മുംബൈ: ഗുജറാത്ത്, മഹാരാഷ്ട്ര, ദാദ്ര നാഗർ ഹവേലി എന്നിവിടങ്ങളിൽ കൂടി കടന്ന് പോകുന്ന മുംബൈ അഹമദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ റെയിൽ ഇടനാഴിക്ക് വേണ്ടിയുള്ള ഭൂമി ഏറ്റെടുക്കൽ100 ശതമാനവും ജനുവരി 8-ന് പൂർത്തിയാക്കിയതായി നാഷണൽ ഹൈസ്പീഡ് റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (എൻഎച്ച്എസ്ആർസിഎൽ) അറിയിച്ചു. പദ്ധതിക്ക് ആവശ്യമായ 1389.49 ഹെക്ടർ ഭൂമിയും ഏറ്റെടുത്തതായുള്ള വിവരം റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവും പങ്കുവച്ചു. മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലാണ് അതിവേഗ റെയിൽ പാത നിർമ്മിക്കുന്നത്
ജാപ്പനീസ് ഷിൻകാൻസെനിൽ ഉപയോഗിച്ചത് പോലെ MAHSR കോറിഡോർ ട്രാക്ക് സിസ്റ്റത്തിനായുള്ള ആദ്യത്തെ റൈൻഫോഴ്‌സ്ഡ് കോൺക്രീറ്റ് [RC] ട്രാക്ക് ബെഡ് സ്ഥാപിക്കുന്നത് സൂറത്തിലും ആനന്ദിലും ആരംഭിച്ചു. ഇതാദ്യമായാണ് ഇന്ത്യയിൽ ജെ-സ്ലാബ് ബാലസ്റ്റ്ലെസ് ട്രാക്ക് സിസ്റ്റം ഉപയോഗിക്കുന്നത്. ,” പ്രസ്താവനയിൽ പറയുന്നു. ഗുജറാത്തിലെ വൽസാദ് ജില്ലയിലെ സരോലി ഗ്രാമത്തിന് സമീപം സ്ഥിതി ചെയ്യുന്ന 350 മീറ്റർ നീളവും 12.6 മീറ്റർ വ്യാസവുമുള്ള ആദ്യത്തെ പർവത തുരങ്കം 10 മാസത്തിനുള്ളിൽ പൂർത്തിയാക്കിയതിലൂടെ ഒരു വലിയ നേട്ടം കൈവരിച്ചതായും എൻഎച്ച്എസ്ആർസിഎൽ പറഞ്ഞു. 70 മീറ്റർ നീളവും 673 മെട്രിക് ടൺ ഭാരവുമുള്ള ആദ്യത്തെ സ്റ്റീൽ പാലം സൂറത്തിൽ എൻഎച്ച് 53 ന് കുറുകെ സ്ഥാപിച്ചു, 28 പാലങ്ങളിൽ 16 എണ്ണം നിർമ്മാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണെന്നും പ്രസ്താവനയിൽ പറയുന്നു. നർമദ, തപ്തി, മഹി, സബർമതി നദികളിലെ പാലങ്ങളുടെ പണികൾ പുരോഗമിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
മുംബൈയിലെ ബാന്ദ്ര കുർള കോംപ്ലക്‌സിനും ശിൽഫാട്ടയ്ക്കും ഇടയിലുള്ള 21 കിലോമീറ്റർ നീളമുള്ള തുരങ്കത്തിന്‍റെ ഭാഗമായ ഇന്ത്യയിലെ ആദ്യത്തെ 7 കിലോമീറ്റർ കടലിനടിയിലെ റെയിൽ തുരങ്കത്തിന്‍റെ പണിയും ആരംഭിച്ചു.കൂടാതെ മുംബൈ എച്ച്എസ്ആർ സ്റ്റേഷന്‍റെ നിർമ്മാണത്തിനായുള്ള ഖനന പ്രവർത്തനങ്ങളും ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഗുജറാത്തിലെ വാപി, ബിലിമോറ, സൂറത്ത്, ബറൂച്ച്, ആനന്ദ്, വഡോദര, അഹമ്മദാബാദ്, സബർമതി എന്നിവിടങ്ങളിലെ എച്ച്എസ്ആർ സ്റ്റേഷനുകൾ നിർമാണത്തിന്‍റെ വിവിധ ഘട്ടങ്ങളിലാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ജപ്പാനിലെ ഷിൻകാൻസെൻ സാങ്കേതികവിദ്യ ഉപയോഗിച്ചാണ് അതിവേഗ റെയിൽ പാത നിർമ്മിക്കുന്നത്, ഉയർന്ന ഫ്രീക്വൻസി ബഹുജന ഗതാഗത സംവിധാനം സൃഷ്ടിക്കുകയാണ് പദ്ധതി ലക്ഷ്യമിടുന്നത്. ജപ്പാനിൽ നിന്ന് 88,000 കോടി രൂപയുടെ സോഫ്റ്റ് ലോൺ ഉപയോഗിച്ച് ജപ്പാൻ ഇന്‍റർനാഷണൽ കോ-ഓപ്പറേഷൻ ഏജൻസി (ജൈക്ക) ആണ് പദ്ധതിക്ക് ധനസഹായം നൽകിയത്. 1.10 ലക്ഷം കോടി രൂപയുടെ പദ്ധതി 2022ൽ പൂർത്തിയാകുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും സ്ഥലമേറ്റെടുപ്പിൽ തടസ്സങ്ങൾ നേരിട്ടു. 2026-ഓടെ ദക്ഷിണ ഗുജറാത്തിലെ സൂറത്തിനും ബിലിമോറയ്ക്കും ഇടയിൽ ബുള്ളറ്റ് ട്രെയിനിന്‍റെ ആദ്യഘട്ടം ഓടിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്.