ഹണി വി.ജി.
നവംബർ 9 ന് മുലുണ്ട് കാളിദാസ് നാട്യ മന്ദിർ ഹാളിൽ വെച്ച് നടക്കുന്ന ഇവന്‍റ് സംവിധാനം ചെയ്യുന്നത് മുംബൈയിൽ ജനിച്ചു വളർന്ന മലയാളിയായ നിഖിൽ നായർ. തലമുറകളിലൂടെ ലക്ഷക്കണക്കിന് ആളുകളെ സ്വാധീനിച്ച ഇതിഹാസമായ പദ്മശ്രീ സുരേഷ് വാഡ്കറുടെ സംഗീതത്തിലൂടെയുള്ള ഒരു യാത്രയാണ് ഈ രാവ് വാഗ്ദാനം ചെയ്യുന്നത്.
നിഖിൽ നായരുടെ വിദഗ്ധമായ നിർദേശപ്രകാരം ഒരു പുത്തൻ സൗണ്ട്സ്കേപ്പ് ആണ് ഈ സംഗീത രാവിന്‍റെ ഒരു പ്രത്യകത. എല്ലാ പ്രായത്തിലുള്ള സംഗീത പ്രേമികളെയും ആകർഷിക്കുന്നൊരു അനുഭവമായിരിക്കും ഇവന്‍റ് സമ്മാനിക്കുക.
നിഖിലിന്‍റെ 'അസ്തിത്വ എന്‍റർടൈൻമെന്‍റ് 'എന്ന സ്വന്തം സ്ഥാപനത്തിന്‍റെ ആദ്യ ഇവന്‍റ് കൂടിയാണ് ഈ സംഗീത നിശ. ശബ്ദവും വെളിച്ചവും സംഗീതവും കൊണ്ട് പ്രേക്ഷകരെ അതിശയിപ്പിക്കാനുള്ള തയാറെടുപ്പിലാണ് 'അസ്തിത്വ'. നിഖിൽ ബോളിവുഡിൽ വർഷങ്ങളായി വിവിധ മേഖലകളിൽ തന്‍റെ കൈയൊപ്പ് പതിപ്പിച്ചിട്ടുണ്ട്.
IIFA അവാർഡ്സ് 2019,സ്റ്റാർ പരിവാർ അവാർഡ്സ് 2018 എന്നിവയിൽ ഇവന്‍റ് കോഓർഡിനേറ്റർ ആയിരുന്നു നിഖിൽ. വിവിധയിടങ്ങളിൽ നടന്ന 29 ഓളം വലിയ ഇവന്റുകളിൽ വലിയ റോൾ വഹിക്കാൻ കഴിഞ്ഞിട്ടുണ്ട്. ബിഗ് ബോസ് ഹിന്ദി മറാത്തി മലയാളം സീനിയർ പ്രൊഡ്യൂസറും സ്റ്റുഡിയോ ഡയറക്ടറുമായിരുന്നു.
അനന്ത് അംബാനിയുടെയും രാധിക മർച്ചന്‍റിന്‍റെയും വിവാഹ ചടങ്ങിലും ഒരു പ്രധാന പങ്ക് നിഖിൽ വഹിച്ചു.
ചെറുപ്പം മുതൽ സാമൂഹ്യ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്ന നിഖിൽ നൃത്ത അധ്യാപകൻ കൂടിയാണ്.
മലയാളം മിഷൻ അധ്യാപികയും മുൻ ലോക കേരള സഭാംഗവും കെകെഎസ് കമ്മിറ്റി അംഗവുമായ രാജശ്രീ മോഹന്‍റെ മകനാണ് നിഖിൽ. അച്ഛൻ സി.കെ. മോഹൻ കുമാർ. കമ്പ്യൂട്ടർ എഞ്ചിനീയറും ഇവന്‍റ് മാനേജ്മെന്‍റിൽ പോസ്റ്റ് ഗ്രാജ്വേഷനും കഴിഞ്ഞ നിഖിൽ ഇപ്പോൾ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിൽ MBA ചെയ്യുന്നു.
കേരളത്തിലെ പ്രശസ്ത കലാകാരന്മാരുടെ പരിസ്ഥിതി സൗഹൃദ - സ്റ്റേജ് ഡിസൈനുകളും അലങ്കാരങ്ങളും ഈ പരിപാടിയിൽ ഉണ്ട് എന്നതാണ് മറ്റൊരു സവിശേഷത. ഹിന്ദി ഹിറ്റ് ഗാനങ്ങളായ "ഏയ് സിന്ദഗി ഗലേ ലഗാ ലേ", "തുംസെ മിൽക്കെ", "ചപ്പാ ചപ്പാ ചർക്ക ചലെ", "ഔർ ഇസ് ദിൽ മേ", "ലഗി ആജ് സാവൻ" തുടങ്ങിയ എക്കാലത്തെയും ഹിറ്റ് ഗാനങ്ങൾ നേരിട്ട് കേൾക്കാനും കാണാനും അവസരം ഒരുങ്ങുകയാണ് ഈ ഗാനസന്ധ്യയിലൂടെ.
മലയാളികളും അല്ലാത്തവരുമായവരുടെ ഭാഗത്തു നിന്ന് പ്രോഗ്രാമിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും നിഖിൽ പറയുന്നു. സംഗീതത്തിന്‍റെ മാസ്മരിക വിരുന്നൊരുക്കി ആസ്വാദകരിൽ സംഗീതത്തിന്‍റെ പുതിയ അനുഭൂതി സൃഷ്ടിക്കാമെന്ന പ്രതീക്ഷയിലാണ് അദ്ദേഹം. സുരേഷ് വാഡ്കറുടെ ഹിറ്റ് ഗാനങ്ങൾക്കൊപ്പം അദ്ദേഹം തന്നെ പാടിയ സൂപ്പർ ഹിറ്റ് ഗണേശ ഭക്തി ഗാനങ്ങളും പരിപാടിയിൽ ഉൾപെടുത്തിയിട്ടുണ്ടന്നും നിഖിൽ. സംഗീതത്തിന്‍റെയും സ്റ്റേജ് അലങ്കാരത്തിന്‍റെ വ്യത്യസ്തയിലെ പ്രത്യേകതകളോടും കൂടി സുരേഷ് വാഡ്കറും സംഘവും വേദിയിൽ വിസ്മയം തീർക്കുമെന്ന ഉറപ്പിലാണ് നിഖിൽ.
കൂടുതൽ വിവരങ്ങൾക്ക്: Ph - 9757 396 372