മുംബൈ: കൊവിഡിനെതിരെ നിരീക്ഷണം ശക്തമാക്കാൻ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ട ദിവസം തന്നെ മഹാരാഷ്ട്രയിൽ 13 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. മാസങ്ങൾക്ക് ശേഷമാണ് സംസ്ഥാനത്ത് രോഗനിർണയം ഇരട്ട അക്കത്തിൽ റിപ്പോർട്ട് ചെയ്തത്.
13 പുതിയ കേസുകളും മുംബൈയിൽ നിന്നാണ് കണ്ടെത്തിയത്.നിലവിൽ 24 കേസുകൾ മഹാരാഷ്ട്രയിൽ ഉണ്ടെന്നും അതിൽ 19 എണ്ണം മുംബൈയിൽ നിന്നാണെന്നും സംസ്ഥാനത്തിന്‍റം കൊവിഡ് -19 റിപ്പോർട്ടിൽ പറയുന്നു. അതേസമയം രോഗബാധിതരായവർ ആശുപത്രികളിൽ ഇല്ല. സംസ്ഥാനത്തിന്‍റെ പ്രതിവാര റിപ്പോർട്ട് അനുസരിച്ച്, നവംബർ 22 മുതൽ 27 വരെ എട്ട് കേസുകൾ ആണ് ഉണ്ടായിരുന്നത്. നവംബർ 28 മുതൽ ഡിസംബർ 4 വരെ 14 ആയി ഉയർന്നു. ഡിസംബർ 5 മുതൽ 11 വരെ പ്രതിവാര കേസുകളുടെ എണ്ണം 22 ആയും ഉയർന്നു.