തൃക്കാക്കര: കാക്കനാട് നഗരത്തിലെ ഗതാഗതക്കുരുക്കില്‍ നിന്ന് രക്ഷ നേടാന്‍ നഗരത്തില്‍ ആകാശപാത നിര്‍മിക്കണമെന്ന് നാറ്റ്പാക് സര്‍വേ റിപ്പോര്‍ട്ട്. തൃക്കാക്കര നഗരസഭ സ്റ്റാന്‍ഡില്‍ നിന്ന് കലക്‌ട്രേറ്റ് ജംക്‌ഷന്‍ വരെ മെട്രൊ സ്റ്റേഷനിലേക്ക് ലിഫ്റ്റും എസ്കലേറ്ററും ഒപ്പം മൂവിങ് പ്ലാറ്റ്‌ഫോം എന്നിവയെല്ലാം ഉള്‍പ്പെടുന്ന ആകാശപാത നിര്‍മിക്കണം എന്നാണ് നിര്‍ദേശം.
ഇതുകൂടാതെ, സീ പോര്‍ട്ട്-എയര്‍പോര്‍ട്ട് റോഡില്‍ തൃക്കാക്കര ഭാരത് മാതാ കോളെജ് മുതല്‍ കലക്‌ട്രേറ്റ് വരെയുള്ള ഭാഗം നാലുവരിപ്പാതയാക്കാനും നിര്‍ദേശത്തില്‍ പറയുന്നു.
നിലവില്‍ കാക്കനാട് നഗരത്തില്‍ ഗതാഗതക്കുരുക്ക് വര്‍ധിക്കുകയാണ്. ഈ ഘട്ടത്തില്‍ നിലവിലുള്ള സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്തി താത്കാലികമായി പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് തൃക്കാക്കര ഡെവലപ്മെന്‍റ് ഫോറത്തിന്‍റെയും എസ് സിഎംഎസ് കോളെജ് ഓഫ് എന്‍ജിനീയറിങ് വിദ്യാര്‍ഥികളുടെയും സഹകരത്തോടെയാണ് നാറ്റ്പാക് സര്‍വേ നടത്തിയത്.
അതേസമയം, തൃക്കാക്കര മേഖലയുടെ സമഗ്ര വികസനത്തിനായി നഗരസഭ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ 50 വര്‍ഷം മുന്നില്‍ കണ്ടുകൊണ്ടുള്ള മാസ്റ്റര്‍ പ്ലാന്‍ തയാറാക്കണമെന്ന് ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി മുഹമദ് ഹനീഷ് നിര്‍ദേശിച്ചു. ഒപ്പം നഗരത്തിലെ ഗതാഗതക്കുരുക്കിന് അടിയന്തര പരിഹാരം എന്ന നിലയില്‍ കലക്‌ട്രേറ്റ് ജംക്‌ഷന്‍റെ വികസനം, ഇന്‍ഫോപാര്‍ക്ക് റോഡ് വികസനം, നോണ്‍ മോട്ടോര്‍ബിള്‍ ട്രാന്‍സ്പോര്‍ട്ട് സംവിധാനങ്ങള്‍ എന്നിവയെല്ലാം ഊര്‍ജിതമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
നാറ്റ്പാക് സര്‍വേ പ്രകാരമുള്ള ഗതാഗത പരിഷ്കരണത്തിന് നേതൃത്വം നല്‍കാന്‍ ജില്ലാ കലക്റ്റര്‍ എന്‍.എസ്.കെ. ഉമേഷ്, എറണാകുളം ആര്‍ടിഒ ജി. അനന്തകൃഷ്ണന്‍, അസിസ്റ്റന്‍റ് കമ്മീഷണര്‍ പി.വി. ബേബി എന്നിവര്‍ക്ക് നിര്‍ദേശം നല്‍കി. ഒപ്പം തൃക്കാക്കര നഗരത്തിനായുള്ള വിശദ ടൗണ്‍ പ്ലാനിങ് സ്കീം ഉടന്‍ തന്നെ നടപ്പിലാക്കുമെന്ന് തൃക്കാക്കര നഗരസഭ ചെയര്‍പേഴ്സണ്‍ രാധാമണി പിള്ളയും അറിയിച്ചു.