ദാവൂദ് ബന്ധം ആരോപിച്ച ബിജെപി നേതാക്കൾക്കെതിരെ നവാബ് മാലിക് നിയമ നടപടിക്കൊരുങ്ങുന്നു  
Mumbai

ദാവൂദ് ബന്ധം ആരോപിച്ച ബിജെപി നേതാക്കൾക്കെതിരെ നവാബ് മാലിക് നിയമ നടപടിക്കൊരുങ്ങുന്നു

നവാബ് മാലിക്കിന് ദാവൂദുമായി ബന്ധമുണ്ടെന്ന് ബിജെപി നേതാക്കൾ നിരന്തരം ആരോപിച്ചിരുന്നു.

മുബായ്: എൻസിപി നേതാവ് (അജിത് പവാർ വിഭാഗം) നവാബ് മാലിക്, ദാവൂദ് ബന്ധം ആരോപിച്ച ബിജെപി നേതാക്കൾക്കെതിരെ നിയമ നടപടിക്കൊരുങ്ങുന്നു."തന്നെ ദാവൂദുമായി ബന്ധിപ്പിക്കുന്നവർ നിയമനടപടി നേരിടേണ്ടിവരുമെന്ന്" അദ്ദേഹം പറഞ്ഞു. ബിജെപിയെക്കുറിച്ചുള്ള തന്‍റെ നിലപാടിൽ മാറ്റമില്ലെന്നും കൂട്ടിച്ചേർത്തു. ഒരു ഇംഗ്ലീഷ് പത്രത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിലാണ് മാലിക് ഇക്കാര്യം വ്യക്തമാക്കിയത്.

"ദാവൂദ് ബന്ധം, തീവ്രവാദം തുടങ്ങിയ തെറ്റായ ആരോപണങ്ങൾക്കൊപ്പം കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട ആരോപണങ്ങളാണ് ഞാൻ നേരിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഈ നിരന്തരമായ വ്യാജ ആരോപണങ്ങൾ എന്‍റെ പ്രശസ്തിക്കും പ്രതിച്ഛായയ്ക്കും കളങ്കം വരുത്തുന്നു. ഈ ആരോപണങ്ങൾ ഉന്നയിക്കുന്നവർ മാപ്പ് പറഞ്ഞില്ലെങ്കിൽ, അവർ എത്ര വലിയ നേതാവാണെങ്കിലും വക്കീൽ നോട്ടീസ് അയക്കുകയും ഉചിതമായ നിയമനടപടി സ്വീകരിക്കുകയും ചെയ്യും." മാലിക് പറഞ്ഞു.

നവാബ് മാലിക്കിന് ദാവൂദുമായി ബന്ധമുണ്ടെന്ന് ബിജെപി നേതാക്കൾ നിരന്തരം ആരോപിച്ചിരുന്നു. മഹായുതി സഖ്യത്തിന്‍റെ ഭാഗമായ അജിത് പവാറിന്‍റെ നേതൃത്വത്തിലുള്ള എൻസിപി വിഭാഗത്തിന് വേണ്ടി നവാബ് മാലിക് ശിവാജിനഗർ-മാൻഖുർദ് മണ്ഡലത്തിൽ നിന്നാണ് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ബിജെപിയുടെ എതിർപ്പ് അവഗണിച്ച് അജിത് പവാർ അദ്ദേഹത്തെ സ്ഥാനാർഥിയാക്കുകയായിരുന്നു.

എന്നാൽ അദ്ദേഹത്തിനെതിരെ, ശിവസേന (ഷിൻഡെ വിഭാഗം) ഔദ്യോഗിക മഹായുതി സ്ഥാനാർഥിയെ നിർത്തിയിട്ടുണ്ട്. ഇതൊക്കെയാണെങ്കിലും, നവാബ് മാലിക്കിന്‍റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ അജിത് പവാർ പങ്കെടുത്തു. ബിജെപിയെ കുറിച്ചുള്ള തന്‍റെ അഭിപ്രായം പഴയതുപോലെ തന്നെ തുടരുമെന്ന് മാലിക് പറഞ്ഞു. മതത്തെ അടിസ്ഥാനമാക്കിയുള്ള രാഷ്ട്രീയം അധികകാലം നിലനിൽക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

പ്രവചനാതീതം പാലക്കാട്

റേഷൻ കടകൾ അടഞ്ഞുകിടക്കും; വ്യാപാരികളുമായി ഉടൻ ചർച്ച

യൂത്ത് കോൺഗ്രസ് തെരഞ്ഞെടുപ്പിന് വ്യാജ ഐഡി കാർഡ്; രാഹുൽ മാങ്കൂട്ടത്തിൽ കുടുങ്ങിയേക്കും

മോദി ജി20 യോഗത്തിന് ബ്രസീലിൽ; ബൈഡനുമായി ചർച്ച നടത്തി

വഖഫ് ഭൂമി തർക്കം: റീസർവേയെച്ചൊല്ലി മന്ത്രിമാർ തമ്മിൽ ഭിന്നത