കൊച്ചി: ഏകീകൃത കുര്‍ബാന വിഷയത്തില്‍ എറണാകുളം പറവൂര്‍ കോട്ടക്കാവ് സെന്‍റ് തോമസ് പള്ളിയില്‍ സംഘര്‍ഷം. ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കാനെത്തിയ വികാരി ജോസ് പുതിയേടത്തിനെ ഒരു വിഭാഗം തടഞ്ഞു. ഇരുവിഭാഗവും തമ്മില്‍ രൂക്ഷമായ വാക്ക് തര്‍ക്കം നടന്നു. തുടർന്ന് പൊലീസ് സ്ഥലത്തെത്തി. എറണാകുളം അങ്കമാലി അതിരൂപതയിലെ പ്രധാന പള്ളികളില്‍ ഒന്നാണ് കോട്ടക്കാവ് സെന്‍റ് തോമസ് പള്ളി. ഞായറാഴ്ച രാവിലെ അഞ്ചരയ്ക്കായിരുന്നു പള്ളിയിലെ ആദ്യ കുര്‍ബാന.
നിലവില്‍ ജനാഭിമുഖ കുര്‍ബാനയാണ് പള്ളിയില്‍ നടത്തി വരുന്നത്. പക്ഷേ, ഈയാഴ്ച ജനാഭിമുഖ കുര്‍ബാന അര്‍പ്പിക്കാനെത്തിയ വികാരി ജോസ് പുതിയേടത്തിനെ ഒരു വിഭാഗം വിശ്വാസികള്‍ തടയുകയായിരുന്നു. സിനഡ് നിര്‍ദേശിച്ച ഏകീകൃത കുര്‍ബാന നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ജനാഭിമുഖ കുര്‍ബാനയ്‌ക്കെതിരെ ബാനറുകളേന്തിയാണ് വികാരിയെ തടഞ്ഞത്.
അതേസമയം, മറ്റൊരു വിഭാഗം വിശ്വാസികള്‍ നിലവില്‍ തുടരുന്ന ജനാഭിമുഖ കുര്‍ബാന തന്നെ തുടരണമെന്ന് ആവശ്യപ്പെട്ടതോടെ വിശ്വാസികള്‍ തമ്മില്‍ തര്‍ക്കവും കൈയാങ്കളിയുമുണ്ടായി. മാർപ്പാപ്പയുടെ പ്രതിനിധി വന്നു പോയിട്ടും കുർബാന തർക്കം പരിഹാരമില്ലാത്ത തുടരുകയാണ്. ഏതെങ്കിലും ഒരു പള്ളിയിലെങ്കിലും തർക്കവും സംഘർഷവും ഇല്ലാത്ത ഞായറാഴ്ചകൾ ഇല്ലായെന്നതാണ് ഇപ്പോഴത്തെ സ്‌ഥിതി. പരിഹാരമൊന്നുമില്ലാതെ തർക്കം ഇനിയും തുടരുമെന്നാണ് തുടരുന്ന സംഘർഷങ്ങൾ നൽകുന്ന സൂചന.