നവിമുംബൈ: സി എൻ ശ്രീകണ്ഠൻ നായരുടെ ലങ്കാലക്ഷ്മി എന്ന നാടകത്തിൻ്റെ വായനാവതരണത്തിന് ഇപ്റ്റ കേരളയുടെ മുംബൈ ഘടകം അരങ്ങൊരുക്കുന്നു. സി ബി ഡി ബേലാപ്പൂരിലെ സെക്ടർ എട്ടിലെ കൈരളി ഹാളിൽ ജൂലായ് 29 ശനിയാഴ്ച്ച വൈകിട്ട് അഞ്ചിനാണ് നാടകാവതരണം. കൈരളി ആർട്ട്സ്, കൾച്ചറൽ ആൻറ് വെൽഫെയർ അസ്സോസിയേഷനുമായി സഹകരിച്ചാണ് നാടകാവതരണം.
ന്യൂബോംബെ കേരളീയ സമാജത്തിന്‍റെ പ്രതിമാസ സാഹിത്യ ചർച്ചാ വേദിയായ അക്ഷരസന്ധ്യയിൽ ജൂൺ 25 നാണ് ആദ്യമായി സി.എൻ. ശ്രീകണ്ഠൻ നായരുടെ ലങ്കാലക്ഷ്മി എന്ന ഇതിഹാസ നാടകത്തിന്‍റെ വായനാവതരണം നടന്നത്.
സാധാരണക്കാർക്ക് അധികം സുപരിചിതമല്ലാത്ത ഒരു കലാരൂപമാണ് നാടക വായനയുടെ അവതരണം. നാടക സാഹിത്യത്തിനും വായനയ്ക്കും നാടകാവതരണത്തിനും ഇടയിലൂടുള്ള ശബ്ദക്രമീകരണത്തിലൂന്നിയ വായനയും അംഗവിക്ഷേപങ്ങളും സംഗീതവും സൗണ്ട് എഫക്ട്സും അഭിനയ ശകലങ്ങളും കലർത്തിയുള്ള അവതരണം മുംബൈ നാടക രംഗത്ത് പുതിയ ചില തലങ്ങൾ സൃഷ്ടിക്കുന്ന നാടകാനുഭവമായിരുന്നു ലങ്കാലക്ഷ്മിയുടെ വായനാവതരണം.
യുദ്ധത്തിൻ്റെ രാഷ്ട്രീയവും പുരുഷാധിപത്യത്തിൻ്റെ മറുവശങ്ങളുമൊക്കെ പറയുന്ന ലങ്കാലക്ഷ്‌മിയില്‍ രാവണകഥയാണ് പ്രതിപാദിക്കുന്നത്. പരിചിതമല്ലാത്ത രാവണന്‍റെ മുഖം അനാവൃതമാവുന്ന ഈ നാടകത്തിൽ, അനിവാര്യമായ ദുരന്തത്തിലേക്ക് നടന്നടുക്കുന്ന ഒരു അസാമാന്യ പ്രതിഭയായി രാവണന്‍ നിറയുന്നു.
ലോക നാടകദിനമായിരുന്ന മാർച്ച് 27 മുതൽ ആരംഭിച്ച ഒറ്റയാൾ നാടകം 'ഏകത ' എന്ന പരീക്ഷണ നാടകത്തിന് മുംബൈയിൽ നാലാമത് വേദിയൊരുക്കിയതും ഇപ്റ്റ കേരളയുടെ മുംബൈ ഘടകമായിരുന്നു. തിരുവനന്തപുരം ജില്ലയിലെ വിതുര സുധാകരൻ എന്ന നാടക കലാകാരൻ ഭാരതത്തിൻ്റെ തെക്കേയറ്റം തിരുവനന്തപുരം മുതൽ വടക്കേയറ്റം കാശ്മീർ വരെ തൻ്റെ നാടക പരീക്ഷണവുമായി മോട്ടോർ സൈക്കിളിൽ തുടരുന്ന നാടക യാത്രയുടെ ഭാഗമായാണ് മുംബൈയിൽ പ്രദർശനമൊരുക്കിയത്.
മലയാളനാടകവേദിയിൽ മാറ്റത്തിൻ്റെ ശബ്ദമുഖരിതമായ സാന്നിദ്ധ്യമായിരുന്ന സി.എന്നിൻ്റെ നാടകങ്ങളെ വീണ്ടും നാടകപ്രേമികളെയും സാധാരണക്കാരേയും ഒരുപോലെ നാടകലോകവുമായി അടുപ്പിക്കുവാനാണ് ഇത്തവണ ഇപ്റ്റയുടെ ശ്രമം. അമാനുഷനായ രാവണൻ്റെ രൂപങ്ങൾ ഉടച്ചുവാർത്ത് മാനുഷികമായ പരിസരം നല്‌കി അപഗ്രഥിക്കുന്ന ഈ നാടകത്തിൽ ശബ്ദങ്ങളും സംഗീതവും ചേർത്താണ് അവതരിപ്പിക്കുന്നത്.
നെരൂൾ സമാജത്തിൻ്റെ അക്ഷരസന്ധ്യയിൽ നരേന്ദ്ര പ്രസാദിൻ്റെ മാർത്താണ്ഡവർമ്മ എങ്ങിനെ രക്ഷപ്പെട്ടു എന്ന നാടകത്തിൻ്റെ അവതരണവും കുറച്ചു മാസങ്ങൾക്ക് മുമ്പ് നടന്നിരുന്നു. സി എൻ ശ്രീകണ്ഠൻ നായരുടെ ലങ്കാലക്ഷ്മിയുടെ നാടകവായനാവതരണത്തിന് ശേഷം നാടക ചർച്ചയുമുണ്ടാകുമെന്ന് ഇപ്റ്റ കേരളയുടെ മുംബൈ ഘടകം പ്രസിഡന്‍റ് ബിജു കോമത്ത് അറിയിച്ചു.