കോഴിക്കോട്: സ്വകാര്യ ബസിന്‍റെ ഹൈഡ്രോളിക് വാതിലിനിടയിൽപ്പെട്ട് വിദ്യാർഥിനിക്ക് പരുക്ക്. പ്ലസ് വൺ വിദ്യാർഥിനി ആയിഷ റിഫ(16)യ്ക്കാണ് പരുക്കേറ്റത്.
ചൊവ്വാഴ്ച രാവിലെ 7.30-ഓടെയായിരുന്നു സംഭവം. കട്ടിപ്പാറ - താമരശേരി റൂട്ടിൽ ഓടുന്ന ഗായത്രി ബസിലാണ് അപകടമുണ്ടായത്. പൊലീസിൽ പരാതി നൽകിയെങ്കിലും തിരിഞ്ഞുനോക്കിയില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു.
താൻ വാതിലിനിടയിൽ കുടുങ്ങി കിടക്കുന്നത് കണ്ടെങ്കിലും ബസ് നിർത്താൻ കണ്ടക്ടർ ആവശ്യപ്പെട്ടില്ലെന്ന് വിദ്യാർഥിനി.
വേദന സഹിക്കാനാകാതെ കരഞ്ഞ കുട്ടിയെ വിജനമായ സ്ഥലത്ത് ഇറക്കിവിട്ടതായും ആരോപണമുണ്ട്. വീടിന് സമീപത്തെ സ്റ്റോപ്പിൽ നിന്നായിരുന്നു വിദ്യാർഥിനി ബസിൽ കയറിയത്. തിരക്കുകാരണം ഡോർ സ്റ്റെപ്പിൽനിന്ന് അകത്തേക്ക് കയറാൻ സാധിക്കാതിരുന്ന വിദ്യാർഥിനിയുടെ ദേഹത്തേക്ക് വാതിൽ വന്ന് അമരുകയായിരുന്നു.
കൈകൊണ്ട് തള്ളിയെങ്കിലും വാതിൽ മാറ്റാനായില്ല. തുടർന്ന് ബസിൽനിന്ന് ഇറങ്ങണമെന്ന് കരഞ്ഞു പറഞ്ഞ കുട്ടിയെ രണ്ട് സ്റ്റോപ്പ് അകലെ വിജനമായ സ്ഥലത്ത് ഇറക്കിവിടുകയായിരുന്നു.
പരിക്കേറ്റ വിദ്യാർഥിനിയെ ആദ്യം താമരശേരി താലൂക്ക് ആശുപത്രിയിലും പിന്നീട് പുനൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ചികിത്സയ്ക്കുശേഷം, രാവിലെതന്നെ റിഫയുടെ അമ്മ പൊലീസിൽ പരാതി നൽകി. എന്നാൽ, രാത്രിവരെ മൊഴി രേഖപ്പെടുത്താൻ പോലീസ് എത്തിയില്ലെന്ന് അമ്മ പറഞ്ഞു.