#ഹണി വി ജി
കൊങ്കൻ പാതയിലെ ദീർഘദൂര ട്രെയ്നുകളിൽ മോഷണം പെരുകുന്നു. കഴിഞ്ഞ രണ്ട് ആഴ്ച്ചക്കിടെ രണ്ടോ മൂന്നോ വലിയ മോഷണങ്ങളാണ് കൊങ്കൻ പാതയിൽ നടന്നത്. മലയാളികളാണ് ഏറെയും ഇരയായത്. ട്രെയ്നുകളിൽ നാം സൂക്ഷിച്ചാൽ പോലും മോഷണത്തിനിരയാകുന്ന സാഹചര്യമാണ്. കഴിഞ്ഞ ആഴ്ച്ച നടന്ന വലിയ മോഷണത്തിന് ഇരയായത് പട്ടാമ്പി സ്വദേശികളായ അഹമ്മദാബാദിൽ സ്ഥിര താമസമാക്കിയ മലയാളി കുടുംബമാണ്.
സാമ്പത്തികമായി വളരെ ബുദ്ധിമുട്ടിലുള്ള ഈ കുടംബത്തിലെ 63 വയസ്സുള്ള അമ്മ ജീവിതത്തിൽ അധ്വാനിച്ച് ഉണ്ടാക്കിയ സ്വർണമാണ് അവർക്ക് നഷ്ടപ്പെട്ടത്. ഇത്തരം മോഷണങ്ങൾക്കെതിരെ നമ്മുടെ സമാജങ്ങൾ സംഘാടകർ, ഭാരവാഹികൾ ഒക്കെ പലപ്പോഴായി അധികൃതർക്ക് നിവേദനവും മറ്റും നൽകിയിരുന്നു. ഈയടുത്ത കാലത്ത് ഫെയ്മ പോലെയുള്ള സംഘടനകൾ അധികാരികളുടെ ശ്രദ്ധയിലേക്ക് ഇത്തരം കാര്യങ്ങൾ പലപ്പോഴായി കൊണ്ട് വന്നിരുന്നു. എന്നിട്ടും സുരക്ഷയുമായി ബന്ധപ്പെട്ട മാറ്റങ്ങളൊന്നും ഉണ്ടായിട്ടില്ല.
"കേരളത്തിലേക്ക് ട്രെയിൻ ഇല്ലെങ്കിലും കുഴപ്പമില്ല, ഏറ്റവും പ്രധാനമായും വേണ്ടത് സുരക്ഷയാണ്. പലപ്പോഴും ട്രെയിനുകളിൽ സുരക്ഷമില്ലായ്മ അനുഭവപ്പെട്ടിട്ടുണ്ട്. രാത്രി കാലങ്ങളിൽ ബാത്റൂമിൽ പോകാൻ പോലും പേടിയാണ്.
ലഗേജ് സീറ്റിനടിയിൽ വെച്ച് ബാത്റൂമിൽ പോകാൻ ഭയമാണ്. പിന്നെയുള്ള കാര്യം ചിലപ്പോൾ വാതിലിനടുത്തു ആരെങ്കിലും നിൽക്കുന്നുണ്ടാകും, ഇവർ കള്ളന്മാരാണോ, അല്ലെങ്കിൽ നമ്മളെ മറ്റേതെങ്കിലും വിധത്തിൽ അപായപെടുത്തുമോ എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്, ഇതിനെതിരെ ആർക്കും ഒരു പരാതിയില്ലേ?"പലപ്പോഴും കേരളത്തിലേക്ക് ട്രെയിനിൽ ഒറ്റയ്ക്ക് യാത്ര ചെയ്യേണ്ടി വരുന്ന താനെയിൽ താമസിക്കുന്ന ജയാ ബാലൻ ചോദിക്കുന്നു.
