Apple 
Local

ആപ്പിൾ ഹൈറ്റ്സ് ഫ്ലാറ്റ് നിവാസികളെ ഒഴിപ്പിക്കാൻ നോട്ടീസ്

തൃക്കാക്കര: അനധികൃത കെട്ടിട നിർമാണം നടത്തുകയും കോടികൾ നികുതി കുടിശിക വരുത്തുകയും ചെയ്ത സ്വകാര്യ ഫ്ലാറ്റിൽ നിന്നും ഉടനെ ഒഴിഞ്ഞ് പോകണമെന്ന് ആവശ്യപ്പെട്ട് ഉടമകൾക്ക് നഗരസഭ നോട്ടീസ് നൽകി. തൃക്കാക്കരയിലെ 23ാം വാർഡിൽ വാഴക്കാല ആപ്പിൾ ഹൈറ്റ്സ് ഫ്ലാറ്റിൽ താമസിക്കുന്ന നൂറോളം കുടുംബങ്ങൾക്കാണ് നോട്ടീസ്.

ഫ്ലാറ്റിൽ 1100 സ്ക്വയർ മീറ്ററിനു മേൽ അനധികൃത നിർമാണം നടത്തിയതായി ഉദ്യോഗസ്ഥർ കണ്ടത്തി. ഫയർ എൻഒസി, പൊല്യൂഷൻ കൺട്രോൾ ബോർഡ് എൻഒസി എന്നിവയും ഹാജരാക്കിയിട്ടില്ല. അനധികൃത നിർമാണം ക്രമവത്കരിക്കാൻ സർക്കാർ നിശ്ചയിച്ച 1.15 കോടി രൂപ നഗരസഭയിൽ അടയ്ക്കാൻ നേരത്തെ നോട്ടീസ് നൽകിയിരുന്നു. ഇത് അടയ്ക്കാൻ ഫ്ലാറ്റ് നിർമാതാക്കൾ തയാറായിരുന്നില്ല. ഇതാണ് ബാധ്യത ഫ്ലാറ്റ് വാങ്ങിയവരുടെ മേൽ വരാൻ കാരണം.

ഫ്ലാറ്റിന്‍റെ മുൻ ഭാഗത്ത് കൂടി പോകുന്ന മെട്രൊ റെയിലിന്‍റെ നഷ്ടപരിഹാരതുകയായ 1.36 കോടി രൂപ ഫ്ലാറ്റ് നിർമാതാക്കൾക്ക് നൽകുന്നതിനെതിരേ താമസക്കാരായ ഫ്ലാറ്റ് ഉടമകളുടെ അസോസിയേഷൻ പരാതി ഉന്നയിച്ചതിനെ തുടർന്ന് മെട്രൊ റെയിൽ ഈ തുക കോടതിയിൽ കെട്ടി വച്ചിരുന്നു. കഴിഞ്ഞ ഒക്ടോബർ ഏഴിന് നഗരസഭ ചെയർപേഴ്സൺ ഫ്ലാറ്റ് നിർമാതക്കളുമായി നടന്ന ചർച്ചയിൽ കോടതിയിൽ മെട്രൊ റെയിൽ കെട്ടിവച്ച തുകയിൽ നിന്നു നഗരസഭയ്ക്ക് ലഭിക്കേണ്ട 1.15 കോടി അടയ്ക്കണമെന്ന് നഗരസഭ ആവശ്യപ്പെട്ടു. ഇതും ഫ്ലാറ്റ് നിർമാതാക്കൾ അംഗീകരിച്ചില്ല.

പെർമിറ്റ് ഫീസ്, കെട്ടിട നികുതി ഇനങ്ങളിലും ഫ്ലാറ്റ് നിർമാതാക്കൾ നഗരസഭയ്ക്ക് കോടികൾ നൽകാനുണ്ട്. നിയമാനുസൃത എൻഒസികളോ അനുമതിയോ കൂടാതെ അനധികൃതമായി ആളുകളെ താമസിപ്പിക്കുന്നത് ഭാവിയിൽ ഗുരുതരമായ പ്രശ്നങ്ങൾ ഉണ്ടാക്കുമെന്നും അതുകൊണ്ട് ഫ്ലാറ്റിൽ അനധികൃതമായി താമസിക്കുന്ന മുഴുവൻ ആളുകളും ഒഴിയണമെന്നും ആവശ്യപ്പെട്ടാണ് നഗരസഭ കത്ത് നൽകിയിരിക്കുന്നത്.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു