Local

സീപോർട്ട് - എയർപോർട്ട് റോഡിന് പ്രതിരോധ മന്ത്രാലയത്തിന്‍റെ ഭൂമി

കളമശേരി: സീപോർട്ട് - എയർപോർട്ട് റോഡ് വികസനത്തിനായി എൻഎഡിയിൽ നിന്ന് വിട്ടുകിട്ടേണ്ട 2 .4967 ഹെക്റ്റർ ഭൂമി റോഡ് നിർമാണത്തിന് അനുവദിച്ച് രാഷ്‌ട്രപതിയുടെ ഉത്തരവിറങ്ങി. തൃക്കാക്കര നോർത്ത് വില്ലേജിലെ നിർദിഷ്ട ഭൂമി നിർമാണ പ്രവർത്തനങ്ങൾക്കായി റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡെവലപ്മെന്‍റ് കോർപ്പറേഷന് ഒരു മാസത്തിനുള്ളിൽ കൈമാറും.

ഭൂമി വിലയായി 23.06 കോടി രൂപയാണ് ആർബിഡിസികെ കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിനു നൽകേണ്ടത്. ഭൂമി ലഭ്യമാക്കിയതിന് പകരമായി എൻ.എ.ഡിയുമായുള്ള ധാരണപ്രകാരം എച്ച്.എം.ടി - എൻ.എ.ഡി റോഡ് 5.5 മീറ്റർ വീതിയിൽ പുനർനിർമ്മിക്കും. ഭൂമിക്കായുള്ള അപേക്ഷ വേഗത്തിൽ തീർപ്പാക്കാൻ കേന്ദ്ര പ്രതിരോധ മന്ത്രാലയവുമായി സംസ്ഥാന സർക്കാർ നിരന്തരമായി ബന്ധപ്പെട്ടു വരുകയായിരുന്നുവെന്ന് മന്ത്രി പി. രാജീവ്. സീപോർട്ട്- എയർപോർട്ട് റോഡ് വികസനത്തിന്‍റെ പ്രധാന തടസം ഇതിലൂടെ പരിഹരിക്കപ്പെട്ടതായും മന്ത്രി പറഞ്ഞു. കഴിഞ്ഞ 20 വർഷത്തിലേറെയായി റോഡ് വികസനത്തിലെ പ്രധാന കടമ്പയായിരുന്നു എൻ.എ.ഡി ഭൂമിപ്രശ്നം.

എച്ച്എംടി - എൻഎഡി തൊരപ്പ് റോഡ് വീതി കൂട്ടുന്നതിന്‍റെ ഭാഗമായി ഇലക്‌ട്രിക് പോസ്റ്റുകൾ, ട്രാൻസ്ഫോർമറുകൾ, ടെലിഫോൺ പോസ്റ്റുകൾ തുടങ്ങിയവ മാറ്റി സ്ഥാപിക്കും. പുതിയ ട്രാഫിക് സിഗ്നൽ പോയിന്‍റുകളും വരും.

സീപോർട്ട്- എയർപോർട്ട് റോഡ് വികസനത്തിന്‍റെ ഭാഗമായി എൻഎഡി - മഹിളാലയം റീച്ചിന് ആവശ്യമായ 722.04 കോടി രൂപ കൂടി അനുവദിക്കാൻ കഴിഞ്ഞ കിഫ്ബി ബോർഡ് യോഗം തീരുമാനിച്ചിരുന്നു. പുതുക്കിയ എസ്റ്റിമേറ്റനുസരിച്ചുള്ള തുകയാണ് അനുവദിച്ചിരിക്കുന്നത്.

നാലുവരിയാക്കാൻ അവശേഷിക്കുന്ന ഭാരത് മാത കോളേജ് - കളക്ടറേറ്റ് റീച്ചും ഇൻഫോപാർക്ക് - ഇരുമ്പനം പുതിയ റോഡ് റീച്ചും നാലുവരിയാക്കാനും എച്ച്എംടി ഭൂമി കൈമാറ്റവുമായി ബന്ധപ്പെട്ട തുടർനടപടികൾ വേഗത്തിലാക്കാനുമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. റോഡ് വികസനത്തിന് ആവശ്യമായ എച്ച്എംടി ഭൂമി ലഭ്യമാക്കുന്നതിന് 16.35 കോടി രൂപ ദേശസാൽകൃത ബാങ്കിൽ കെട്ടിവെക്കാൻ സുപ്രീം കോടതി അനുമതി തേടുകയും ചെയ്തു.

എ.കെ. ശശീന്ദ്രൻ മന്ത്രി സ്ഥാനം ഒഴിയാൻ ശരദ് പവാർ ആവശ്യപ്പെട്ടേക്കും

ലബനനിൽ വീണ്ടും സ്ഫോടനം; ഇത്തവണ വോക്കി ടോക്കി

ജമ്മു കശ്മീരിൽ 59% പോളിങ്

മലപ്പുറം സ്വദേശിക്ക് എംപോക്സ് സ്ഥിരീകരിച്ചു

അജ്മൽ കാറിന്‍റെ ഇൻഷുറൻസ് പുതുക്കിയത് അപകടശേഷം