മുംബൈ: മുംബൈയിൽ പ്രവേശിക്കുന്ന കാറുകൾക്ക് ഇനി മുതൽ ടോൾ നൽകേണ്ടതില്ലെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ അറിയിച്ചു. തിങ്കളാഴ്ച അർധരാത്രി മുതൽ ഇക്കാര്യം പ്രാബല്യത്തിൽ വരും. മുംബൈയിലേക്കുള്ള പ്രവേശനത്തിനായി അഞ്ച് ടോൾ ബൂത്തുകളിലെ എല്ലാ ലൈറ്റ് മോട്ടോർ വാഹനങ്ങളെയും ടോൾ നികുതിയിൽ നിന്ന് ഒഴിവാക്കുമെന്ന് ഏകനാഥ് ഷിൻഡെ പറഞ്ഞു. സംസ്ഥാന സർക്കാരിന്‍റെ മന്ത്രിസഭാ യോഗത്തിലാണ് ഈ നീക്കം പ്രഖ്യാപിച്ചത്.
ഈ നീക്കം യാത്രക്കാരുടെ സമയം ലാഭിക്കുകയും മലിനീകരണവും ഗതാഗതവും കുറയ്ക്കുകയും ചെയ്യും. ഇത് ചരിത്രപരമായ തീരുമാനമാണ്," ഷിൻഡെ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
2002ൽ കമ്മീഷൻ ചെയ്ത ദഹിസർ, ആനന്ദ് നഗർ, വൈശാലി, ഐറോളി, മുളുണ്ട് എന്നിവിടങ്ങളിലെ ടോളുകളിൽ നിന്ന് ചെറിയ വാഹനങ്ങൾ ഇനി സ്വതന്ത്രമായി പ്രവേശിക്കുമെന്ന് മഹാരാഷ്ട്ര മന്ത്രി ദാദാജി ദഗഡു ഭൂസെ പറഞ്ഞു.
45 മുതൽ 75 രൂപ വരെയാണ് ഈ ടോളുകളിൽ ഈടാക്കിയിരുന്നത്, ഇത് 2026 വരെ പ്രാബല്യത്തിൽ ഉണ്ടായിരുന്നു. അതേസമയം താനെയിൽ നിന്നുള്ള ശിവസേന എംപി നരേഷ് മസ്‌കെ ഇത് "ദീർഘകാലമായുള്ള ഒരു ആവശ്യമായിരുന്നു വെന്നും ഇതുകൊണ്ട് ഒരുപാട് പേർക്ക് ഗുണം ചെയ്യുമെന്നും"പറഞ്ഞു.