മുംബൈ: രാഷ്ട്രീയം ഒരു തെരഞ്ഞെടുപ്പ് തോൽവി കൊണ്ട് അവസാനിക്കില്ലെന്ന് എഐസിസി ജോയിന്റ് സെക്രട്ടറി മാത്യു ആന്റണി. മഹാരാഷ്ട്രയിൽ കോൺഗ്രസ് നേതൃത്വത്തിൽ ഉള്ള പ്രതിപക്ഷ സഖ്യമായ മഹാ വികാസ് അഘാടി കനത്ത പരാജയം ഏറ്റു വാങ്ങിയിരുന്നു. അതിനു പിന്നാലെയാണ് മുംബൈ നിവാസിയായ മാത്യു ആന്റണി ഫെയ്സ്ബുക്കിലൂടെ തന്റെ അഭിപ്രായം വ്യക്തമാക്കിയത്.
"കോൺഗ്രസ്, എം വി എ, പ്രവർത്തകർക്ക് ഏറ്റവും പ്രയാസകരമായ സമയമാണിത്, നമ്മുടെ രാഷ്ട്രീയം ഒരു തെരഞ്ഞെടുപ്പ് തോൽവി കൊണ്ട് അവസാനിക്കില്ല. വാർഡിലും പ്രദേശത്തുമൊക്കെയായി എത്ര ബുദ്ധിമുട്ടിയാണ് പൊതു രംഗത്ത് നാം തുടരുന്നതെന്നു നമുക്കറിയാം.
നമുക്ക് പരസ്പരം സഹായിക്കേണ്ട സാഹചര്യമാണുള്ളത്. ഒരു കോൺഗ്രസ് പ്രവർത്തകനെന്ന നിലയിൽ, എന്നെക്കൊണ്ട് കഴിയുന്ന എന്ത് സഹായത്തിനും ഞാൻ മുൻപന്തിയിൽ ഉണ്ടാകും. എന്റെ വീടും ഓഫീസും നിങ്ങൾക്കായി എപ്പോൾ വേണമെങ്കിലും തുറന്ന് തന്നെ ഇരിക്കും. നമുക്ക് ഒരുമിച്ച് നേരിടാം" എന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.