മുംബൈയുടെ ഹൃദയം കവർന്ന് സീവുഡ്‌സിന്‍റെ ഓണം ഒപ്പുലൻസ് 
Mumbai

മുംബൈയുടെ ഹൃദയം കവർന്ന് സീവുഡ്‌സിന്‍റെ ഓണം ഒപ്പുലൻസ്

നവിമുംബൈ: ഹൃദ്യമായ വർണ്ണ കാഴ്ചകളൊരുക്കി ഓണം ഒപ്പുലൻസ് നവി മുംബൈയെ ത്രസിപ്പിച്ചപ്പോൾ, മലയാളികളുടെ ഓണത്തെ ഭാഷാ ഭേദമേന്യേ നഗരവാസികൾ സ്വീകരിക്കുകായിരുന്നു. തെയ്യത്തിൻ്റെ വർണ്ണപ്പകിട്ട് തീർത്ത ദൈവങ്ങളും മാവേലിയും വാമനനും പരശുരാമനും ഓണപ്പൊട്ടന്മാരും ആരെയും ആനന്ദസാഗരത്തിലാറാടിക്കുന്ന ചെണ്ടമേളവും പിന്നെ നടന്നു നീങ്ങുന്ന വേഷവിധാനങ്ങളും നൃത്തനൃത്യങ്ങളും ചേർന്നപ്പോൾ സീവുഡ്‌സ് നഗരത്തിലാകെ ഓണച്ചന്തം. മഹാനഗരത്തിൽ ഓണത്തിന്‍റെ വരവറിയിച്ച് നെക്സസ് സീവുഡ്‌സിൽ നടന്ന ഓണം ഒപ്പുലൻസ് പങ്കാളിത്തം കൊണ്ടും വൈവിധ്യം കൊണ്ടുമായാണ് ശ്രദ്ധേയമായത്. പതിനായിരക്കണക്കിനാളുകളാണ് ഓണം ഓപ്പുലൻസ് കാണാൻ എത്തിയത്.

സീവുഡ്സ് മലയാളി സമാജവും ഏഷ്യയിലെ തന്നെ ഏറ്റവും വലിയ റെയിൽവേ സ്റ്റേഷൻ കോംപ്ലക്സുകളിലൊന്നായ നെക്സസ് മാളും കൈകൾ കോർത്ത് നടത്തിയ ഓണം ഒപ്പുലൻസ് മാളിന്‍റെ നടുത്തളത്തിൽ ഭീമൻ പൂക്കളവും അതിനു ചുറ്റും നടന്ന കലാപരിപാടികളും മലയാളികളുടെയും അന്യഭാഷക്കാരുടെയും ഹൃദയം കവർന്നു. ഓണാഘോഷ പരിപാടിയിൽ പങ്കെടുക്കാൻ മുംബൈയിലെയും നവിമുംബൈയിലെയും നിരവധി പ്രമുഖർ എത്തിചേർന്നിരുന്നു.സാമൂഹ്യ പ്രവർത്തകയും നവി മുംബൈ മുൻ കൗൺസിലറുമായ നേത്ര ശിർക്കെ,എ ഐ സി സി ജോയിന്‍റ് സെക്രട്ടറി മാത്യു ആന്‍റണി തുടങ്ങിയവർ സന്നിഹിതരായിരുന്നു.അതേസമയം ഇത്തരം കലാ പരിപാടി കാണാൻ ഇടയായത് നവ്യാനുഭവം ആയെന്നും ഭാഷ മനസ്സിലാകുന്നില്ലെങ്കിലും ആസ്വദിക്കാൻ കഴിഞ്ഞെന്നും വാഷിയിൽ താമസിച്ചു വരുന്ന രത്നഗിരി സ്വദേശിയായ കിരൺ കദം പറഞ്ഞു. മനോഹരമായ കാഴ്ചകളാണ് കണ്ടതെന്നും കോളേജിൽ പഠിക്കുന്ന കാലത്ത് ഓണം ആഘോഷിച്ചിട്ടുണ്ടെന്നും അന്ധേരി സ്വദേശിയായ നഥാഷ അഭിപ്രായപെട്ടു.

