മുംബൈ: ട്രാവൽ ബ്ലോഗറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ ആൻവി കാംദാർ (26) വെള്ളച്ചാട്ടത്തിൽ വീണു മരിച്ചു. മഹാരാഷ്ട്രയിലെ മാൻഗാവിലെ പ്രശസ്ത കുംഭ വെള്ളച്ചാട്ടത്തിഴന്‍റെ റീൽസ് ചിത്രീകരിക്കുന്നതിനിടെ ആൻവി 300 അടി താഴ്ചയുള്ള വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ചൊവാഴ്ച രാവിലെ 10.30 ഓടെയായിരുന്നു അപകടം. 7 സുഹൃത്തുക്കൾക്കൊപ്പമാണ് ആൻവി എത്തിയത്. റീൽസ് എടുക്കുന്നതിനിടെ ആൻവി കാൽവഴുതി വെള്ളച്ചാട്ടത്തിലേക്ക് വീഴുകയായിരുന്നു. ഒരു ചാർട്ടേഡ് അക്കൗണ്ടന്‍റു കൂടിയായിരുന്ന ആൻവി പ്രശസ്ത സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ആയിരുന്നു.
വെള്ളച്ചാട്ടത്തിനിടയിലെ വിള്ളലിനുള്ളിലേക്കാണ് ആൻവി വീണത്. അപകടം നടന്നയുടനെ പ്രദേശത്തേക്ക് രക്ഷാപ്രവർത്തകർ എത്തി. കോസ്റ്റ്ഗാർഡിന്‍റെ സഹായവും തേടി. ഇതിനിടെ പ്രദേശത്ത് പെയ്‌ത കനത്ത മഴ രക്ഷാപ്രവർത്തനത്തെ കാര്യമായി ബാധിച്ചു. 6 മണിക്കൂർ നീണ്ട രക്ഷാപ്രവർത്തനത്തിനൊടുവിൽ ആൻവിയെ പുറത്തെടുത്തു.
വീഴ്ചയിൽ ഗുരുതരമായി പരുക്കേറ്റ ആൻവിയെ മനഗോൺ സർക്കാർ ആശുപ്രതിയിൽ എത്തിച്ചെങ്കിലും വൈകാതെ മരിച്ചു. മൺസൂൺ ടൂറിസത്തിന്‍റെ ഭാഗമായി നിരവിധ ബ്ലോഗുകളും റീലുകളുമാണ് മുംബൈ സ്വദേശിനിയായ ആൻവി ചെയ്തിരുന്നത്. ഇതിന്‍റെ ഭാഗമായാണ് സഹ്യാദ്രി മലനിരകളിൽപ്പെട്ട കുംഭ വെള്ളച്ചാട്ടത്തിന്‍റെ ദൃശ്യങ്ങൾ എടുക്കാൻ ആൻവി എത്തിയത്. ആൻവിയുടെ മരണത്തോടെ മേഖലയിലേക്കുള്ള പ്രവേശനം ജില്ലാ ഭരണ കൂടം നിരോധിച്ചിട്ടുണ്ട്.