മട്ടാഞ്ചേരി: എറണാകുളം - ഫോർട്ട് കൊച്ചി വാട്ടർ മെട്രൊ നിരക്ക് പരാതിക്കു കാരണമാകുന്നു. 30 മിനിറ്റ് കായൽയാതയ്ക്ക് 40 രൂപയാണ് വാട്ടർ മെട്രൊ ഇടാക്കുന്നത്. എന്നാൽ, ഇതേ റൂട്ടിൽ ജലഗതാഗത വകുപ്പ് നടത്തുന്ന ബോട്ട് സർവീസിന് ആറ് രൂപ മാത്രമാണ് ചെലവ്.
നിരക്കിലെ ഈ ഭീമമായ വ്യത്യാസം ചൂണ്ടിക്കാട്ടിയാണ് പരാതികൾ ഉയരുന്നത്. അതേസമയം, വിനോദ സഞ്ചാരം എന്ന നിലയിൽ ഫോർട്ട് കൊച്ചിയിലേക്ക് സഞ്ചാരികൾ കൂടുതലെത്താൻ വാട്ടർ മെട്രൊയുടെ എസി ബോട്ടുകൾ സഹായിക്കുമെന്നാണ് അധികൃതരുടെ വാദം. എന്നാൽ, ഉയർന്ന നിരക്ക് കാരണം സ്ഥിരം യാത്രക്കാർ വാട്ടർ മെട്രൊയിൽ കയറാതെയായാൽ, ഷെഡ്യൂളുകളുടെ എണ്ണം വെട്ടിക്കുറയ്ക്കുമെന്ന ആശങ്കയും നിലനിൽക്കുന്നു.
ആധുനിക സംവിധാനങ്ങളോടെയുള്ള ജെട്ടികളും, ബോട്ടുകളുടെ നിർമാണച്ചെലവും കണക്കാക്കിയാണ് കെഎംആർഎൽ യാത്രനിരക്ക് നിശ്ചയിക്കുന്നത്. എങ്കിലും, ഭീമമായ നിരക്ക് മെട്രൊ യാത്രയെ സാധാരണക്കാർക്ക് അന്യമാക്കുകയും വികസനത്തിന്‍റെ ഗുണം താഴേത്തട്ടിലേക്ക് എത്താതെ പോകുകയും ചെയ്യുമെന്ന് ജനകീയ സംഘടനകൾ ചൂണ്ടിക്കാട്ടുന്നു.