മൂവാറ്റുപുഴ: അങ്കമാലി - എരുമേലി ശബരി റെയിൽവേ സമയബന്ധിതമായി നടപ്പാക്കാനും വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കാനും സംസ്ഥാന സർക്കാർ മുൻഗണന നൽകണമെന്നാവശ്യപ്പെട്ട് ശബരി റെയിൽവേ ആക്ഷൻ കൗൺസിലുകളുടെ സംസ്ഥാന ഫെഡറേഷൻ ഭാരവാഹികൾ മുഖ്യമന്ത്രി പിണറായി വിജയൻ, ധനകാര്യ വകുപ്പ് മന്ത്രി കെ. എൻ. ബാലഗോപാൽ, വ്യവസായ മന്ത്രി പി. രാജീവ്, റെയിൽവേ മന്ത്രി വി. അബ്ദുൾ റഹമാൻ, തുറമുഖ വകുപ്പ് മന്ത്രി വി. എൻ. വാസവൻ എന്നിവർക്ക് നേരിൽ കണ്ട് നിവേദനം നൽകി.
26 വർഷം മുമ്പ് അനുവദിച്ചതും 8 കിലോമീറ്റർ റെയിൽ പാതയും കാലടി റെയിൽവേ സ്റ്റേഷനും പെരിയാർ റെയിൽവേ പാലവും നിർമ്മിച്ചു കഴിഞ്ഞ അങ്കമാലി- എരുമേലി ശബരി റെയിൽവേയുടെ നിർമ്മാണം വേഗത്തിൽ പൂർത്തിയാക്കണമെന്നും പുതുക്കിയ എസ്റ്റിമേറ്റ് സംസ്ഥാന സർക്കാർ അംഗീകരിച്ചു റെയിൽവേയ്‌ക്ക് കത്ത് നൽകണമെന്നും തുറമുഖ കണക്റ്റിവിറ്റിയ്‌ക്ക് കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച റെയിൽ സാഗർ പദ്ധതിയിൽ ഉൾപെടുത്തി ശബരി റെയിൽവേ എരുമേലിയിൽ നിന്ന് പത്തനംതിട്ട പുനലൂർ നെടുമങ്ങാട് വഴി വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിച്ച് സമാന്തര റെയിൽവേ നിർമ്മിക്കണമെന്നും ശബരി റെയിൽവേ ആക്ഷൻ കൗൺസിലുകളുടെ സംസ്ഥാന ഫെഡറേഷൻ ഭാരവാഹികൾ മുഖ്യമന്ത്രിയോടും ആവശ്യപ്പെട്ടു.
പദ്ധതിക്കു വേണ്ടി കല്ലിട്ട് തിരിച്ച കാലടി മുതൽ കോട്ടയം ജില്ലയിലെ രാമപുരം സ്റ്റേഷൻ വരെയുള്ള 70 കിലോമീറ്റർ പ്രദേശത്തെ സ്ഥലം ഉടമകൾക്ക് സ്ഥലം വിൽക്കാനോ ഈട് വെച്ച് ബാങ്ക് ലോൺ എടുക്കാനോ കഴിയാത്തത് ആക്ഷൻ കൗൺസിൽ മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ശ്രദ്ധയിൽപ്പെടുത്തി.
ശബരി മലയുടെ കവാടം എരുമേലിയാണെന്നും അങ്കമാലിയിൽ നിന്ന് എരുമേലി വഴി പമ്പയിലേയ്ക്ക് 145 കിലോമീറ്റർ ദൂരം മാത്രമുള്ളപ്പോൾ അങ്കമാലിയിൽ നിന്ന് ചെങ്ങന്നൂർ വഴി പമ്പയ്ക്ക് 201 കിലോമീറ്റർ ദൂരമുണ്ടെന്നും ആക്ഷൻ കൗൺസിൽ ഭാരവാഹികൾ മുഖ്യമന്ത്രിയെ ധരിപ്പിച്ചു. അങ്കമാലി-എരുമേലി റെയിൽവേയ്‌ക്കാണ് സംസ്ഥാന മുൻഗണന നൽകുന്നതെന്നും പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ചു കൊണ്ടുള്ള കത്ത് ഈ മാസം തന്നെ റെയിൽവേയ്‌ക്ക് നൽകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.