മുംബൈ: മുംബൈയിലെ അടൽ സേതു എന്നറിയപ്പെടുന്ന മുംബൈ ട്രാൻസ് ഹാർബർ ലിങ്കിൽ നിന്ന് ചാടാൻ ശ്രമിച്ച വനിതയെ അത്ഭുതകരമായി രക്ഷപ്പെടുത്തി കാബ് ഡ്രൈവറും ട്രാഫിക് പൊലീസും. പാലത്തില്‍ നിന്ന് ചാടിയ ഉടനെ തന്നെ സ്ത്രീയുടെ തലമുടിയില്‍ കാബ് ഡ്രൈവർ ചാടിപിടിക്കുകയായിരുന്നു. ഓടിക്കൂടിയ പൊലീസുകാരും യാത്രക്കാരും ചേര്‍ന്ന് സ്ത്രീയെ രക്ഷിച്ച് പാലത്തിന്‍റെ മുകളില്‍ എത്തിച്ച് രക്ഷപ്പെടുത്തുകയായിരുന്നു.
വെള്ളിയാഴ്ച വൈകുന്നേരമാണ് സംഭവം നടന്നത്. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചിരുന്നു. മുംബൈയുടെ വടക്കു കിഴക്കന്‍ പ്രദേശത്ത് താമസിക്കുന്ന, 56കാരിയായ റീമാ മുകേഷ് പട്ടേല്‍ ആണ് മുംബൈ ട്രാന്‍സ് ഹാര്‍ബര്‍ ലിങ്കില്‍ (അടല്‍ സേതു) നിന്ന് താഴേക്ക് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
ഈസമയത്ത് അതുവഴി വന്ന പട്രോളിങ് വാഹനത്തിലെ പൊലീസുകാരന്‍റേയും കാബ് ഡ്രൈവറുടെ സമയോചിതമായ ഇടപെടലും മൂലമാണ് സ്ത്രീക്ക് ജീവന്‍ തിരിച്ചുകിട്ടിയത്.