sharad pawar 
Mumbai

എൻസിപി കോൺഗ്രസിൽ ലയിക്കുമെന്ന അഭ്യൂഹങ്ങൾക്ക് തുടക്കമിട്ട് ശരദ് പവാർ

മുംബൈ: ശരദ് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപി മാതൃ പാർട്ടിയായ കോൺഗ്രസിൽ ലയിക്കുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നു. കോൺഗ്രസിന്റെ പ്രത്യയശാസ്ത്രപരമായി യോജിപ്പുള്ള ചെറുപാർട്ടികൾ ഒന്നിക്കണമെന്നും ലയിക്കണമെന്നുമുള്ള പവാറിന്റെ പ്രസ്താവന അത്തരം ഊഹാപോഹങ്ങൾക്ക് ബലം നൽകിയിട്ടുണ്ട്.

എൻസിപിയും കോൺഗ്രസും ഗാന്ധി-നെഹ്‌റു ആശയങ്ങൾ പിന്തുടരുന്നതിനാൽ തന്റെ പാർട്ടിയുടെയും കോൺഗ്രസിൽ നിന്ന് വേർപിരിഞ്ഞ നിരവധി ചെറിയ ഗ്രൂപ്പുകളുടെയും ഭാവി സമ്മേളനത്തിന് സാധ്യതയുണ്ടെന്ന് പവാർ പറഞ്ഞതായി റിപ്പോർട്ടുകൾ പറയുന്നു. എന്നിരുന്നാലും, ഈ റിപ്പോർട്ടുകൾ കോൺഗ്രസുമായുള്ള എൻസിപി ലയനത്തെക്കുറിച്ച് വ്യക്തത നൽകുന്നില്ല.

രാഹുൽ ഗാന്ധിയെയും കോൺഗ്രസിലെ അദ്ദേഹത്തിന്റെ സ്വീകാര്യതയെയും പവാർ പ്രശംസിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ മൂന്ന് ഘട്ടങ്ങൾക്ക് ശേഷം തന്റെ പാർട്ടിയുടെയും കോൺഗ്രസിന്റെയും സാധ്യതകൾ നോക്കുമ്പോൾ, പ്രതികരണത്തിനായി അദ്ദേഹം പന്ത് കോൺഗ്രസ് കോർട്ടിലേക്ക് എറിഞ്ഞതായി തോന്നുന്നുവെന്ന് രാഷ്ട്രീയ നിരീക്ഷകർ പറഞ്ഞു.

എൻസിപിയിലെ അജിത് പവാറു മായുള്ള പിളർപ്പിന് ശേഷം, പാർട്ടിയെ മാതൃ പാർട്ടിയുമായുള്ള ലയനത്തെക്കുറിച്ച് പവാർ സോണിയയുമായും രാഹുൽ ഗാന്ധിയുമായും ചർച്ച നടത്തിയിരുന്നു എന്നാണ് വിവരം.

എന്നാൽ ഇരുവശത്തും ചില നേതാക്കൾ ഇതിനെതിരെ നിൽക്കുന്നു എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ ഇത്തരം ചെറിയ എതിർപ്പുകളെ അവഗണിക്കാനാണ് ഇരു പാർട്ടികളിലെയും മുതിർന്ന നേതാക്കളുടെ തീരുമാനമെന്നും അറിയുന്നു.

“കുറച്ച് മാസങ്ങളായി ചർച്ച ചെയ്തിരുന്ന കാര്യമാണ് ഇത്. ലയനത്തിനുള്ള ശരിയായ സമയമാണിതെന്ന് പവാർ കരുതുന്നു. അതുപോലെ മോശം സമയത്തിലൂടെ കടന്ന് പോകുന്ന കോൺഗ്രസിന് ശക്തവും അനുഭവപരിചയവുമുള്ള ഒരു കൈ ആവശ്യമാണ്,അതാണ് പവാർ,” ഒരു രാഷ്ട്രീയ നിരീക്ഷകൻ പറഞ്ഞു.

പവാറും രാഹുലും തമ്മിൽ നല്ല ബന്ധം പുലർത്തിയിരുന്നുവെന്ന് എൻ സി പി ഭാരവാഹിയായ ഒരാൾ പറഞ്ഞു. “ശരദ് പവാറിന് 84 വയസ്സായി,ഇനി അദ്ദേഹത്തിന് കഠിനാധ്വാനം ചെയ്യാൻ കഴിയില്ല, അതിനാൽ മകൾ സുപ്രിയ സുലെയ്ക്കും ശരദ് പവാറിനും മഹാരാഷ്ട്രയിൽ നിലവിലെ സാഹചര്യത്തിൽ അദ്ദേഹത്തോടൊപ്പമുള്ള ആളുകൾക്കും നല്ലൊരു ഇടം ഉറപ്പാക്കണം. ഇരുപാർട്ടികളും വലിയ തീരുമാനങ്ങളെടുക്കാനുള്ള അന്തരീക്ഷം സൃഷ്ടിക്കാനാണ് പവാർ ശ്രമിക്കുന്നത്. അദ്ദേഹമത് തുറന്നു പറഞ്ഞു. കോൺഗ്രസ് ആണിനി മുന്നോട്ട് പോകേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം എല്ലാ കാര്യങ്ങളും തിരഞ്ഞെടുപ്പ് ഫലത്തെ ആശ്രയിച്ചിരിക്കുമെന്ന് മുൻ മുഖ്യമന്ത്രിയും കോൺഗ്രസ് നേതാവുമായ പൃഥ്വിരാജ് ചവാൻ പറഞ്ഞു. ഇന്ത്യ സഖ്യം ഭൂരിപക്ഷം സീറ്റുകളും നേടി സർക്കാർ രൂപീകരിക്കുകയാണെങ്കിൽ ചെറിയ പാർട്ടികളെക്കുറിച്ചുള്ള പവാറിൻ്റെ വാക്കുകൾ യാഥാർത്ഥ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു. പല പ്രാദേശിക പാർട്ടികളും കോൺഗ്രസിൽ ചേരാൻ താൽപ്പര്യമുണ്ടെന്ന് മഹാരാഷ്ട്ര കോൺഗ്രസ് അധ്യക്ഷൻ നാനാ പടോലെയും പറഞ്ഞു.

എഡിജിപി അജിത് കുമാർ വിവാദം: ക്ലിഫ് ഹൗസിൽ മുഖ്യമന്ത്രി- ഡിജിപി നിർണായക ചർച്ച

16 വർഷമായി വിദേശത്ത് ഒളിവിൽ കഴിഞ്ഞുവന്ന കൊലക്കേസ് പ്രതി ക്രൈം ബ്രാഞ്ച് പിടിയിൽ

കര്‍ഷകര്‍ക്ക് ഔദ്യോഗിക തിരിച്ചറിയല്‍ കാര്‍ഡ്

60 ചതുരശ്ര മീറ്ററില്‍ താഴെയുള്ള എല്ലാവീടുകൾക്കും വസ്തുനികുതി ഒഴിവാക്കി

സമരം കോൺഗ്രസിന്‍റെ ഗൂഢാലോചന; ഫോഗട്ടിനും പൂനിയയ്ക്കുമെതിരേ ബ്രിജ്ഭൂഷൺ