മുംബൈ: നഗരത്തിൽ രണ്ടു ദിവസമായി പെയ്ത കനത്ത മഴയിൽ വ്യാപക നാശ നഷ്ട്ടമുണ്ടായതായി റിപ്പോർട്ടുകൾ. കനത്ത മഴ മൂലം പലയിടത്തും വെള്ളക്കെട്ട് ശക്തമായിരുന്നു. ഇതുമൂലം നഗരത്തിലെ റോഡ് ഗതാഗതം വലിയ രീതിയിൽ തടസ്സപ്പെട്ടു. കഴിഞ്ഞ ദിവസം പകൽ മുഴുവൻ നഗരത്തിന്‍റെ വിവിധ ഭാഗങ്ങളിൽ 16 മരങ്ങൾ വീണതായും അഞ്ച് ഷോർട്ട് സർക്യൂട്ടുകൾ കേസുകൾ ഉണ്ടായതായും റിപ്പോർട്ടുകളുണ്ട്. ശനിയാഴ്ച ആൻ്റോപ് ഹില്ലിൽ ഷോർട്ട് സർക്യൂട്ടിൽ 60 കാരൻ മരണപ്പെട്ടിരുന്നു.
അതേസമയം വഡാല മേഖലയിൽ മതിൽ ഇടിഞ്ഞു വീണ് രണ്ടുപേർക്ക് പരുക്കേറ്റു. ഇതിൽ ഒരാൾ ആശുപത്രിയിൽ ചികിത്സയിലാണ്.
വെള്ളിയാഴ്ച രാവിലെ 8 മുതൽ ശനിയാഴ്ച രാവിലെ 8 വരെയുള്ള 24 മണിക്കൂറിലെ ഡാറ്റ അനുസരിച്ച്, നഗര പ്രദേശത്ത് 61.69 മില്ലീമീറ്ററും കിഴക്കൻ പ്രാന്തപ്രദേശങ്ങളിൽ 64.92 മില്ലീമീറ്ററും പടിഞ്ഞാറൻ പ്രാന്തപ്രദേശങ്ങളിൽ 51.74 മില്ലീമീറ്ററും മഴ രേഖപ്പെടുത്തി.
ശനിയാഴ്ച രാവിലെ വരെ കനത്ത മഴ തുടർന്നു. ഞായറാഴ്ചയും കനത്ത മഴ പെയ്യുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) പ്രവചിക്കുന്നു.