അതേസമയം 2015 ഇൽ ട്രെയിനുകളിലെ കവർച്ചകളെ പറ്റി മുംബൈയിലെ പത്ര പ്രവർത്തകനായ സുരേഷ് കുമാർ ടി സാമൂഹ്യ മാധ്യമത്തിൽ എഴുതിയ ഒരു കുറിപ്പാണ് ഇപ്പോൾ വീണ്ടും ചർച്ചാ വിഷയമായത്. താഴെ ആ കുറിപ്പ് കൊടുക്കുന്നു.
ഇന്ത്യന്‍ റെയില്‍വെ മോഷ്‌ടാക്കളുടെ വിഹാരരംഗമായി മാറിയിരിക്കുകയാണ്. കൊങ്കണ്‍ റൂട്ടിലോടുന്ന വണ്ടികളില്‍ ദിനംപ്രതി യാത്രക്കാര്‍ കൊള്ളയടിക്കപ്പെട്ടുകൊണ്ടിരിക്കുന്നു. മലയാളികളാണ് കൂടുതലും മോഷ്‌ടാക്കളുടെ കെണിയില്‍ പെടുന്നത്. ഭാരിച്ച തുക റിസര്‍വേഷന്‍ ഇനത്തില്‍ ഈടാക്കി യാതൊരു സുരക്ഷയും നല്കാതെ റെയില്‍വെ യാത്രക്കാരെ കൊള്ളയടിക്കാന്‍ കൂട്ടുനില്‍ക്കുകയാണ്. കൊങ്കണില്‍ യാത്ര ചെയ്യുമ്പോള്‍ ടിക്കറ്റ് പരിശോധകന്‍ പോലും കംപാര്‍ട്മെന്‍റില്‍ എത്താറില്ല. ഏതോ കംപാര്‍ട്മെന്‍റില്‍ ഉണ്ടെന്നു `പറയപ്പെടുന്ന' പോലീസിനെ യാത്രക്കാര്‍ ആരും കാണാറുമില്ല.
റെയില്‍വെയ്‌ക്ക് ചെയ്യാന്‍ കഴിയുന്ന ഒരു കാര്യമുണ്ട്. ഓരോ കംപാര്‍ട്മെന്‍റിലും രാത്രിയില്‍ ഓരോ പോലീസുകാരനെ തോക്കുസഹിതം കാവലിനിടുക. ഇത് റെയില്‍വെയ്‌ക്ക് ഭാരിച്ച ചെലവല്ലേ എന്നു തോന്നാം. എന്നാല്‍ യാത്രക്കാരില്‍ നിന്ന് ഓരോ ടിക്കറ്റിനും പത്തുരൂപ അധികം വാങ്ങിയാല്‍ ഈ പ്രശ്‌നം പരിഹരിക്കാവുന്നതേയുള്ളൂ. ഇപ്പോള്‍ തന്നെ റിസര്‍വേഷന്‍ ചാര്‍ജ്, സൂപ്പര്‍ ഫാസ്റ്റ് ചാര്‍ജ് എന്നൊക്കെ പറഞ്ഞ് പല ചാര്‍ജും ഈടാക്കുന്നുണ്ട്. അതിന്‍റെ കൂടെ പത്തുരൂപ കാവല്‍ ചാര്‍ജായി കൊടുക്കാന്‍ യാത്രക്കാര്‍ക്ക് സന്തോഷമേ കാണൂ. എല്ലാ കംപാര്‍ട്മെന്‍റിലും പോലീസ് വേണമെന്നു നിര്‍ബന്ധമാക്കിയാല്‍ അവര്‍ കാവലുണ്ടോ എന്ന് യാത്രക്കാര്‍ക്ക് നിരീക്ഷിച്ച് ഉറപ്പുവരുത്തുകയും ചെയ്യാം. ഇങ്ങനെ വരുമ്പോള്‍ കള്ളനും പോലീസും തമ്മിലുള്ള ഒത്തുകളിയുടെ ആപ്പീസു പൂട്ടുകയും ചെയ്യും.