സ്വന്തം ലേഖകൻ
മുംബൈ: മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസും എൻസിപി പവാർ പക്ഷവും ശിവസേനാ ഉദ്ധവ് വിഭാഗവും അടങ്ങുന്ന ഇന്ത്യാ സഖ്യത്തിന് വിജയം പ്രവചിച്ച് ലോക്‌പോൾ സർവേ ഫലം. ആകെ 288 സീറ്റുകളുള്ള സംസ്ഥാനത്ത് 141-154 സീറ്റുകൾ സഖ്യം നേടുമെന്നാണു പ്രവചനം. ബിജെപിയും എൻസിപി അജിത് പക്ഷവും ശിവസേനാ ഷിൻഡെ വിഭാഗവും അടങ്ങുന്ന എൻഡിഎ മുന്നണിക്ക് 115-128 സീറ്റുകൾ ലഭിച്ചേക്കും. മറ്റുള്ളവർക്ക് 5-18 സീറ്റും പ്രവചിക്കുന്നു.
ഇന്ത്യാ സഖ്യത്തിന് 41-44% വോട്ട് ലഭിക്കുമെന്നാണ് കണക്കാക്കുന്നത്. എൻഡിഎയ്ക്ക് 38-41%. മറ്റുള്ളവർ 15-18% വോട്ട് നേടും. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി കോൺഗ്രസ് മാറാനുള്ള സാഹചര്യം ഉണ്ടെങ്കിലും, താഴേത്തട്ടിൽ പ്രവർത്തനം സജീവമല്ലെന്നും സർവേ വിലയിരുത്തുന്നു.
സംസ്ഥാനം ഭരിക്കാനുള്ള കേവല ഭൂരിപക്ഷം തീർച്ചയായും എംവിഎ സഖ്യം നേടുമെന്ന് ഉറപ്പിച്ചു പറയുകയാണ് എഐസിസി ജോയിന്‍റ് സെക്രട്ടറി മാത്യു ആന്‍റണി. മഹാരാഷ്‌ട്രയിലെ ജനങ്ങൾ അഴിമതി കൊണ്ട് പൊറുതി മുട്ടിയെന്നും, അനിയന്ത്രിതമായ വിലക്കയറ്റത്തിലും സ്ത്രീകൾക്കും കുട്ടികൾക്കുമെതിരായ അതിക്രമങ്ങളിലും ജനങ്ങൾ വലഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതുകൊണ്ടൊക്കെ തന്നെ ജനങ്ങൾ തങ്ങളുടെ വോട്ടവകാശം സ്വതന്ത്രമായി ബുദ്ധിപൂർവം വിനിയോഗിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പാർട്ടി പിളർത്തപ്പെട്ടതിന്‍റെ പേരിൽ അനുകൂല സാഹചര്യം ഉണ്ടായിട്ടും ഉദ്ധവ് താക്കറെ വിഭാഗത്തിന് കാര്യമായ മുന്നേറ്റമുണ്ടാക്കാനായിട്ടില്ലെന്ന സൂചനയാണ് സർവേ നൽകുന്നത്. ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസിന്‍റെ ജനപ്രീതി കുറഞ്ഞെന്നും റിപ്പോർട്ടിലുണ്ട്.
പ്രകാശ് അംബേദ്കറുടെ വിബിഎ, ഉവൈസിയുടെ എഐഎംഐഎം പാർട്ടികൾ ഒട്ടേറെ മണ്ഡലങ്ങളിൽ ഫലം നിർണയിക്കുന്ന ശക്തിയാകും, നാഗ്പുർ ഉൾപ്പെടുന്ന വിദർഭ മേഖല യിലായിരിക്കും കോൺഗ്രസ് മികച്ച പ്രകടനം കാഴ്ചവയ്ക്കുക, താനെ- കൊങ്കൺ മേഖലയിൽ എൻഡിഎയ്ക്കായിരിക്കും നേട്ടം, പശ്ചിമ മഹാരാഷ്ട്ര, മറാഠ്‌വാഡ മേഖലയിൽ ഇന്ത്യാ സഖ്യം മുൻതൂക്കം നേടും, ഉത്തര മഹാരാഷ്ട്രയിൽ ഇരുമുന്നണികളും ഒപ്പത്തിനൊപ്പമാകുമെന്നും വിലയിരുത്തുന്നു.
കാർഷിക, ഗ്രാമീണ മേഖലകളിലെ പ്രതിസന്ധി, വിലക്കയറ്റം, ക്രമസമാനിലയിലെ തകർച്ച, പ്രധാനപദ്ധതികൾ ഗുജറാത്തിലേക്ക് കൊണ്ടുപോ കുന്നത് എന്നീ വിഷയങ്ങളിൽ ജന ങ്ങൾക്കു രോഷമുണ്ടെന്നും ജൂലൈ 20നും ഓഗസ്റ്റ് 30നും മധ്യേ ഒന്നരല ക്ഷത്തോളം പേർക്കിടെ നടത്തിയ സർ വേയുടെ ഫലമാണിതെന്നും ലോക്പോൾ അധികൃതർ പറഞ്ഞു.
ലോക്സഭാ തിരഞ്ഞെടുപ്പിൽ 48 ൽ 13 സീറ്റ് നേടിയ കോൺഗ്രസ് ആയിരു ന്നു ഏറ്റവും വലിയ ഒറ്റക്കക്ഷി.