മുംബൈ: ബന്ധുക്കളെ കണ്ടെത്താനാകാത്തതിനെ തുടർന്ന് മലയാളിയുടെ മൃതദേഹം കെ.സി.സിന്റെ നേതൃത്വത്തിൽ സംസ്കരിച്ചു. മുംബൈയിലെ ന്യൂപൻവെൽ കാന്താ കോളനിയിലെ വിശാൽ ഹൌസിങ് സൊസൈറ്റിയിൽ മൂന്ന് വർഷമായി താമസിച്ചിരുന്ന മാത്യു തോമസിനെ (62) മാർച്ച് 30 ശനിയാഴ്ചഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു കണ്ണൂർ ഇരിട്ടി സ്വദേശിയായ മാത്യു ഇതിന് മുൻപ് ചെമ്പൂരിലായിരുന്നു താമസം എന്നാണ് വിവരം.
സുഹൃത്തായ അജിത് കുമാർ അറിയിച്ചതനുസരിച്ചാണ് കെ.സി.എസ് പ്രസിഡന്റ് സ്ഥലത്തെത്തി പൊലീസ് സ്റ്റേഷനിൽ വിവരമറിയിച്ചത്. തുടർന്ന് പൊലീസ് ഉദ്യോഗസ്ഥരെത്തി നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം സ്ഥലത്തെ സർക്കാർ ആശുപത്രിയിൽ എത്തിച്ച് പോസ്റ്റുമോർട്ടത്തിന് ശേഷം മോർച്ചറിയിൽ സൂക്ഷിക്കുകയായിരുന്നു.
പരേതന്റെ ആധാർ കാർഡിലെ വിലാസം കണ്ണുർ, ഇരിട്ടി പോലീസ് സ്റ്റേഷനിലും, മറ്റ് സംഘടനകളിലും, പള്ളികളിലും കൈമാറിയെങ്കിലും ബന്ധുക്കളെ കണ്ടെത്താനായില്ല. തുടർന്നാണ് പൊലീസ് ഉദ്യോഗസ്ഥരുടെ നിർദേശ പ്രകാരം നിയമ നടപടികൾ പൂർത്തിയാക്കി കേരളീയ കൾച്ചറൽ സൊസൈറ്റി മൃതദേഹം ഏറ്റെടുത്ത് പൻവേലിലെ അമർധാം ശ്മശാനത്തിൽ സംസ്കരിച്ചത്.
കെ.സി.എസ് സെക്രട്ടറി മുരളി കെ.നായർ, അംഗങ്ങളായ അനിൽകുമാർ, ടി.വി. രമേശ്, വിനോദ്, അജിത് കുമാർ, മനോജ് നായർ, രാജു, ജേക്കബ്, രാജീവൻ, വിജീഷ്, വിജയൻ, ജിനു, അരവിന്ദ്, കുര്യാക്കോസ്, മറ്റു സംഘടനാ പ്രവർത്തകർ, സുഹൃത്തുക്കൾ തുടങ്ങിയവരുടെയും പോലീസ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിലാണ് സംസ്കാര ചടങ്ങുകൾ പൂർത്തിയാക്കിയതെന്ന് കേരളീയ കൾച്ചറൽ സൊസൈറ്റി പ്രസിഡന്റ് മനോജ് കുമാർ എം.എസ് അറിയിച്ചു.