കൊച്ചി: കാക്കനാട്ടെ ഡിഎൽഎഫ് ഫ്ലാറ്റിൽ ഛർദിയും വയറിളക്കവുമായി 350 പേർ ചികിത്സയിൽ. സാമ്പിൾ പരിശോധനയിൽ കുടിവെള്ളത്തിൽ ഇ-കോളി ബാക്ടീരിയയുടെ സാന്നിധ്യം സ്ഥിരീകരിച്ചു. 15 ടവറുകളിലായി 1268 ഫ്ലാറ്റിൽ 5000 ത്തിന് മുകളിൽ ആളുകൾ ഇവിടെ താമസിക്കുന്നുണ്ട്. ചികിത്സയിലുള്ളവരിൽ 5 വയസിന് താഴെയുള്ള 25 കുട്ടികളുമുണ്ട്.
കഴിഞ്ഞ 2 മാസത്തിനിടെയാണ് ഫ്ലാറ്റിലെ താമസക്കാര്‍ ചികിത്സ തേടിയത്. ജൂൺ ഒന്നിനാണ് ആദ്യ കേസ് റിപ്പോർട്ട് ചെയ്തത്. തുടർന്നുള്ള ദിവസങ്ങളിൽ എണ്ണം വർധിക്കുകയായിരുന്നു. തിങ്കളാഴ്ച വരെ ഏകദേശം 338 പേർ ചികിത്സ തേടിയെന്നാണ് കണക്ക്.
മെയ് 27, 28 തീയതികൾ പെയ്‌ത ശക്തമായ മഴയെ തുടർന്ന് കാക്കാനാട് വലിയ രീതിയിലുള്ള വെള്ളക്കെട്ട് ഉണ്ടായിരുന്നു. ഫ്ലാറ്റിന്‍റെ താഴ്‌ഭാഗം വരെ മുങ്ങിപോകുന്ന അവസ്ഥയുണ്ടായി. ഇതിന് പിന്നാലെയാണ് ആരോഗ്യ പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്തത്. ഫ്ലാറ്റിന് താഴെത്തെ ജല സംഭരണിയിൽ മലിനജലം കയറിയതാകാം ആരോഗ്യപ്രശ്‌നത്തിന് കാരണമെന്നാണ് കരുതുന്നത്.
ഫ്ലാറ്റിലെ കിണറുകൾ, മഴവെള്ളം, ബോർവെൽ, മുനിസിപ്പൽ ലൈൻ തുടങ്ങിയവയാണ് ഫ്ലാറ്റിലെ പ്രധാന ജല സ്രോതസുകൾ. ഇവയിൽ ഏതിൽ നിന്നാണ് രോഗം പടർന്നതെന്നാണ് കണ്ടെത്തേണ്ടത്. നിലവിൽ ഈ സ്രോതസുകൾ എല്ലാം അടച്ച് ടാങ്കർ വഴി വെള്ളം എത്തിച്ചാണ് ഫ്ലാറ്റിലെ ജല ഉപയോഗം നടത്തുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ പരിശോധനകളും ക്ലോറിനേഷൻ അടക്കമുള്ള നടപടികൾ തുടങ്ങി.