മാത്യു ആന്‍റണി

ഒമ്പത് ഡയാമീറ്ററിൽ ഒരുക്കിയ പൂക്കളം ഏഷ്യയിലെ ഏറ്റവും വലിയ പൂക്കളങ്ങളിലൊന്നായി തീർന്നു. കുടയും ചൂടി മാവേലി നടന്നു വന്നതിനു പുറമെ നാട്ടിലെ വണ്ടിവേഷങ്ങളെ അനുസ്മരിപ്പിക്കുമാറ് നടന്നു നീങ്ങുന്ന ഓണപ്പൊട്ടന്മാരും വേഷങ്ങളും മഴുവേന്തിയ പരശുരാമനും കുരുന്ന് വാമനനും മാളിന്‍റെ നടുത്തളത്തിലിറങ്ങിയപ്പോൾ നവി മുംബൈയിൽ ഓണം നിറഞ്ഞാടുകയായിരുന്നു. സെപ്റ്റംബർ 15 ന് രാവിലെ പത്തര മുതൽ ഭീമൻ പൂക്കളം മാളിന്‍റെ അകത്തളത്തിൽ പൊതുജനങ്ങൾക്കായി പ്രദർശനത്തിന് ഒരുങ്ങിയിരുന്നു. ഉത്രാട ദിനത്തിലെ സായാഹ്നത്തിൽ അഞ്ചു മുതൽ ഒമ്പതര വരെയാണ് വിവിധ കലാപരിപാടികളും മാളിൽ അരങ്ങേറിയത്. ഓണവും കേരളവുമായി ബന്ധപ്പെട്ട് കിടക്കുന്ന ഐതിഹ്യങ്ങളേയും ആസ്പദമാക്കി ഒരുക്കുന്ന ഓണം ഓപ്പുലൻസ് എന്ന കലാസന്ധ്യയിൽ മെഗാപ്പൂക്കളത്തിന് പുറമേ കഥകളി, തെയ്യം, ഫ്യൂഷൻ നൃത്തം, മവേലിത്തമ്പുരാന്‍റെ സന്ദർശനം, ചെണ്ടമേളം, തിരുവാതിരക്കളി, മോഹിനിയാട്ടം, എന്നിവയാണ് കാണികളുടെ ഹൃദയം കവർന്നത്.

കൂടാതെ പരശുരാമൻ, വാമനൻ, ഓണപ്പൊട്ടന്മാർ തുടങ്ങിയ നടന്നു നീങ്ങുന്ന വേഷങ്ങളും മാളിൽ ആശ്ചര്യം വിടർത്തി. ഓണത്തെയും കേരള സംസ്ക്കാരത്തേയും അന്യസംസ്ഥാനക്കാർക്ക് പരിചിതമാക്കുന്ന രീതിയിലാണ് ഓണം ഓപ്പുലൻസ് ഒരുക്കിയിരിക്കുന്നത്. കേരളത്തിൻ്റെ സാംസ്ക്കാരിക വൈവിധ്യത്തെ വിളിച്ചോതുന്ന രീതിയിലാണ് പരിപാടികൾ ആസൂത്രണം ചെയ്തതത്. താലപ്പൊലികളുടെ നിരയുമായാണ് മാവേലിയേയും കൂട്ടരെയും മാളിലേക്ക് സ്വീകരിച്ചാനയിച്ചത്. റെക്കോഡിനരികെ എത്തുന്ന പൂക്കളമൊരുക്കുന്നത് സീവുഡ്സ് സമാജത്തിന്‍റെ നൂറിൽപ്പരം കലാകാരന്മാരാണ്. ഇതാദ്യമായാണ് ഓണം ഓപ്പുലൻസിൽ ഓണപ്പൊട്ടന്മാരെത്തിയത്. നാഗ ദേവതയുടെ തെയ്യം നിറഞ്ഞാടിയപ്പോൾ ശ്വാസമടക്കിപ്പിടിച്ചാണ് നഗരത്തിലെ ഇതരഭാഷക്കാർ പ്രകടനം കണ്ടു നിന്നത്. മുംബൈയിലെ ഏറ്റവും ശ്രദ്ധേയമായ പ്രവർത്തനങ്ങൾ ചെയ്യുന്ന സമാജങ്ങളിലൊന്നായ സീവുഡ്സ് മലയാളി സമാജം ഇത് അഞ്ചാം തവണയാണ് മെഗാപ്പൂക്കളമൊരുക്കുവാൻ സീവുഡ്സ് നെക്സസ് മാളുമായി കൈകോർക്കുന്നത്.

പൊട്ടിത്തെറിച്ച പേജറുകൾ നിർമിച്ചത് ഇസ്രേലി ഷെൽ കമ്പനികളെന്ന് റിപ്പോർട്ട്

എഡിജിപി അജിത് കുമാറിനെതിരേ വിജിലൻസ് അന്വേഷണം; ഡിജിപിയുടെ ശുപാർശയിലാണ് നടപടി

മാലിന്യം വലിച്ചെറിഞ്ഞാൽ വാട്സ് ആപ്പിലൂടെ അറിയിക്കാം; പിഴ തുകയുടെ 25 ശതമാനം പാരിതോഷികം

'അഭിഭാഷകന്‍ ഒരു ദിവസം പറയും അന്ന് നമുക്ക് കാണാം': അമെരിക്കയിൽ നിന്ന് തിരിച്ചത്തി നടൻ ജയസൂര‍്യ

സംശയത്തിന്‍റെ പേരിൽ 63 കാരിയെ വെട്ടിക്കൊലപ്പെടുത്തി; ഭർത്താവ് സ്റ്റേഷനിൽ കീഴടങ്ങി