വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സംഘം ഉടൻ പിടിയിലാകുമെന്ന് പൊലീസ്  
Mumbai

വിദേശജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്; സംഘം ഉടൻ പിടിയിലാകുമെന്ന് പൊലീസ്

നവിമുംബൈ: വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽ നിന്ന് പണം തട്ടിയെടുത്ത സംഘത്തെ ഉടൻ പിടികൂടുമെന്ന് വാഷി പൊലീസ്. വിദേശ ജോലി വാഗ്ദാനം ചെയ്ത് ഏജൻസി വഴി രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്ന് 59 ഓളം പേർക്ക് വ്യാജ വർക്ക് പെർമിറ്റും ഒന്നിലധികം രാജ്യങ്ങളിലേക്കുള്ള ടിക്കറ്റും നൽകി കബളിപ്പിച്ച സംഘത്തെയാണ് വാഷി പോലീസ് തെരയുന്നത്. ഇരകൾക്ക് 63 ലക്ഷം രൂപ നഷ്ടമായി എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. വ്യാഴാഴ്ച ബിഹാർ സ്വദേശിയായ അൽദീപ്കുമാർ ജുലൻസിംഗ് സിംഗ് (35) ആണ് ആദ്യം പരാതി നൽകിയത്. വാഷിയിൽ ഏജൻസി നടത്തിയിരുന്ന ആറ് പേർക്കെതിരെയാണ് പരാതി നൽകിയത്.

മുഹമ്മദ്സാലി ജബ്ലി, ഇർഷാദ്, സാജിദ് ഖാൻ, വിജയ് കുമാർ, റൗഫ് അൻസാരി, അജയ് ചൗഹാൻ എന്നിവർ ചേർന്നാണ് അറ്റ്ലസ് ഗ്ലോബൽ മാൻപവർ എന്ന വ്യാജ സ്ഥാപനം നടത്തിയിരുന്നത്.

ദുബായിൽ വെൽഡറായി ജോലി ചെയ്തിരുന്ന സിംഗിന് 2020ൽ കൊവിഡ് 19 ബാധിച്ച് ജോലി നഷ്‌ടപ്പെടുകയും അന്നുമുതൽ ജോലി തേടുകയുമായിരുന്നു. 2023 സെപ്റ്റംബറിൽ, ജോലിക്കായി സിംഗ് ഏജൻസിയുമായി ബന്ധപ്പെട്ടു. 1.5 ലക്ഷം രൂപ നൽകിയാൽ വിദേശത്ത് ജോലി നൽകാമെന്നാണ് ഏജൻസി വാഗ്ദാനം ചെയ്തതിനെത്തുടർന്ന് പണം നൽകി.

പിന്നീട് കൂടുതൽ ആളുകളെ വിദേശത്ത് ജോലിക്ക് ആവശ്യമുണ്ടെന്നും ഏജൻസി അറിയിച്ചത് അനുസരിച്ച്, സിങ് തന്‍റെ 21 ഓളം ബന്ധുക്കളുമായി ബന്ധപ്പെടുകയും തന്നോടൊപ്പം ചേരാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഇവരിൽ 18 പേരെ കസാക്കിസ്ഥാനിലും മൂന്ന് പേരെ റഷ്യയിലും ജോലിക്കായി തിരഞ്ഞെടുത്തതായി ഏജൻസി അറിയിച്ചു.

അവർക്ക് ടിക്കറ്റ് നൽകുകയും ഡൽഹി വിമാനത്താവളത്തിലേക്ക് പോകാൻ ആവശ്യപ്പെടുകയും ചെയ്തു.പിന്നീടാണ് ഇവർ വ്യാജ ടിക്കറ്റും വർക്ക് പെർമിറ്റുമാണ് നൽകിയതെന്ന് തിരിച്ചറിഞ്ഞത്.

ആറ് പ്രതികൾക്കെതിരെ ഭാരതീയ ന്യായ് സൻഹിത (ബിഎൻഎസ്) സെക്ഷൻ 34, 420 എന്നിവ പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പുതിയ തേങ്ങയൊന്നും ഉടയ്ക്കാതെ പി.വി. അൻവർ

തിരുവനന്തപുരം എസ്എടി ആശുപത്രിയിൽ വൈദ്യുതി തടസം

രണ്ടു ദിവസം ഡ്രൈ ഡേ; മദ്യശാലകളിൽ തിങ്കളാഴ്ച തിരക്കേറും

ചീഫ് സെക്രട്ടറിമാർ പോലും ആർഎസ്എസുമായി ചർച്ച നടത്തി

പീഡനങ്ങൾ മൂടിവയ്ക്കരുത്: മാർപാപ്പ