അങ്കമാലി: കുര്‍ബാന തര്‍ക്കത്തിന്‍റെ ഭാഗമായി മഞ്ഞപ്ര മാര്‍ സ്ലീവ ഫൊറോന പള്ളിയില്‍ ഇന്നലെ ഇരു വിഭാഗം വിശ്വാസികള്‍ തമ്മില്‍ പരസ്പരം കൂകി വിളിയും പോര്‍വിളിയുമായി വന്നു. രാവിലെ ഏഴ് മണിയുടെ വിശുദ്ധ കുര്‍ബാനക്ക് മുന്‍പേ തന്നെ ഇരു വിഭാഗത്തില്‍ പെട്ടവര്‍ പള്ളിയുടെ സങ്കീര്‍ത്തിക്ക് മുന്നില്‍ തമ്പടിച്ചു.
ദിവസങ്ങള്‍ക്ക് മുന്‍പ് അള്‍ത്താര കുര്‍ബാന അനുകൂലികള്‍ വികാരി ഫാ. സെബാസ്റ്റ്യന്‍ ഊരക്കാടനെ നേരില്‍ കണ്ട് വലിയ നോമ്പിന്‍റെ പ്രാരംഭ ദിനമായ ഇന്നലെ മുതല്‍ അള്‍ത്താരഭിമുഖ കുര്‍ബാന പള്ളിയില്‍ അര്‍പ്പിക്കണമെന്ന് വികാരിയോട് കത്ത് മൂലം ആവശ്യപ്പെട്ടിരുന്നു. സിനഡ് കുര്‍ബാന അര്‍പ്പിക്കണമെന്ന ആവശ്യം വികാരിയോട് ചിലര്‍ചൂണ്ടിക്കാട്ടിയെങ്കിലും ഭൂരിപക്ഷം വിശ്വാസികളുടെ താത്പര്യം കണക്കിലെടുത്ത് ജനാഭിമുഖ കുർബാന അര്‍പ്പിക്കാനാണ് അദ്ദേഹം താത്പര്യം കാണിച്ചത്.
വൈദികനും അള്‍ത്താര കുര്‍ബാന അനുകൂലികളും തമ്മില്‍ ഏറെ നേരം വാഗ്വാദത്തില്‍ ഏര്‍പ്പെടുകയും വികാരിയെ ഏകദേശം 20 മിനിറ്റ് ബന്ദിയാക്കി വയ്ക്കുകയും ചെയ്തു. തുടര്‍ന്ന് അദ്ദേഹം ജനാഭിമുഖകുര്‍ബാന അര്‍പ്പിച്ചു. കുര്‍ബാനക്ക് മുന്‍പേ തന്നെ ഇരു വിഭാഗം വിശ്വാസികളും നടത്തിയ പോര്‍വിളി മൂലം പള്ളിപരിസരം ശബ്ദമുഖരിതമായിരുന്നു. അര മണിക്കുറിലധികം രൂക്ഷമായ വാദപ്രതിവാദങ്ങളായിരുന്നു ഇരു വിഭാഗവും ഉയര്‍ത്തിയത്.