Local

കെ.എം. മാണി സ്മരണയിൽ ചാഴികാടന്‍റെ പര്യടന പരിപാടികൾക്കു പാലായിൽ തുടക്കം

പാലാ: ''ടോമി..., ജനത്തിനു വേണ്ടത് വികസനമാണ്. അത് ചെയ്യണം. അതുണ്ടെങ്കില്‍ രാഷ്‌ട്രീയം നോക്കാതെ ജനം സ്വീകരിക്കും'', കെ.എം. മാണി തന്നോടു പറഞ്ഞ അവസാന വാക്കുകൾ തോമസ് ചാഴികാടന്‍ ഓർത്തെടുത്തു. കെ.എം. മാണി സ്മരണയില്‍ കോട്ടയം മണ്ഡലത്തിലെ വിപുലമായ പര്യടന പരിപാടികള്‍ക്കും അദ്ദേഹം പാലായില്‍ തുടക്കം കുറിച്ചു.

രാവിലെ പാലാ കത്തീഡ്രല്‍ ദേവാലയത്തില്‍ കെ.എം മാണി സാറിന്‍റെ കല്ലറയിലെത്തി പ്രാര്‍ഥിച്ച് അനുഗ്രഹം വാങ്ങിയാണ് ആദ്യ പര്യടന കേന്ദ്രമായ കൊല്ലപ്പള്ളിക്ക് ചാഴികാടന്‍ യാത്ര തിരിച്ചത്. കരള കോണ്‍ഗ്രസ് - എം ചെയര്‍മാന്‍ ജോസ് കെ മാണി എംപിയും പര്യടനത്തില്‍ ഒപ്പമുണ്ടായിരുന്നു.

രാഷ്‌ട്രീയത്തിനതീതമായി 53 വര്‍ഷം പാലായിലെ ജനപ്രതിനിധിയായിരിക്കാന്‍ കെ.എം മാണി സാറിന് കഴിഞ്ഞത് വികസന പ്രവര്‍ത്തനങ്ങളിലൂടെ ജനങ്ങള്‍ക്കൊപ്പം നിന്നതിനാലാണെന്നും ആ മാണി സാര്‍ പകര്‍ന്നു നല്‍കുന്ന ഊര്‍ജമാണ് തന്‍റെ ശക്തിയെന്നും ചാഴികാടന്‍ പറഞ്ഞു.

അര നൂറ്റാണ്ടിനപ്പുറം നീണ്ട ഐതിഹാസികമായ രാഷ്‌ട്രീയ ജീവിതത്തിനൊടുവില്‍ മാണി സാറിന്‍റെ ഏറ്റവും അവസാനത്തെ പത്രസമ്മേളനവും അവസാന തീരുമാനവും തന്നെ ലോക്സഭാ സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുന്നതായിരുന്നു എന്നും അദ്ദേഹം ഓർമിപ്പിച്ചു.

''വികസനത്തെക്കുറിച്ച് മാണി സാര്‍ പറഞ്ഞ ആ വാക്കുകളാണ് 100 ശതമാനം ഫണ്ട് വിനിയോഗത്തിനും 4100 കോടിയുടെ പദ്ധതികള്‍ കോട്ടയത്തെത്തിക്കാനും എനിക്ക് കരുത്തായത്'', തോമസ് ചാഴികാടന്‍ പറഞ്ഞു.

പാലാ നിയോജക മണ്ഡലം പര്യടനത്തിന്‍റെ തുടക്കം കൊല്ലപ്പള്ളി ടൗണില്‍ മന്ത്രി വി.എന്‍ വാസവനാണ് നിര്‍വഹിച്ചത്. 100 ശതമാനം ഫണ്ട് വിനിയോഗവും വികസന പ്രവര്‍ത്തനങ്ങളും വഴി കേരളത്തിലെ ഒന്നാമനായ എംപിയെയാണ് ഇടതുപക്ഷ ജനാധിപത്യ മുന്നണി കോട്ടയത്ത് വീണ്ടും മത്സരിപ്പിക്കുന്നതെന്ന് മന്ത്രി വാസവന്‍ പറഞ്ഞു.

