ഗൂഗിൾ വാലറ്റും കൊച്ചി മെട്രോയുമായുള്ള സഹകരണ പ്രഖ്യാപനച്ചടങ്ങിൽ കൊച്ചി മെട്രൊ റെയിൽ ലിമിറ്റഡ് എംഡി ലോക്നാഥ് ബെഹ്‌റ, ഗൂഗിൾ പ്രതിനിധി ആശിഷ് മിത്തൽ, സാങ്കേതിക പിന്തുണ നൽകുന്ന പ്രുഡന്‍റ് ടെക്നോളജീസ് ഡയറക്റ്റർമാരായ ജീജോ ജോർജ്, സഞ്‌ജയ്‌ ചാക്കോ എന്നിവർ. KMRL
Local

ഗൂഗിള്‍ വാലറ്റില്‍ കൊച്ചി മെട്രൊ ടിക്കറ്റും

കൊച്ചി: ഗൂഗിള്‍ ഇന്ത്യയില്‍ ആദ്യമായി അവതരിപ്പിച്ച ഡിജിറ്റല്‍ വാലറ്റ് സേവനമായ ഗൂഗിള്‍ വാലറ്റില്‍ കൊച്ചി മെട്രൊയുടെ ടിക്കറ്റും യാത്രാ പാസും സൂക്ഷിക്കാം. കൊച്ചി മെട്രൊ ആണ് ഗൂഗിള്‍ വാലറ്റില്‍ ഇന്ത്യയില്‍ ആദ്യമായി ഉള്‍പ്പെടുത്തപ്പെട്ട മെട്രൊ സര്‍വീസ്. ഗൂഗിളുമായുള്ള പങ്കാളിത്തത്തിലൂടെയാണ് കൊച്ചി മെട്രൊ റെയില്‍ ലിമിറ്റഡ് ഇതു സാധ്യമാക്കിയത്.

കൊച്ചി ആസ്ഥാനമായ പ്രുഡന്‍റ് ടെക്‌നോളജീസാണ് കൊച്ചി മെട്രൊയ്ക്ക് ഇതിനുള്ള സാങ്കേതിക പിന്തുണയും സഹായങ്ങളും നല്‍കുന്നത്. പുതിയ സേവനത്തോടെ ഡിജിറ്റല്‍ ടിക്കറ്റിങ് രംഗത്ത് കൊച്ചി മെട്രൊ ഒരു പടി കൂടി മുന്നിലെത്തി. ടിക്കറ്റുകള്‍, യാത്രാ പാസുകള്‍, ബോര്‍ഡിങ് പാസ്, ലോയല്‍റ്റി കാര്‍ഡുകള്‍, മൂവി ടിക്കറ്റുകള്‍ തുടങ്ങിവയെല്ലാം സുരക്ഷിതമായി ഡിജിറ്റല്‍ രൂപത്തില്‍ സൂക്ഷിക്കാനും ഉപയോഗിക്കാനും പേയ്മെന്‍റുകള്‍ നടത്താനും സൗകര്യമുള്ള ആപ്ലിക്കേഷനാണ് ഗൂഗിള്‍ വാലറ്റ്. ഗൂഗിള്‍ പേ ആപ്പിനൊപ്പം പേയ്മെന്‍റ് ആവശ്യങ്ങള്‍ക്ക് ഇനി ഗൂഗിള്‍ വാലറ്റ് ഉപയോഗിക്കാം.

ഇപ്പോള്‍ ഇന്ത്യയില്‍ ആന്‍ഡ്രോയ്ഡ് ഡിവൈസുകളില്‍ മാത്രമാണ് ഗൂഗിള്‍ വാലറ്റ് ലഭ്യമായിട്ടുള്ളത്. ഡിവൈസില്‍ നിയര്‍ഫീല്‍ഡ് കമ്യൂണിക്കേഷന്‍ ഫീച്ചറും ഉണ്ടായിരിക്കണം.

നഗര ഗതാഗത രംഗത്തെ ഡിജിറ്റല്‍ ചുവടുവയ്പ്പുകളില്‍ നിര്‍ണായകനാഴികക്കല്ലാണ് ഗൂഗിള്‍ വാലറ്റില്‍ കൊച്ചി മെട്രൊ ടിക്കറ്റ്‌ ലഭ്യമാക്കിയതിലൂടെ പിന്നിട്ടിരിക്കുന്നതെന്ന് കൊച്ചി മെട്രൊ റെയില്‍ ലിമിറ്റഡ് എം.ഡി ലോക്‌നാഥ് ബെഹറ പറഞ്ഞു. ഗൂഗിളുമായുള്ള സഹകരണത്തിലൂടെ മെട്രൊ ടിക്കറ്റ് സൗകര്യപ്രദമായ രൂപത്തില്‍ മെട്രൊയിലുടനീളം ഉപയോഗിക്കാവുന്ന തരത്തില്‍ യാത്രക്കാരുടെ യാത്രാനുഭവം കൂടുതല്‍ മെച്ചപ്പെടുത്താന്‍ കഴിഞ്ഞതായും അദ്ദേഹം പറഞ്ഞു.

സമഗ്രമായി ടിക്കറ്റിങ് സംവിധാനം ഒരുക്കാനായി കൊച്ചി മെട്രൊ റെയില്‍ ലിമിറ്റഡുമായി കൈകോര്‍ക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും യാത്രാ പാസുകള്‍ ഇഷ്യൂ ചെയ്യുന്നതും കാന്‍സല്‍ ചെയ്യുന്നതടക്കം എല്ലാം ഗൂഗിള്‍ വാലെറ്റില്‍ സാധ്യമാണെന്നും ഗൂഗിള്‍ ജനറല്‍ മാനേജറും ഇന്ത്യയിലെ ആന്‍ഡ്രോയ്ഡ് എഞ്ചിനീയറിങ് ലീഡുമായ റാം പപത്‌ല പറഞ്ഞു. വിപ്ലവകരമായ ഡിജിറ്റല്‍ അനുഭവം കൊച്ചി മെട്രൊ യാത്രക്കാര്‍ക്ക് ലഭ്യമാക്കുന്നതില്‍ നിര്‍ണായക ചുവടുവയ്പ്പാണ് ഈ സഹകരണമെന്ന് പ്രൂഡന്‍റ് ടെക്‌നോളജീസ് ഡയറക്ടര്‍ ജീജോ ജോര്‍ജ് പറഞ്ഞു.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു