നവി മുംബൈ: മുംബൈ ട്രാൻസ്-ഹാർബർ ലിങ്ക് (എംടിഎച്ച്എൽ) പാലത്തിൽ നിന്ന് 56 കാരിയെ രക്ഷപ്പെടുത്തിയ ക്യാബ് ഡ്രൈവർ സഞ്ജയ് യാദവിന് സോഷ്യൽ മീഡിയയിൽ അഭിനന്ദന പ്രവാഹം. വീഡിയോ വൈറൽ ആയതോടെ നിരവധി പ്രമുഖരാണ് യാദവിനെ നേരിട്ടും അല്ലാതെയും അഭിനന്ദിക്കുന്നത്. ഒറ്റ ദിവസം കൊണ്ട് പ്രശസ്തനായതിന്‍റെസന്തോഷത്തിലാണ് യാദവ്. യാദവിന്‍റെ സുഹൃത്തിന്‍റെ ടാക്സിയിലെ സ്ഥിരം യാത്രക്കാരിയായിരുന്നു റീമ പട്ടേൽ. എന്നാൽ വെള്ളിയാഴ്ച സുഹൃത്ത് ലോണാവാലയിൽ പോയിരുന്നതിനാൽ റീമ പട്ടേലിനെ കൊണ്ടുപോകാൻ യാദവിനോട് ആവശ്യപ്പെടുകയായിരുന്നു.
“ടാക്‌സിയിലിരിക്കുമ്പോൾ അവർ അസ്വസ്ഥയായിരിക്കുന്നതായി തോന്നി. ആദ്യം ഐറോളിയിലേക്ക് പോകാനായിരുന്നു അവർ ആവശ്യപ്പെട്ടത്, എന്നാൽ പിന്നീട് അടൽ സേതുവിലേക്ക് പോകാൻ പറഞ്ഞു," യാദവ് പറഞ്ഞു.
അവർ അധികം സംസാരിച്ചില്ല, ഇതിനിടയിൽ എന്‍റെ ഫോൺ റിംഗ് ചെയ്തു. ശബ്ദം കേട്ട് അവർ വളരെ അസ്വസ്ഥയായി, തനിക്ക് ഒരു ശബ്ദവും ഇഷ്ടമല്ലെന്ന് ഉച്ചത്തിൽ പറയാനും തുടങ്ങി. തനിക്ക് ദൈവത്തിന്‍റെ കുറച്ച് ഫോട്ടോകൾ കടലിൽ ഒഴുക്കുന്നതിനായി പാലത്തിൽ നിർത്താൻ ആവശ്യപ്പെട്ടു. പാലത്തിൽ വാഹനം നിർത്തുന്നത് അനുവദനീയമല്ലെന്ന് യാദവ് പറഞ്ഞുവെങ്കിലും വളരെ കുറച്ച് മിനിറ്റ് മതിയെന്നും അതിനുശേഷം പോകാമെന്നും പറഞ്ഞ റീമ നിർബന്ധിച്ചതായും യാദവ് കൂട്ടിച്ചേർത്തു.
അവർ റെയിലിംഗിൽ കയറുന്നത് കണ്ടപ്പോൾ കയറരുതെന്ന് പറഞ്ഞുവെന്നും, പക്ഷേ കയറിയാൽ മാത്രമേ മുങ്ങാൻ കഴിയൂ എന്നായിരുന്നു മറുപടി. "ആ സമയത്ത് ഞാൻ ഭയന്നു, അവരുടെ ഉദ്ദേശ്യം വേറെ എന്തോ ആണെന്ന് സംശയിച്ചു, അതിനാൽ അവരുടെ അടുത്ത് നിൽക്കാൻ തീരുമാനിച്ചു. ബേക്കണുമായി ട്രാഫിക് വാൻ എത്തിയപ്പോൾ അവർ ശ്രദ്ധ തെറ്റി വീണു. ആ നിമിഷം, ഞാൻ ട്രാഫിക് പോലീസിനെ നോക്കുകയായിരുന്നു. എനിക്ക് പിടിക്കാൻ കഴിയുന്നത് അവരുടെ മുടി മാത്രമാണ്, അങ്ങനെയാണ് മുടിയിൽ പിടിച്ചു നിന്നത്. എനിക്ക് അത് ചെയ്യാൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്, കാരണം ഒരു ജീവൻ രക്ഷിക്കാൻ കഴിഞ്ഞല്ലോ" യാദവ് പറഞ്ഞു.
ജാർഖണ്ഡിലെ യാദവിന്‍റെ കുടുംബവും അദ്ദേഹത്തെ ഓർത്ത് അഭിമാനിക്കുന്നുവെന്നും യാദവ് പറഞ്ഞു. പാലത്തിൽ നിർത്തിയതിന് പിഴ നൽകേണ്ടതായിരുന്നു. എന്നാൽ ഒരു ജീവൻ രക്ഷിച്ചതിനാൽ ശിക്ഷിക്കപ്പെടില്ലെന്ന് പൊലീസ് വ്യക്തമാക്കി. എന്നാൽ യാത്രക്കാരൻ എന്ത് തന്നെ പറഞ്ഞാലും അടൽ സേതു പാലത്തിൽ ആരും നിർത്തരുതെന്ന സന്ദേശം ഡ്രൈവർമാരായ സുഹൃത്തുക്കൾക്കിടയിൽ പ്രചരിപ്പിക്കണമെന്ന് പോലീസുകാർ നിർദേശിച്ചിട്ടുണ്ടെന്നുംയാദവ് പറഞ്ഞു.