ജോസ് കെ മാണി എംപിയും പര്യടന കേന്ദ്രങ്ങളില്‍ സ്ഥാനാര്‍ഥിക്കുവേണ്ടി വോട്ട് അഭ്യര്‍ഥനയുമായി കടകള്‍ കയറിയിറങ്ങി. പാലാ നിയോജക മണ്ഡലത്തിലെ ആദ്യഘട്ട പര്യടനമാണ് ചൊവ്വാഴ്ച നടക്കുന്നത്.

തെര‌ഞ്ഞെടുപ്പ് പര്യടന വേളയില്‍ മാലയും ബൊക്കെയും പരമാവധി ഒഴിവാക്കണമെന്നാണ് ചാഴികാടൻ അഭ്യർഥിച്ചിരിക്കുന്നത്. സ്വീകരണ കേന്ദ്രങ്ങളില്‍ ഹാരാര്‍പ്പണത്തിനായി നൂറു കണക്കിന് മാലയും ബൊക്കെയുമായി പ്രവര്‍ത്തകര്‍ എത്തുന്നത് ഒഴിവാക്കണമെന്നാണ് നിര്‍ദേശം.

ഒരു പൂവോ ഒരു ഹസ്തദാനമോ ധാരാളമാണെന്നാണ് ചാഴികാടന്‍റെ നിലപാട്. ഫ്രഷ് പൂക്കളില്‍ ഉണ്ടാക്കുന്ന ബൊക്കെകള്‍ പിന്നീട് വഴിയില്‍ ചിതറി കിടക്കുന്നതാണ് പതിവ്. മാലകള്‍ക്കായും പ്രവര്‍ത്തകര്‍ പണം ചിലവാക്കേണ്ടി വരും. അതും പിന്നീട് ഉപയോഗ യോഗ്യമല്ലാതെ വെറുതെ കിടക്കും. അത്തരം സാഹചര്യങ്ങള്‍ ഒഴിവാക്കി ലളിതമായ രീതിയിലായിരിക്കണം സ്വീകരണം എന്നാണ് നിര്‍ദേശം.

പാലാ നിയോജക മണ്ഡലത്തിലെ ഒന്നാം ഘട്ട പര്യടനത്തില്‍ തുടക്കത്തിൽ ഇപ്രകാരം ഓരോ റോസാ പൂക്കള്‍ നല്‍കിയാണ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ഥിയെ വരവേറ്റത്. അവ കളയാതെ തുറന്ന വാഹനത്തില്‍ തന്നെ സൂക്ഷിച്ച് പരിപാടിക്കെത്തുന്ന കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമൊക്കെ കൊടുത്തു വിടുകയായിരുന്നു സ്ഥാനാര്‍ഥി. എന്നാൽ ഓരോ പോയിന്‍റ് പിന്നിടുമ്പോഴും മാലയുടെ എണ്ണം കൂടി വന്നു. എന്നാലും അതും സ്വീകരിക്കാൻ അദ്ദേഹം സന്നദ്ധനായി.

'ഒരു രാജ്യം ഒറ്റ തെരഞ്ഞെടുപ്പ്' 2029ൽ?

വയനാട് ദുരന്തം: പ്രചരിക്കുന്ന കണക്ക് വസ്തുതാവിരുദ്ധമെന്ന് സർക്കാർ

കേരളത്തിലേത് ദുരന്തമുണ്ടാകാൻ കാത്തിരിക്കുന്ന സർക്കാർ: പി.എം.എ. സലാം

റേഷൻ കാർഡ് ഉടമകളുടെ ഇ കെവൈസി അപ്ഡേഷൻ 18 മുതൽ

ജമ്മു കശ്മീരിൽ ഒന്നാം ഘട്ടം പരസ്യ പ്രചാരണം സമാപിച്ചു