മുംബൈ: ട്രെയിൻ യാത്രക്കിടെ കുഴഞ്ഞ് വീണു മലയാളിക്ക് ദാരുണാന്ത്യം. തൃശ്ശൂർ മുല്ലശേരി സ്വദേശിയും നവിമുംബൈ ഖാർഘർ നിവാസിയുമായ കെ എം ശശി (61)യാണ് മരണപ്പെട്ടത്. 12618 മംഗളാ എക്സ്പ്രസ്സ് ട്രെയിനിൽ ഇന്നലെ രാത്രി 10.30 ന് ശാരീരിക അസ്വസ്ഥത ഉണ്ടാകുകയും പിന്നീട് മരണം സംഭവിക്കുകയും ചെയ്തത്.
ട്രെയിനിൽ അസ്വസ്ഥത വെച്ച് ഉണ്ടായതിനെ തുടർന്ന് റെയിൽവെ ജീവനക്കാർ അടുത്ത സ്റ്റേഷനായ മംഗലാപുരത്ത് രോഗിയേയും കുടുംബത്തേയും ഇറക്കി വിദഗ്‌ധ ചികിത്സക്കായി ജില്ലാ (വെൻലോക്ക്) ആശുപത്രിയിലെത്തിച്ചുവെങ്കിലും രാത്രി 12 മണിയോടെ നിര്യാതനാവുകയായായിരുന്നു. പൻവേലിൽ നിന്നും തൃശൂരിലേക്കുള്ള യാത്രക്കിടെയാണ് സംഭവം.
തുടർന്ന് ഈ വിഷയത്തിൽ ആവശ്യമായ തുടർ സഹായം തേടി ഫെയ്മ മഹാരാഷ്ട്ര യാത്രാസഹായ വേദിഅംഗവും കേരള സമാജം മാംഗ്ളൂർ ജനറൽ സെക്രട്ടറിയുമായ മാക്സിൻ സെബ്ബാസ്റ്റ്യൻ അറിയിച്ചതനുസരിച്ച് സമാജം അംഗങ്ങളും സാമൂഹിക ജീവകാരുണ്യ പ്രവർത്തകരുമായ രാജൻ പൗലോസ് (ഖജാൻജി) മനോഹരൻ, പ്രദീപൻ, രാജി എം, ദിനേശൻ,സുനിൽ തുടങ്ങിയവർ ആശുപത്രിയിലെത്തി ആവശ്യമായ മെഡിക്കൽ ലീഗൽ നടപടിക്രമങ്ങൾ പൂര്‍ത്തിയാക്കുവാൻ കുടുംബാംഗങ്ങളെ സഹായിച്ചു. ഭൗതിക ശരീരം ഇന്നു വൈകിട്ട് 06.20 ന് 16630 മലബാർ എക്സപ്രസ്സ് ട്രെയിനിൽ തൃശൂരിലേക്ക് കൊണ്ടുപോയി
ഈ വിഷയത്തിൽ യഥാസമയം ഇടപെട്ട് ആവശ്യമായ എല്ലാവിധ സഹായ സഹകരണങ്ങളും നൽകിയ കേരള സമാജം മാംഗ്ളൂറിന്‍റെ ഭാരവാഹികൾ,സമാജം അംഗങ്ങൾ, ആശുപത്രി, പൊലീസ്, ആർപിഎഫ്/ ജിആർപി, റെയിൽവേ ഉദ്യോഗസ്ഥർ തുടങ്ങിയവർക്കെല്ലാം ഫെയ്മ മഹാരാഷ്ട്ര യാത്രാസഹായവേദിയുടെ നന്ദി അറിയിക്കുന്നതായി ഫെയ്മ മഹാരാഷ്ട്ര യാത്രാസഹായ വേദി അറിയിച്ചു.