Representative image for a construction site 
Local

കൊച്ചിയിൽ പുർവ ഫ്ളാറ്റ് നിർമാണം നഗരസഭ തടഞ്ഞു

സ്വന്തം ലേഖകൻ

കൊച്ചി: ഇടപ്പള്ളിയില്‍ പുര്‍വ റിയാലിറ്റിസ് ലിമിറ്റഡ് നിര്‍മിക്കുന്ന പ്രൊവിഡന്‍റ് വിന്‍വര്‍ത്തിന്‍റെ നിര്‍മ്മാണത്തിന് തൃക്കാക്കര നഗരസഭയുടെ സ്റ്റോപ്പ് മെമ്മോ. തോട് കൈയേറിയും നീരൊഴുക്കു തടസപ്പെടുത്തും വിധം നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയതും ബോധ്യപ്പെട്ടതിനാലാണ് നിര്‍മാണം നിര്‍ത്തി വയ്ക്കാന്‍ നഗരസഭാ സെക്രട്ടറി നോട്ടീസ് നല്‍കിയത്.

പുര്‍വ റിയാലിറ്റേഴ്സ്, മെല്‍മോണ്ട് കണ്‍സ്ട്രക്ഷന്‍ എന്നീ കമ്പനികളുടെ പേരിലുള്ള ഭൂമിയിലാണ് നിർമാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. തോടിന്‍റെ സംരക്ഷണഭിത്തി പൊളിച്ചു നീക്കിയതായും നഗരസഭ നടത്തിയ അന്വേഷണത്തില്‍ ബോധ്യപ്പെട്ടു. നഗരസഭയുടെ അനുമതി വാങ്ങാതെ തോടിനു മുകളില്‍ സ്ലാബ് സ്ഥാപിച്ചതായും സെക്രട്ടറി നല്‍കിയ നോട്ടീസില്‍ പറയുന്നു. തോട് ആരംഭിക്കുന്ന ഭാഗത്ത് ഭിത്തി കെട്ടിയതായും തോട്ടില്‍ മാലിന്യം നിറഞ്ഞ് പകര്‍ച്ചവ്യാധികള്‍ക് കാരണമായേക്കാമെന്നും സെക്രട്ടറിയുടെ നോട്ടീസില്‍ ചൂണ്ടിക്കാട്ടുന്നു. തോടിന്‍റെ സംരക്ഷണ ഭിത്തി പുനഃസ്ഥാപിക്കണമെന്നും സ്ളാബ് പൊളിച്ചു മാറ്റണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അശാസ്ത്രീയമായ നിർമാണ പ്രവര്‍ത്തനങ്ങള്‍ പ്രദേശവാസികള്‍ക്ക് നിരവധിയായ ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നതായി നഗരസഭയ്ക്ക് പരാതി ലഭിച്ചിരുന്നു. നീരൊഴുക്ക് തടഞ്ഞ് വെള്ളം കെട്ടിക്കിടക്കുന്നത് മൂലം ഡങ്കിപ്പനി, ചിക്കന്‍പോക്സ് തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ പ്രദേശത്ത് വ്യാപകമായിരുന്നു. കുട്ടികളുടെ ശരീരം ചൊറിഞ്ഞു തടിക്കുകയും കുമിളകള്‍ പ്രത്യക്ഷപ്പെടുകയും ചെയ്യുന്നതായി പ്രദേശവാസികള്‍ പരാതിപ്പെട്ടിരുന്നു.

വൃത്തിഹീനമായ അന്തരീക്ഷത്തിലാണ് ഇവിടത്തെ തൊഴിലാളികള്‍ താമസിക്കുന്നതെന്നും പ്രദേശവാസികള്‍ ആരോപിക്കുന്നു. ഭക്ഷണാവശിഷ്ടങ്ങളും ശുചിമുറി മാലിന്യങ്ങളും ഉള്‍പ്പെടെ നഗരസഭയുടെ ഉടമസ്ഥതയിലുള്ള പൊതുതോട്ടിലേക്കാണ് തള്ളുന്നത്. ഇത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങള്‍ക്ക് കാരണമാകുന്നു. പതിനഞ്ചോളം ഭവന സമുച്ചയങ്ങളിലായി രണ്ടായിരം ഫ്ലാറ്റുകള്‍ നിർമിക്കുന്നതിനായാണ് നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചത്. പ്രാഥമികഘട്ടം എന്ന നിലയില്‍ നാല് ഭവന സമുച്ചയങ്ങളുടെ നിർമാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്.

