താനെ: കല്യാണിൽ 13കാരൻ ആത്മഹത്യ ചെയ്തതിനു പിന്നിൽ അധ്യാപികയുടെ നിരന്തരമായ അവഹേളനമെന്ന് സൂചന. ഓഗസ്റ്റ് 11 നാണ് കല്യാണിലെ വീട്ടിൽ 13 വയസ്സുള്ള സ്കൂൾ വിദ്യാർത്ഥി ദുപ്പട്ട ഉപയോഗിച്ച് തൂങ്ങി ആത്മഹത്യ ചെയ്തത്. എട്ടാം ക്ലാസ് വിദ്യാർത്ഥിയായ വിഘ്‌നേഷ് ആണ് ആത്മഹത്യ ചെയ്തത്. കല്യാണിൽ മാതാപിതാക്കളോടും സഹോദരിയോടുമൊപ്പം താമസിച്ചു വരികയായിരുന്നു വിഘ്‌നേഷ്. ഞായറാഴ്ച വൈകുന്നേരം പിതാവ് ജോലിസ്ഥലത്തും അമ്മയും സഹോദരിയും ചില ജോലികൾക്കുമായി പോയ സമയത്തായിരുന്നു ആത്മഹത്യ.
വീട്ടിൽ തിരിച്ചെത്തിയ അമ്മയും മകളും മുറിയിൽ വിഘ്‌നേഷിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നുവെന്ന് കോൾസെവാഡി പോലീസ് പറഞ്ഞു. അവർ ഉടൻ തന്നെ അയൽക്കാരെയും ഭർത്താവിനെയും ബന്ധുക്കളെയും വിവരമറിയിക്കുകയും അടുത്തുള്ള രുഖ്മാനി ബായ് ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു. എന്നാൽ ആശുപത്രിയിൽ എത്തിയപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം അന്തിമ ചടങ്ങുകൾക്കായി കുടുംബാംഗങ്ങൾക്ക് വിട്ടുകൊടുത്തു.
സ്‌കൂളിലെ ഒരു അധ്യാപികയും മറ്റൊരു വിദ്യാർഥിയും തന്നെ സ്ഥിരമായി അവഹേളിച്ചിരുന്നുവെന്നും അനാവശ്യമായ സമ്മർദം ചെലുത്തിയിരുന്നെന്നും എഴുതിയ കുറിപ്പ് വിഘ്നേഷിന്‍റെ വീട്ടിൽ നിന്ന് കണ്ടെത്തി. തന്‍റെ സഹോദരിയോട് ആരും ദേഷ്യപ്പെടരുതെന്നും മരണശേഷം വീട്ടുചെലവുകൾ കുറവായിരിക്കുമെന്നും ആത്മഹത്യാ കുറിപ്പിലുണ്ട്.
അതേസമയം "കൂടുതൽ അന്വേഷണം തുടരുകയാണെന്നും ഞങ്ങൾ അധ്യാപകരെയും വിദ്യാർഥികളെയും ഈ വിഷയത്തിൽ ചോദ്യം ചെയ്യുകയും മൊഴി രേഖപ്പെടുത്തുകയും ചെയ്തുവെന്നും " കോൾസെവാഡി പോലീസ് സ്റ്റേഷനിലെ സീനിയർ പോലീസ് ഇൻസ്പെക്ടർ അശോക് കദം പറഞ്ഞു.
വിഷയത്തിൽ കല്യാണിൽ നിന്നുള്ള കോൺഗ്രസ് വനിതാ സെൽ നേതാവ് കാഞ്ചൻ ചൗധരിയും പ്രവർത്തകരും പോലീസ് സ്റ്റേഷനിലെത്തി മരണത്തിന് ഉത്തരവാദികളായവർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് മെമ്മോറാണ്ടം സമർപ്പിച്ചു.