മുംബൈ: സമൂഹത്തിൽ അവഗണിക്കപ്പെടുന്ന വിഭാഗമായ ട്രാൻസ്ജെൻഡേഴ്സ് വിഭാഗത്തിനൊപ്പം സിനിമാതാരവും മുൻ രാജ്യസഭ എം പി യുമായ സുരേഷ് ഗോപി ഈ വർഷത്തെ ആദ്യ ഓണഘോഷം തൃശ്ശൂരിൽ ആഘോഷിച്ചു. മുംബെ ആസ്ഥാനമായ പ്രതീക്ഷ ഫൗണ്ടേഷന്റേയും, നിലാ ചാരിറ്റബിൾ സൊസൈറ്റിയുടെയും സംയുക്താഭിമുഖ്യത്തിൽ തൃശൂർ കൗസ്തുഭം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ഓണം ട്രാൻസ്ജെൻഡേഴ്സിനൊപ്പം എന്ന പരിപാടിയിൽ സുരേഷ് ഗോപി മുഖ്യാഥിതിയായി ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
അതോടൊപ്പം അഭിരാമിയെന്ന സഹോദരിയ്ക്ക് ഐ എ എസ് പഠനത്തിനാവശ്യമായ മുഴുവൻ സഹായവും സുരേഷ് ഗോപി പ്രഖ്യാപിച്ചു.കൂടാതെ ട്രാജെൻഡർ സമൂഹത്തിന് എല്ലാവിധ സഹായവും അദ്ദേഹം നൽകുമെന്നും പ്രഖ്യാപിച്ചു. പരിപാടിയിൽ പ്രതീക്ഷ ഫൗണ്ടേഷൻ ചെയർമാൻ ഉത്തം കുമാർ ജി, നിലാചാരിറ്റബിൾ സൊസൈറ്റി സെക്രട്ടറി ദേവൂട്ടി ഷാജി ,ബിജെപി തൃശ്ശൂർ ജില്ലാ പ്രസിഡണ്ട് അനീഷ് കുമാർ ,കവയത്രി വിജയരാജ മല്ലിക , അഭിരാമി ,ഡോക്ടർ പ്രിയ തേക്കിൻക്കാട് ഡിവിഷൻ കൗൺസിലർ പൂർണിമ സുരേഷ് , പി ആർ ശിവശങ്കരൻ , "മേപ്പടിയാൻ " സിനിമയുടെ സംവിധായകൻ വിഷ്ണു മോഹൻ ,രഘുനാഥ് സി.മേനോൻ , സുജിത്ത് ഭാരത് തുടങ്ങിയവർ പങ്കെടുത്തു. ഓണാഘോഷ പരിപാടിയിൽ പങ്കെടുത്ത മുഴുവൻ ട്രാൻസ്ജെൻഡർ സഹോദരങ്ങൾക്കും സുരേഷ് ഗോപി ഓണക്കോടി നൽകി. ശേഷം അദ്ദേഹം ഓണസദ്യ വിളമ്പിക്കൊടുത്തും ഈ ഓണം ആഘോഷമാക്കി.