തിരുവനന്തപുരം: നഗരവാസികളെ ബന്ദിയാക്കി തലസ്ഥാനനഗരിയിലെ വികസനപ്രവർത്തനങ്ങൾ ഇഴയുകയാണെന്ന് കടകംപള്ളി സുരേന്ദ്രൻ എംഎൽഎ പൊതുവേദിയിൽ തുറന്നു പ്രഖ്യാപിക്കുമ്പോൾ, പാർട്ടി ഭേദമന്യേ അതിനോടു യോജിച്ചവർ ഏറെ. വർഷങ്ങളായി യാത്രസൗകര്യം നിഷേധിക്കപ്പെട്ട ജനങ്ങൾ നഗരത്തിൽ താമസിക്കുന്നുണ്ടെന്ന മുൻ മന്ത്രിയുടെ ആരോപണം നിഷേധിക്കാനാവാത്ത വസ്തുതയായി ശേഷിക്കുന്നു.
മേയർ ആര്യാ രാജേന്ദ്രൻ അടക്കമുള്ള കോർപ്പറേഷൻ ഭരണാധികാരികളെ വേദിയിലിരുത്തിയായിരുന്നു സിപിഎമ്മിന്‍റെ മുതിർന്ന നേതാവ് കൂടിയായ കടകംപള്ളിയുടെ വിമർശനം. സ്മാർട്ട് സിറ്റി, അമൃത് പദ്ധതികളിലെ വീഴ്ചയാണ് എംഎൽഎ ചൂണ്ടിക്കാട്ടിയത്. ഇത്തരം പദ്ധതികൾ തലസ്ഥാനനഗരത്തെ ശ്വാസം മുട്ടിക്കുന്നു.
സ്മാർട്ട് സിറ്റി പദ്ധതി വേണ്ടത്ര വേഗത്തിൽ നടപ്പാക്കുന്നില്ല. വർഷങ്ങളായി തലസ്ഥാനത്തെ റോഡുകൾ പൊളിച്ചിട്ടിരിക്കുന്നു. വികസനപദ്ധതികളുടെ പേരിൽ തലസ്ഥാന നഗരവാസികളെ തടവിലാക്കിയിരിക്കുന്നു. നഗരത്തിലെ വിവിധ ഭാഗങ്ങളിൽ യാത്ര തന്നെ അസാധ്യമാണ്. അമൃത് പദ്ധതിയുടെ ഭാഗമായി നഗരത്തിൽ ഗുരതരാവസ്ഥയാണെന്നും കടകംപള്ളി പറയുന്നു.
ചില പദ്ധതികൾ തുടങ്ങി എവിടെയും എത്താത്ത സാഹചര്യമുണ്ടെന്നും കടകംപള്ളി സുരേന്ദ്രൻ വിമർശിച്ചു. കോർപ്പറേഷനിലെ ഉദ്യോഗസ്ഥരെയും അദ്ദേഹം രൂക്ഷമായി വിമർശിച്ചു. ഉദ്യോഗസ്ഥർ ചെയ്യേണ്ട ജോലി കൗൺസിലർമാർ ചെയ്യേണ്ട അവസ്ഥയാണ് കോർപ്പറേഷനിൽ. ഫയലുകൾ പോലും ഒരു മേശയിൽ നിന്ന് അടുത്ത മേശയിൽ എത്തുന്നില്ല. ഉദ്യോഗസ്ഥർ വാങ്ങുന്ന ശമ്പളത്തിന് ജോലി ചെയ്യുന്നില്ലെന്നും ഒരോ ഫയലും ഒരോ ജീവിതമാണെന്ന കാര്യം അവർ മറക്കുകയാണെന്നും കടകംപള്ളി കുറ്റപ്പെടുത്തി.