ഈ പ്രവര്‍ത്തികള്‍ ആരംഭിച്ചതിനുശേഷം സമീപത്തെ പല കെട്ടിടങ്ങള്‍ക്കും കേടുപാടുകള്‍ പറ്റിയത് പരിഹരിക്കാന്‍ കമ്പനി തയാറായിട്ടില്ലന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. സമീപ കെട്ടിടങ്ങള്‍ക്ക് ഉണ്ടാകുന്ന കേടുപാടുകള്‍ പരിഹരിക്കുന്നത് സംബന്ധിച്ച് രേഖാമൂലം ഉറപ്പു നല്‍കുന്നതിനും കരാര്‍ ഒപ്പിടുന്നതിനും കമ്പനി അധികൃതര്‍ തയാറാവാത്തതില്‍ തദ്ദേശവാസികള്‍ കടുത്ത പ്രതിഷേധത്തിലാണ്.

നിർമാണ പ്രവര്‍ത്തികള്‍ ആരംഭിച്ചതിനു ശേഷം പെയ്ത മഴയില്‍ സമീപവീടുകളില്‍ വെള്ളം കയറുന്ന സാഹചര്യം ഉണ്ടായി. മൂന്നേക്കറില്‍ താഴെ വരുന്ന പ്രദേശത്ത് മാത്രമാണ് നിലവില്‍ നിർമാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 18 ഏക്കറോളം വരുന്ന ഭൂമി പൂർണമായും നികത്തപ്പെടുന്നതിനു മുന്‍പ് തണ്ണീര്‍ത്തട നെല്‍വയല്‍ നിയമപ്രകാരമുള്ള നടപടികള്‍ സ്വീകരിക്കണമെന്നും ജലനിര്‍ഗമനം മാര്‍ഗങ്ങള്‍ നിര്‍മ്മിക്കുമെന്നും ബന്ധപ്പെട്ട അധികാരികള്‍ ഉറപ്പുവരുത്തണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെടുന്നു. ഉദ്യോഗസ്ഥരെയും കോടതിയെപ്പോലും തെറ്റിദ്ധരിപ്പിച്ച് തണ്ണീര്‍ത്തട നിയമത്തെ അട്ടിമറിക്കാനുള്ള ശ്രമമാണ് കമ്പനി അധികൃതര്‍ നടത്തുന്നതെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

നിര്‍മ്മാണ പ്രവൃത്തികള്‍ നടത്തുന്നതിന് കോടതിയില്‍ നിന്ന് നേടിയെടുത്ത ഉത്തരവ് പോലും കൃത്രിമ രേഖകളുടെ പിന്‍ബലത്തില്‍ ആണെന്നും ഇതിനെതിരെ കോടതിയെ സമീപിക്കുമെന്നും ആക്ഷന്‍ കൗണ്‍സില്‍ അറിയിച്ചു. കേരളം കണ്ട ഏറ്റവും വലിയ കോര്‍പ്പറേറ്റ് അഴിമതിയാണിതെന്ന് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ ആരോപിക്കുന്നു. ഇടപ്പള്ളി തോട് കൈയേറിയാണ് ഇവരുടെ സൈറ്റ് ഓഫീസ്, പാലം എന്നിവ നിര്‍മ്മിച്ചതെന്ന് ആരോപണവും നിലനില്‍ക്കുന്നു. പരാതികള്‍ക്ക് പരിഹാരമാകുന്നില്ലെങ്കില്‍ പ്രക്ഷോഭത്തിന് തയാറെടുക്കുകയാണ് നാട്ടുകാര്‍.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു