നവിമുംബൈ: കോരിച്ചൊരിയുന്ന മഴയിൽ സൗഹാർദ്ദത്തിന്‍റെ മന്ത്രണങ്ങൾ തീർത്ത് സീവുഡ്സ് മലയാളി സമാജത്തിന്‍റെ യുവജന വിഭാഗം നടത്തിയ ഫുട്ബോൾ മാമാങ്കം നവ്യാനുഭവമായി. ജൂലായ് 27 ന് നെരൂളിലെ ടെർണ ടർഫിൽ മഴയത്ത് അരങ്ങേറിയ കാൽപ്പന്ത് കളിയിൽ മുതിർന്ന പൗരന്മാരും, സ്ത്രീകളും, കുട്ടികളും, യുവതീ യുവാക്കളും കൃത്യമായ അനുപാതത്തിൽ ചേർന്ന് കളിച്ചാണ് ശ്രദ്ധേയമാക്കിയത്. സമാജാംഗങ്ങളുടെ സ്നേഹവും ഊഷ്മളതയും ഊട്ടിയുറപ്പിക്കാൻ കൂടി വേണ്ടിയായിരുന്നു മഴയത്ത് ഫുട്ബോൾ മാമാങ്കം സംഘടിപ്പിച്ചത്.
മുൻ കോർപ്പറേറ്റർ സ്വപ്ന ഗാവ്ഡെ പന്ത് തട്ടി കിക്കോഫ് ചെയ്ത ഫുട്ബോൾ മാമാങ്കം രൂപകൽപ്പന ചെയ്തത് യുവജന വിഭാഗം കൺവീനർ ആദർശ് കെ എസ് ആയിരുന്നു. സമാജത്തിന്‍റെ തുടർന്നുള്ള പ്രവർത്തനങ്ങളിൽ സർവ്വാത്മനാ സഹകരിക്കാൻ തയ്യാറാണെന്ന് കാൽപ്പന്തുകളിയുടെ ആവേശം കണ്ട ഗാവ്ഡെ പറഞ്ഞു. വീറും വാശിയുമേറിയ മത്സരത്തിൽ സീവുഡ്സ് സ്ട്രൈക്കേഴ്സ് ജേതാക്കളായി. നൈറ്റ് റൈഡേഴ്സ് രണ്ടാം സ്ഥാനത്തെത്തി. മികച്ച കളിക്കാരനുള്ള പ്രത്യേക ട്രോഫി ആരോൺ സ്വന്തമാക്കി.
വനിതാ വിഭാഗത്തിൽ നടത്തിയ പെനാൾറ്റി ഷൂട്ടൗട്ട് മത്സരത്തിൽ മികച്ച സ്ട്രൈക്കറായി ജോബി ജോയിക്കുട്ടിയും മികച്ച ഗോൾ കീപ്പറായി സാഗരിക സുദീപും തിരഞ്ഞെടുക്കപ്പെട്ടു. സമാപന ചടങ്ങിൽ സമാജം പ്രസിഡണ്ട് ഇ കെ നന്ദകുമാർ, ട്രഷറർ എൻ ഐ ശിവദാസൻ, രാജേന്ദ്രൻ നമ്പ്യാർ എന്നിവർ സംബന്ധിച്ചു. അമൃത ഗണേഷ് അയ്യർ, വേദ് നിരഞ്ജൻ എന്നിവരോടൊപ്പം ചേർന്ന് ആദർശ് ഒരുക്കിയ ഫുട്ബോൾ സംഗമം ഒരു വാർഷികയിനമായി തുടരണമെന്ന് സമാജം ആവശ്യപ്പെട്ടു.