്‍ ആലുവയില്‍ നിന്ന് എസ്.എന്‍ ജംക്‌ഷനിലേക്കുള്ള യാത്രാ നിരക്കായ 60 രൂപ തന്നെയായിരിക്കും തൃപ്പൂണിത്തുറ വരെയും ഈടാക്കുക. ഇനിയൊരു അറിയിപ്പുണ്ടാകുന്നത് വരെ ഈ 15 രൂപ ഇളവ് തുടരും.

1.35 ലക്ഷം സ്ക്വയർ ഫീറ്റ് വിസ്തീർണം

1.35 ലക്ഷം ചതുരശ്ര അടി വിസ്തീര്‍ണത്തിലാണ് തൃപ്പൂണിത്തുറ സ്റ്റേഷന്‍ ഒരുങ്ങുന്നത്. ഇതില്‍ 40,000 ചതുരശ്ര അടി ടിക്കറ്റ് ഇതര വരുമാനം വർധിപ്പിക്കുന്നതിനായുള്ള പദ്ധതികള്‍ക്കായി നീക്കിവച്ചിരിക്കുകയാണ്. ഓപ്പണ്‍ വെബ് ഗിര്‍ഡര്‍ സാങ്കേതിക വിദ്യ കൊച്ചി മെട്രൊയില്‍ ആദ്യമായി ഉപയോഗിച്ചത് എസ്എന്‍ ജംഗ്ഷന്‍ - തൃപ്പൂണിത്തുറ സ്റ്റേഷനുകള്‍ക്കിടയിലെ 60 മീറ്റര്‍ മേഖലയിലാണ്.

എസ്എന്‍ ജംഗ്ഷന്‍ സ്റ്റേഷന്‍ മുതല്‍ തൃപ്പൂണിത്തുറ ടെര്‍മിനല്‍ സ്റ്റേഷന്‍ വരെ 1.16 കിലോമീറ്റര്‍ ദൂരമാണ് ഫേസ് 1- ബി. ആലുവ മുതല്‍ തൃപ്പൂണിത്തുറ സ്റ്റേഷന്‍ വരെ 25 സ്റ്റേഷനുകളുമായി 28.125 കിലോമീറ്റര്‍ ദൈര്‍ഘ്യമാണ് കൊച്ചി മെട്രൊയുടെ ഒന്നാം ഘട്ടത്തില്‍ പിന്നിടുക. ഭൂമി ഏറ്റെടുക്കുന്നതിനും നിര്‍മാണത്തിനുമുള്‍പ്പെടെ 448.33 കോടി രൂപയാണ് ചെലവ് വന്നത്.

കൊച്ചിയിൽ എയർ ഇന്ത‍്യ വിമാനത്തിൽ നിന്നും ഭീഷണി സന്ദേശം കണ്ടെടുത്തു

3 മണിക്കൂറിലധികം ആനയെ എഴുന്നള്ളിക്കരുത്; മാർഗ രേഖയുമായി ഹൈക്കോടതി

എറണാകുളത്ത് ആംബുലന്‍സ് താഴ്ചയിലേക്ക് മറിഞ്ഞ് രോഗി മരിച്ചു

സ്‌കൂള്‍ ശാസ്ത്രോത്സവം: ആലപ്പുഴ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും 2 ദിവസം അവധി

പാലക്കാട് കാർ ഇടിച്ചുനിർത്തി യുവാവിനെ തട്ടിക്കൊണ്ടുപോയതായി പരാതി | Video