മുംബൈ: ആരെ ജെവിഎൽആർ-ബികെസി വരെയുള്ള ആദ്യ ഘട്ട മെട്രൊ പദ്ധതി റെയിൽ സുരക്ഷാ കമ്മീഷണറുടെ (സിഎംആർഎസ്) അനുമതി ലഭിച്ചതിനെ തുടർന്ന് ശനിയാഴ്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്യും. മെട്രൊ -3 എന്നറിയപ്പെടുന്ന ഈ പദ്ധതി ഞായറാഴ്ച മുതൽ പ്രവർത്തനങ്ങൾ ആരംഭിക്കും. എംഎംആർസിഎൽ പ്രൊജക്ട് ഡയറക്ടർ എസ് കെ ഗുപ്തയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
ഡൽഹിയിലെ റെയിൽ സുരക്ഷാ കമ്മീഷണർ (സിആർഎസ്) ജനക് കുമാർ ഗാർഗും ലഖ്‌നൗ മെട്രൊ റെയിൽ സുരക്ഷാ ചീഫ് കമ്മീഷണറും ചേർന്നാണ് അന്തിമ ഘട്ടത്തിന്‍റെ പരിശോധന നടത്തിയത്. ഉദ്ഘാടന ഓട്ടത്തിനുള്ള ഒരുക്കങ്ങൾ ഏജൻസികൾ ആരംഭിച്ചതായി വൃത്തങ്ങൾ സൂചിപ്പിച്ചു. പുതുതായി ആരംഭിച്ച 12.44 കിലോമീറ്റർ റൂട്ടിൽ പ്രതിദിനം 96 ട്രിപ്പുകൾ പൂർത്തിയാക്കുന്ന ഒമ്പത് ട്രെയിനുകൾ സർവീസ് നടത്തും. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 6.30 മുതൽ രാത്രി 10.30 വരെ പ്രവർത്തിക്കും, വാരാന്ത്യങ്ങളിൽ രാവിലെ 8.30 മുതലാണ് പ്രവർത്തനം ആരംഭിക്കുന്നത്. യാത്രക്കാർക്ക് ആപ്പ് വഴിയും ടിക്കറ്റുകൾ വാങ്ങാൻ സാധിക്കും. അല്ലെങ്കിൽ ക്യു ആർ കോഡുകൾ വഴിയും തെരഞ്ഞെടുക്കാം. നിരക്ക് 10 രൂപയ്ക്കും 50 രൂപയ്ക്കും ഇടയിലായിരിക്കും.
റോഡ് വഴി ഇത്രയും ദൂരം സഞ്ചരിക്കാൻ 40-60 മിനിറ്റുകളാണ് എടുക്കുന്നത്. ഇതുമായി താരതമ്യപ്പെടുത്തുമ്പോൾ, ഈ റൂട്ട് ആരെ-ജെവിഎൽആർ, ബികെസി എന്നിവയ്ക്കിടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയുമെന്ന് പ്രതീക്ഷിക്കുന്നു. ഉദ്ഘാടന ചടങ്ങുകൾക്ക് പുറമേ നിരവധി പ്രധാന അടിസ്ഥാന സൗകര്യ പദ്ധതികളുടെ തറക്കല്ലിടൽ ചടങ്ങുകളും പ്രധാനമന്ത്രി നിർവഹിക്കും. തിങ്കളാഴ്ചത്തെ മന്ത്രിസഭാ യോഗത്തിൽ അംഗീകാരം ലഭിച്ച താനെ ഇന്‍റഗ്രൽ റിംഗ് മെട്രൊ റെയിൽ പദ്ധതിയും പുതിയ താനെ മുനിസിപ്പൽ ആസ്ഥാനവും ഇതിൽ ഉൾപ്പെടുന്നു.